ഇന്ത്യയുടെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ ചരിത്രം അതിന്റെ ഹരിതാഭമായ വനദീപ്തിയുമായി ഇഴപ്പിരിഞ്ഞു കിടക്കുന്നു. കുരുമുളകിന്റെയുംഏലത്തിന്റേയും ഇഞ്ചിയുടെയും സുഗന്ധം തേടി വന്ന വിദേശികൾ BC 3000-ത്തിൽ തന്നെ ഇവിടെ കച്ചവടം തുടങ്ങിയിരുന്നു. ഈ കച്ചവടബന്ധങ്ങൾ 9-10 നൂറ്റാണ്ട് ആയപ്പോഴേക്കും കുരുമുളകും തേക്കും ആനക്കൊമ്പും കയറ്റുമതി ചെയ്തും മീൻവലകളും മൺപാത്രങ്ങളും സിൽക്കും മറ്റുൽപ്പന്നങ്ങളും ഇറക്കുമതി ചെയ്തും മലയാളനാട്ടിൽ വളർന്നു. 18-ആം നൂറ്റാണ്ട് വരെയുള്ള കാലയളവിൽ കേരളത്തിന്റെവനസമ്പത്ത് മൊത്തം ഭൂമിയുടെ മൂന്നിൽ ഒന്നായിരുന്നു. കേരള വനഭൂമിയുടെ ചരിത്രം തിരയാൻ കേരളം ഒരു സംസ്ഥാനമായി രൂപപ്പെടുന്നതിന് മുൻപുള്ള തിരുവിതാംകൂർ, കൊച്ചി, മലബാർ നാട്ടുരാജ്യങ്ങളുടെ കഥകളിലൂടെ കടന്നു പോകണം
തിരുവിതാംകൂർ വനസമ്പത്തിന്റെ കഥകൾ ചുരുളഴിയുന്നത് 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു. അക്കാലത്ത് പര്യവേഷകനായ Mr. Edyve തെക്കേ ഇന്ത്യയിൽ എത്തുകയും തേക്കിൻതടിയുടെ സാധ്യതകൾ ബ്രിട്ടീഷ് കപ്പൽ നിർമാണത്തിന് ഉപയോഗിക്കാമെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് 1816 കാലത്ത് ലെഫ്റ്റനൻറ് വാർഡ്, കോണർ എന്നിവർ തിരുവിതാംകൂർ കൊച്ചി പ്രദേശങ്ങളിലെ വനഭൂമിയെയും അതിന്റെ വിഭവങ്ങളെയും സൂക്ഷ്മമായി അടയാളപ്പെടുത്തി.
1820 കാലഘട്ടത്തിൽ തേക്കിൻ തടിക്കച്ചവടം വലിയ രീതിയിൽ പുരോഗമിക്കവേ ക്യാപ്റ്റൻ റോബെർട് ഡോണിന്റെചുമതലയിൽ ആലപ്പുഴയിൽ ഒരു തടി സംഭരണശാല ആരംഭിച്ചു. അമൂല്യമായ വനസമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി തിരുവിതാംകൂർ അതിന്റെ ആദ്യത്തെ വന- പരിപാലനോദ്യോഗസ്ഥനായി യു വി മൻറോയെ നിയമിച്ചു. ഇതോടെ വനങ്ങൾ ഭരണകൂടത്തിന്റെ സ്വത്തായി തീർച്ചപ്പെടുത്തുകയും അതിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. 1844-ഓടുകൂടി ഈട്ടി, ആഞ്ഞിലി തുടങ്ങിയ മരങ്ങളെ കൂടി ‘രാജകീയ മര’ങ്ങളുടെ പട്ടികയിൽപ്പെടുത്തിക്കൊണ്ട് അവയുടെ പ്രാധാന്യത്തെ കുറിച്ചുള്ള അവബോധം വളർത്തി.
19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ സമൃദ്ധമായ തേക്കിൻ തടികളിൽ ആകൃഷ്ടനായി ബ്രിട്ടീഷ് കപ്പൽ നിർമാണ വ്യവസായത്തിൽ അതിനുള്ള സാധ്യത തിരിച്ചറിഞ്ഞ് കച്ചവടക്കണ്ണുമായി മിസ്റ്റർ എഡ്വേ കേരളത്തിൽ എത്തി. അതേ തുടർന്ന് 1816-കളിൽ ലെഫ്റ്റനൻറ് വാർഡും കോണറും ചേർന്നു നടത്തിയ സർവേകളുടെ ഫലമായി തിരുവിതാംകൂർ സർവേ ഓർമ്മ (The Memoir of Travancore Survey) എന്ന പേരിൽ അക്കാലത്തെ വനവിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുസ്തകം രചിക്കപ്പെട്ടു.
1820-കളിൽ ആവട്ടെ ഗവേർമെന്റ് നേരിട്ട് തന്നെ ആലപ്പുഴയിൽ തുടങ്ങിയ സംഭരണകേന്ദ്രം വഴി തടിവ്യാപാരം നടത്തിപ്പോന്നു. വന-പരിപാലനോദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ റോബെർട്ഗോഡോൺ തന്നെ തേക്കും ഏലവും എല്ലാം കാടുകളിൽ നിന്ന് ശേഖരിക്കുകയും ബ്രിട്ടനിലേക്ക് കടത്തുകയും ചെയ്തു.
ആദ്യത്തെ വനപാലകനായ യു വി മൻറോയുടെ നിയമനം കേരളത്തിന്റെ വനചരിത്രത്തിൽ പ്രധാനപ്പെട്ടതാണ്. ഇക്കാലയളവിൽ വർഷം 1500 തടികൾ എന്ന കണക്കിൽ തേക്കിൻ തടിവെട്ടൽ പരിമിതപ്പെടുത്തിയിരുന്നു. 1844-ൽ ഈട്ടിയും ആഞ്ഞിലിയും റോയൽ മരങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തപ്പെടുകയും ഏലത്തിന്റേയും മെഴുകിന്റെയും ശേഖരണത്തിൽ ഗവേർണമെണ്ടിന് മേൽകൈ വരുകയും ചെയ്തു.
മൻറോയ്ക്ക് ശേഷം 1844-ൽ മിസ്റ്റർ വെസ്റ്റ്, 1864-ൽ മിസ്റ്റർ കുനോൾഫ് എന്നിവർ കൺസെർവേറ്റർമാരായി സ്ഥാനമേറ്റു. 1853 വരെയാകട്ടെ തേക്കിൻ തടി അമ്പലങ്ങൾ, പള്ളികൾ, ഇല്ലങ്ങൾ, കൊട്ടാരങ്ങൾ എന്നിവടങ്ങളിലേക്ക് സൗജന്യമായാണ് നല്കി പോന്നിരുന്നത്. 1864-ൽ ഡോക്ടർ ബ്രാണ്ടിസ് ഇന്ത്യയുടെ ഇൻസ്പെക്ടർ ജെനറൽ ഓഫ് ഫോറെസ്റ്റ് ആയി ചുമതലയേറ്റേടുത്തത്തിന്റെ ഭാഗമായി 1865-ൽ ആദ്യത്തെ ഫോറെസ്റ്റ് ആക്ട് നിലവിൽ വന്നു. ഈ നിയമപ്രകാരം ഇന്ത്യയിലെ ബ്രിട്ടീഷ് നിയമത്തിനു കീഴിൽ വരുന്ന എല്ലാ ദേശങ്ങളിലും കൂടുതൽ ശാസ്ത്രീയമായ വന പരിപാലന സംരക്ഷണ രീതികൾ നിലവിൽ വന്നു. മികച്ച വന പരിപാലകരെ പരിശീലിപ്പിക്കാനായി ഡെറാഡൂണിൽ 1878-ൽ ആദ്യത്തെ ഫോറെസ്റ്റ് സ്കൂൾ സ്ഥാപിതമായി. 1894-ൽ ഇന്ത്യയ്ക്കു ആദ്യത്തെ ദേശീയ വന നയം ഉണ്ടായി.
ജെ എസ് വെമേല മലയാറ്റൂർ അസിസ്റ്റൻറ് കൺസെർവേറ്റർ ആയി 1865-ൽ ചുമതലയേറ്റപ്പോൾ ആയില്യം തിരുന്നാൾ രാജാവിന്റെ അന്നത്തെ ദിവാൻ ആയിരുന്ന സർ ടി മാധവ റാവു തിരുവിതാംകൂറിൽ ഒരു തേക്കിൻത്തോട്ടം വെച്ചു പിടിപ്പിക്കാൻ തീരുമാനമെടുത്തു. മലയാറ്റൂരിന് അടുത്തുള്ള വെമ്പുറം ദ്വീപാണ് വിത്ത് മുളപ്പിക്കാനായി തിരഞ്ഞെടുത്തത്. എന്നാൽ ഈ പദ്ധതി പരാജയമായതിനെ തുടർന്ന് നിലമ്പൂർ തോട്ടത്തിലെ സർ തോമസിനെ കോണിയിലെ അസിസ്റ്റൻറ്കൺസർവേറ്റർ ആയി നിയമിച്ച് മറ്റൊരു തോട്ടത്തിന്റെ പണികൾ ആരംഭിച്ചു. അങ്ങനെ 1866-67 കാലം മുതൽ മലയാറ്റൂർ കോന്നി പ്രദേശങ്ങളിൽ തേക്കിൻ കൃഷി വ്യാപകമായി.
1887-ൽ നിലവിൽ വന്ന തിരുവിതാംകൂർ ആക്ടിന്റെ തുടർച്ചയെന്നവണ്ണം 1888-ൽ കോന്നിയെ ആദ്യത്തെ റിസേർവ് ഫോറെസ്റ്റ് ആയി പ്രഖ്യാപിച്ചു. 1889-ൽ കൂടുതൽ പ്രദേശങ്ങൾ ഇതിൽ കൂട്ടിച്ചേർത്തു.
തിരുവിതാംകൂർ വനമേഖലയുടെ ചരിത്രത്തിൽ തന്നെ പ്രധാന സ്ഥാനമുള്ള മിസ്റ്റർ ബോഡില്ലൻ 1891-ൽ കൺസെർവേറ്റർ ആയി ചുമതലയേറ്റു. വൻ തോതിലുള്ള തേക്കിൻ തോട്ടങ്ങളുടെ തുടക്കം 1892-ലെ അദ്ദേഹത്തിന്റെ ‘തിരുവിതാംകൂറിലെ കാടുകളുടെ വിവരം’ (‘ Report of the Forests of Travancore’) എന്ന ഗ്രന്ഥത്തിൽ കാണാം. തണ്ടിൽ നിന്ന് തേക്കിൻ തൈകൾ വളർത്തിയെടുക്കുന്ന പുതിയ രീതി കണ്ടെത്തിയതോടെ ഈ മേഖലയിൽ വലിയ വളർച്ച ഉണ്ടായി. Forest Trees of Travancore സംസ്ഥാനത്തിന്റെ സസ്യ സമ്പത്തിനെ കുറിച്ച് അറിവ് പകരുന്ന ഗ്രന്ഥമാണ്.
1893-ൽ ഫോറെസ്റ്റ് ആക്ട് പരിഷ്കരിക്കപ്പെട്ടു, 1894-ൽ പുതിയ നിയമം നിലവിൽ വന്നു. 1896-ൽ വനം വകുപ്പിൽ മാറ്റങ്ങൾ വരുകയും 1913-ഓടു കൂടി ഡിവിഷനുകളും റേഞ്ചുകളും ആയി തിരിക്കുകയും ചെയ്തു. 1906-ൽ വി കെ ഗോവിന്ദമേനോൻ തയ്യാറാക്കിയ റിപ്പോർട്ട് 1907-ൽ കൂപ്പുകൾ ആരംഭിക്കുകയും 1910-ഓടു കൂടി വലിയതോതിൽ പ്ലാൻറേഷനുകൾ വർദ്ധിക്കുകയും ചെയ്തു. തുടർന്ന് കോന്നിയിൽ ആരംഭിച്ച ടോങ്കിയ സിസ്റ്റം ഒരു പരാജയമായിരുന്നു പിന്നീടുള്ള ഗവേഷണങ്ങളിൽ അത് മണ്ണൊലിപ്പിനും മണ്ണിന്റെ വളക്കൂറ് നശിക്കുന്നതിനും കാരണമായതായി കണ്ടെത്തി.
1911-ലെ രാമ റാവുവിന്റെ “തിരുവിതാംകൂറിലെ പൂച്ചെടികൾ’ എന്ന പുസ്തകത്തിൽ കൂടുതൽ വന സമ്പത്തിനെകുറിച്ച് പറയുന്നുണ്ട്. 1923-ൽ തരിശുനിലങ്ങൾ പലതും 200 ഹെക്ടർ വരുന്ന ഭാഗങ്ങളാക്കി കാപ്പി തേയില തോട്ടങ്ങൾക്കായി വ്യക്തികൾക്കും കമ്പനികൾക്കും വീതിച്ചു നല്കി. തേക്ക്, ഈട്ടി, ചന്ദനം, കരിമരം തുടങ്ങിയവയിൽ ഗവേർണമെണ്ടിന് മാത്രമാണ് അവകാശം എന്ന് തീരുമാനമായി. 1930 കളിൽ ആണ് വന സംരക്ഷണത്തിന്റെ പ്രാധാന്യം വെളിവാകുന്നത്.
S.C.H. Robinson ആദ്യത്തെ ഗെയിം വാർഡെൻ ആയി നിയമിതനാവുകയും നെല്ലിക്കാമ്പട്ടി ഗെയിം സാങ്ജ്യൂറി യാഥാർഥ്യമാവുകയും ചെയ്തു. അതാണ് പിന്നീട് പെരിയാർ വൈൽഡ് ലൈഫ് സാങ്ജ്യൂറി ആയി മാറിയത്.
പുനലൂർ പേപ്പർ മിൽ പോലെ വന വിഭവങ്ങൾ ഉപയോഗിച്ചുള്ള വ്യവസായങ്ങൾക്കും ഗവേർണമെന്റ് നേതൃത്വം കൊടുത്തു, അവർക്കുള്ള അസംസ്കൃതവസ്തുക്കൾ നേരിട്ട് വില കുറച്ച് നല്കി. നടുവത്തുംമൂഴിയിൽ അക്കാലത്തൊരു ഫോറെസ്റ്റ് സ്കൂൾ സ്ഥാപിക്കുകയും പിന്നീടത് പൂട്ടി പോവുകയും ചെയ്തു. 1933-ൽ നാരായണ അയ്യങ്കാരും 1947-ൽ എൽ എ കൃഷ്ണ അയ്യരും ഫോറെസ്റ്റ് മാനുവലിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ തയ്യാറാക്കി.
തിരുവിതാംകൂറിൽ നിന്ന് വ്യത്യസ്തമായിരുന്നു കൊച്ചിയിലെ കാര്യങ്ങൾ, തുടക്കത്തിൽ വ്യക്തികൾക്ക് ലീസിനു നൽകിയ വനഭൂമികൾ പലതും ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരുന്നപ്പോൾ കൊച്ചിയില് ആദ്യത്തെ കൺസെർവേറ്റർ ആയി ജെ എ കൊളോഫിനെ 1835-ൽ നിയമിച്ചു. അദ്ദേഹം വനവിഭവങ്ങൾ ശേഖരിക്കുന്നതിന് പദ്ധതികൾ നടപ്പിലാക്കി.
1855 മുതൽ 1875 വരെയുള്ള കാലഘട്ടത്തിൽ വനഭൂമി വ്യാപകമായി നശിപ്പിക്കപ്പെട്ടത്തിന്റെ ഭാഗമായി 1905-ൽ കൊച്ചിൻ ഫോറെസ്റ്റ് ആക്ട് നിലവിൽ വന്നു. 1882-ലെ മദ്രാസ് ഫോറെസ്റ്റ് ആക്ടിനെ പിന്തുടർന്നു വന്ന ഈ നിയമം വനത്തെ സംരക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക എന്നതിൽ ഊന്നൽ നല്കി.
1901-1908 കാലഘട്ടത്തിൽ ഫോറെസ്റ്റ് ട്രാംവേ എന്ന ആശയം നടപ്പിലാക്കി. 1908-ൽ റേഞ്ച് സിസ്റ്റവും 1944-ൽ ഡിവിഷൻ സിസ്റ്റവും നടപ്പിലാക്കി.
തിരുവിതാംകൂർ കൊച്ചി എന്നിവിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ വനം ഒരു സ്വകാര്യ സ്വത്തായാണ് കണക്കാക്കിയിരുന്നത്. വന പരിപാലനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ മിസ്റ്റർ കനോലി 1880-ൽ തേക്കിൻ തോട്ടങ്ങൾ ഉണ്ടാക്കാൻ ആരംഭിച്ചു. അത് ലോകത്തിലെത്തന്നെ ആദ്യത്തെ തേക്ക് പ്ലാൻറേഷൻ എന്ന ആശയത്തിനു കാരണമായി.
1882-ൽ മദ്രാസ് ഫോറെസ്റ്റ് ആക്ടിന്റെ പിന്തുടർച്ച മലബാറിലും സംഭവിച്ചു. പ്രദേശത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങൾ റിസേർവ് ഫോറെസ്റ്റുകൾ ആയി മാറി. 1883 മുതൽ 1887 വരെയുള്ള വർഷങ്ങളിൽ കരിമ്പുഴ, അമരമ്പലം, സൈലൻറ്വാലീ, വാളയാർ ചേന്നത്ത് നായർ റിസേർവ് തുടങ്ങിയവ റിസേർവ് ഫോറെസ്റ്റുകളായി പ്രഖ്യാപിച്ചു. 1921-22 വർഷങ്ങളിൽ മാപ്പിള ലഹളയുടെ കാലത്ത് നിരവധി ഫോറെസ്റ്റ് ഉദ്യോഗസ്ഥർക്ക് അതിക്രമങ്ങൾ നേരിടേണ്ടി വന്നു. 1924-ലെ വെള്ളപ്പൊക്കം തോട്ടങ്ങളെ ബാധിച്ചു. തോട്ടങ്ങളിൽ നിന്ന് തടി കൊണ്ടുപോകാൻ നിലമ്പൂർ-ഷൊർണൂർ റയിൽവേ പാത 1927-ൽ നിലവിൽ വന്നു. 40 ഹെക്റ്ററിൽ കൂടുതൽ ഉള്ള സ്വകാര്യ വനങ്ങൾ ഗവൺമെന്റ് ഏറ്റെടുക്കുന്ന രീതിയിൽ 1961-ൽ കേരള ഫോറെസ്റ്റ് ആക്ട്, പ്രൈവറ്റ് ഫോറെസ്റ്റ് വെസ്റ്റിങ് ആന്റ് അസ്സൈൻമെന്റ് ആക്ട് എന്നിവ നടപ്പിലാക്കി.
കേരള വനം വകുപ്പിന്റെ ആരംഭവും വളർച്ചയും
കേരള വനം വകുപ്പിന്റെ വളർച്ച പതുക്കെയും ക്രമേണയും സംഭവിച്ചതാണ്. ദേശീയ വന നയങ്ങളും പഞ്ചവത്സര പദ്ധതികളും വന വിഭവങ്ങളുടെ വർദ്ധിച്ച ആവശ്യവും എല്ലാം ഇതിനെ സ്വാധീനിച്ചു.
തുടക്കത്തിൽ വനംവകുപ്പ് പിന്തുടർന്നത് കൊളോണിയൽ രീതികളായിരുന്നെങ്കിലും തുടർന്ന് 1972-ൽ മൊത്തം വനഭൂമിയെ സർക്കിളുകളായി തിരിച്ചു കൂടുതൽ കാര്യക്ഷമമായ പ്രവർത്തനം നടത്താനായി. 1982-ൽ സോഷ്യൽ ഫോറെസ്റ്ററി വിഭാഗം രൂപീകരിക്കപ്പെട്ടു. ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന സാമൂഹ്യവനവത്കരണ വിഭാഗം അസിസ്റ്റൻറ്കൺസർവേറ്റർ ഓഫ് ഫോറസ്റ്റിൻറെ നേതൃത്വത്തിൽ പ്രത്യേക ഡിവിഷനുകളോടെയാണ് രൂപീകരിച്ചിരിക്കുന്നത്. ഓരോ ഡിവിഷനും താലൂക്ക് തലത്തിൽ റേഞ്ച് ഓഫീസുകളുണ്ട്. ഇത് സാമൂഹ്യ പിന്തുണയ്ക്ക് ശക്തമായ പ്രാദേശിക സാന്നിധ്യം ഉറപ്പാക്കുന്നു. കാര്യക്ഷമമായ ഭരണത്തിനായി കേരളത്തെ മൂന്ന് സർക്കിളുകളായി തിരിച്ചിരിക്കുന്നു – കൊല്ലം, എറണാകുളം, കോഴിക്കോട്. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് നേതൃത്വം നൽകുന്ന ഓരോ സർക്കിളും, സംസ്ഥാനത്തുടനീളമുള്ള ഏകോപിതശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിരവധി ജില്ലാതല ഡിവിഷനുകളുടെ മേൽനോട്ടം വഹിക്കുന്നു.
വന്യജീവി വിഭാഗത്തിൻറെ രൂപീകരണം (1985):
ദേശീയ നിർദ്ദേശങ്ങൾക്കും വന്യജീവി സംരക്ഷണത്തിന് ഊന്നൽ നൽകിയും പ്രതികരണമായി, കേരള വനംവകുപ്പ് 1985-ൽ ഒരു സമർപ്പിത വന്യജീവി വിഭാഗം സ്ഥാപിച്ചു. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവരുടെ നേതൃത്വത്തിൽ ഈ സംരംഭം ലക്ഷ്യമിടുന്നത് താഴെ പറയുന്ന ഉദ്ദേശങ്ങൾക്കാണ്.
- സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ തുടങ്ങിയ സംരക്ഷിത പ്രദേശങ്ങളിൽ ശാസ്ത്രീയമായ മാനേജ്മെൻറ് രീതികൾ നടപ്പിലാക്കുക.
- സംസ്ഥാനത്തിൻറെ ഭൂവിസ്തൃതിയുടെ 10% എങ്കിലും വന്യജീവികളുടെയും ജൈവവൈവിധ്യസംരക്ഷണത്തിൻറെയും സംരക്ഷിത മേഖലകളായി നിലനിർത്തുക എന്ന ദേശീയ ലക്ഷ്യവുമായി യോജിപ്പിക്കുക.
കൂടാതെ, കാര്യക്ഷമതയും കവറേജും വർധിപ്പിക്കുന്നതിനായി, 1991-ൽ കോട്ടയത്തും കോഴിക്കോടും ആസ്ഥാനമായി വിജിലൻസ് ആൻഡ് ഇവാലുവേഷൻ സർക്കിളുകൾ സ്ഥാപിച്ചു. ഓരോ സർക്കിളിനും ഒരു കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് നേതൃത്വം നൽകി, നാല് ഫ്ലയിംഗ് സ്ക്വാഡ് ഡിവിഷനുകൾക്ക്മേൽനോട്ടം വഹിക്കുന്നു . ഇന്ന്, വിജിലൻസ് ആൻഡ് ഇവാലുവേഷൻ വിംഗ് അതിൻറെനിർണായക പങ്ക് തുടരുന്നു. എട്ട് ഫ്ലയിംഗ് സ്ക്വാഡ് ഡിവിഷനുകൾ സംസ്ഥാനത്തുടനീളം വ്യാപിച്ചുകിടക്കുന്നു. കേരളത്തിൻറെ വിലപ്പെട്ട വനസമ്പത്തിന് ഭീഷണിയാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും സജീവമായി പ്രവർത്തിക്കുന്നു.
ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോ (1979): വനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി സ്ഥാപിതമായ ഈ ബ്യൂറോ, സംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ ഇടപെടൽ പ്രോത്സാഹിപ്പിക്കുകയും വകുപ്പിൻറെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഫോറസ്റ്റ് വെറ്ററിനറി യൂണിറ്റ് (1979-80): ഈ യൂണിറ്റ് ക്യാമ്പുകളിലും റെസ്ക്യൂസെൻറുകളിലും വന്യജീവികളുടെ ആരോഗ്യം സംരക്ഷിക്കുകയും വെറ്റിനറി പരിചരണം നൽകുകയും അവയുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്നു.
മിനി ഫോറസ്റ്റ് സർവേ യൂണിറ്റ് (1982): പുതിയ വനാതിർത്തികൾ സർവേ ചെയ്യുക, പഴയ അതിരുകൾ പുനഃസ്ഥാപിക്കുക, സംരക്ഷിത വനങ്ങൾക്കുള്ളിലെ ജനവാസകേന്ദ്രങ്ങൾ മാപ്പിംഗ് ചെയ്യുക തുടങ്ങിയ നിർണായക ചുമതലകൾ ഈ യൂണിറ്റ് കൈകാര്യം ചെയ്യുന്നു.
ഫോറസ്റ്റ് സ്റ്റേഷൻ സംവിധാനം (1988): പോലീസ് സ്റ്റേഷനുകളുടെ മാതൃകയിലുള്ള ഈ നൂതന സംവിധാനം, കൂട്ടായ ശക്തി പ്രയോജനപ്പെടുത്തി വനസംരക്ഷണം വർദ്ധിപ്പിക്കുകയും വനം ജീവനക്കാർക്ക് മികച്ച സുരക്ഷ നൽകുകയും ചെയ്യുന്നു. നിലവിൽ, 125 ഫോറസ്റ്റ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാണ്. കൂടുതൽ വിപുലീകരിക്കാൻ പദ്ധതിയുണ്ട്.
പ്രത്യേക ഫോറസ്റ്റ് കോടതികൾ (1994): മഞ്ചേരി, പുനലൂർ, തൊടുപുഴ എന്നിവിടങ്ങളിൽ സ്ഥാപിതമായ ഈ കോടതികൾ വനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വിചാരണ വേഗത്തിലാക്കുകയും റെഗുലർ കോടതികളിലെ ദൈർഘ്യമേറിയ വ്യവഹാരങ്ങളുടെ പ്രശ്നം പരിഹരിക്കുകയും വനസംരക്ഷണ നിയമങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നത് ഉറപ്പാക്കുകയും ചെയ്യുന്നു.
പ്രധാന നാഴികക്കല്ലുകൾ
- 1956 ഫോറസ്റ്റ് ആസ്ഥാനത്ത് ഒരു വികസന സർക്കിൾ സ്ഥാപിച്ചു
- 1960 മൂന്നാം പഞ്ചവത്സര പദ്ധതിയിൽ തേക്ക്, യൂക്കാലിപ്റ്റസ് തോട്ടങ്ങൾക്കായി തൃശ്ശൂരിൽ അഞ്ച് ഡിവിഷനുകളുള്ള ഒരു വികസന സർക്കിൾ സ്ഥാപിച്ചു .
- 1961 കേരള ഫോറസ്റ്റ് ആക്ട് നിലവിൽ വന്നു
1962 കേരള ഫോറസ്റ്റ് സ്കൂൾ വാളയാറിൽ സ്ഥാപിതമായി - 1966 ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പുനരുജ്ജീവിപ്പിച്ചു.
- 1971 കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ്&അസൈൻമെൻറ്) നിയമം 1971 പ്രഖ്യാപിച്ചു
- 1972 വിജിലൻസ് ആൻഡ് ഇവാലുവേഷൻ വിഭാഗം സ്ഥാപിതമായി
- 1973 ഇന്ത്യൻ വന്യജീവി (സംരക്ഷണം) നിയമം 1972 സംസ്ഥാനം അംഗീകരിച്ചു
- 1975 കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷൻ സ്ഥാപിച്ചു
- 1975 കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സയൻസ് & ടെക്നോളജി വകുപ്പിന് കീഴിൽ സ്ഥാപിതമായി
- 1978 കോട്ടയം ആസ്ഥാനമാക്കി പ്രോജക്ട് ടൈഗർ സർക്കിൾ രൂപീകരിച്ചു
- 1980 വനം (സംരക്ഷണം) നിയമം 1980 പ്രഖ്യാപിച്ചു
- 1981 കോട്ടയം ആസ്ഥാനമാക്കി ഹൈറേഞ്ച് സർക്കിൾ രൂപീകരിച്ചു
- 1981 ഇൻഡസ്ട്രിയൽ പ്ലാൻറേഷൻ സർക്കിൾ നിർത്തലാക്കി
- 1981 അരിപ്പയിൽ ഫോറസ്റ്റ് സ്കൂൾ സ്ഥാപിച്ചു
- 1982 സോഷ്യൽ ഫോറസ്ട്രി വിഭാഗം രൂപീകരിച്ചു.
- 1984 സൈലൻറ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു
- 1985 ഇന്ത്യാ ഗവൺമെൻറിൽ പരിസ്ഥിതി & വന മന്ത്രാലയം (GOI) സ്ഥാപിച്ചു
- 1985 വന്യജീവി വിഭാഗം സ്ഥാപിതമായി
- 1986 കെഎഫ്ഡിയുടെ തലവനെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആയി നിയമിച്ചു
- 1988 ദേശീയ വനനയം പ്രഖ്യാപിച്ചു
- 1991 വനവൽക്കരണ പ്രവർത്തനങ്ങൾക്കായി കൺവീനർ സംവിധാനം നിലവിൽ വന്നു
1998 സംസ്ഥാന വനനയം – മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു - 1998 കേരള ഫോറസ്ട്രി പ്രോജക്ട് (ലോകബാങ്ക് എയ്ഡഡ്) ആരംഭിച്ചു
- 2000 കൊല്ലത്തും കോഴിക്കോട്ടുമായി റീജണൽ സി സി എഫ് നെ നിയമിച്ചു
- 2003 ഫോറസ്റ്റ് മാനേജ്മെൻറ് ഇൻഫർമേഷൻ സിസ്റ്റം വിഭാഗം സ്ഥാപിതമായി
- 2003 IHRD വിഭാഗം സ്ഥാപിതമായി