പ്രകൃതി സ്നേഹികൾക്ക് ഹൃദ്യമായ കാഴ്ചകളൊരുക്കി കോഴിക്കോട് വനം ഡിവിഷനിലെ താമരശ്ശേരി ഫോറസ്റ്റ് റേഞ്ചിലെ കാക്കവയലിൽ സ്ഥിതി ചെയ്യുന്ന മനോഹര ഇടമാണ് വനപർവ്വം ജൈവവൈവിധ്യഉദ്യാനം. കോഴിക്കോട് നിന്ന് 4 കിലോമീറ്റർ അകലെയുള്ള ഈ 112 ഏക്കർ ഭൂമി വൈവിധ്യമാർന്ന 2,300-ലധികം സസ്യജാലങ്ങളാൽ സമ്പന്നമാണ്. നിബിഡവനങ്ങളാലും ചെറുഅരുവികളാലും ചുറ്റപ്പെട്ട വനപർവം കേരളത്തിന്റെ സസ്യസമ്പത്തിനെ സംരക്ഷിച്ച് നിലനിർത്തുന്നു.
ഇവിടത്തെ പാത്തിപ്പാറ നദിക്ക് കുറുകെയുള്ള തടി തൂക്കുപാലവും താഴേക്ക് നോക്കിയാൽ കാണുന്ന മൽസ്യ വൈവിധ്യവും സഞ്ചാരികൾക്ക് മറക്കാനാകാത്ത അനുഭവങ്ങളാണ് സമ്മാനിയ്ക്കുക. പാർക്കിലെ ഏറ്റവും ആകർഷകമായ കാഴ്ചകളികളിലൊന്നാണ് ‘നക്ഷത്രവനം’. ജന്മനക്ഷത്രങ്ങൾക്ക് അനുസരിച്ചുള്ള മരങ്ങൾ നട്ടുപിടിപ്പിച്ചിരിക്കുന്ന ചെറുവനമാണ് ഇത്. പല ഇനങ്ങളിൽപെട്ട മുളകൾ നട്ടു വളർത്തിയ Bambusetum ആണ് മറ്റൊരു പ്രധാന കാഴ്ച. വൈവിധ്യമാർന്ന സസ്യങ്ങളുടെ പാരിസ്ഥിതികവും സാംസ്കാരികവുമായ പ്രാധാന്യം എടുത്തുകാണിക്കുന്നതാണ് ഈ ഉദ്യാനം.
വനപർവ്വം ജൈവവൈവിധ്യഉദ്യാനം ഒരു വിനോദസഞ്ചാരകേന്ദ്രം മാത്രമല്ല കേരളത്തിൻറെ സമ്പന്നമായ സസ്യജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട ചുവടുവെപ്പ് കൂടിയാണ്. സന്ദർശകർക്ക് പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ അവസരം നൽകുന്നതിനോടൊപ്പം പരിസ്ഥിതി അവബോധവും ആവാസവ്യവസ്ഥയുടെ അതിലോലമായ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിനെക്കുറിച്ചും അറിവ് വളർത്തുന്നതതിന് വനപർവം ഉദ്യാനം സഹായിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് www.keralaforestecotourism.com സന്ദർശിക്കുക