Kerala Forest Department

പരിസ്ഥിതി പുനഃസ്ഥാപനം

കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കം, വരൾച്ച, കനത്ത മഴ തുടങ്ങിയ ഇടയ്‌ക്കിടെ ഉണ്ടാകുന്ന നശീകരണ സ്വഭാവമുള്ള  സംഭവങ്ങൾ  വർത്തമാന കാലത്ത് വലിയൊരു ഭീഷണിയായി നമുക്ക് മുന്നിൽ ഉയർന്നുവന്നിരിക്കുന്നു.  ജീവൻ, സ്വത്ത്, കാർഷിക ഉൽപ്പാദനം, കേരളത്തിൻറെ സമ്പന്നമായ ജൈവവൈവിധ്യം എന്നിവയ്ക്ക് ഈ ദുരന്തങ്ങൾ വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.  സാഹചര്യത്തിന്റെ അടിയന്തിര സ്വഭാവം തിരിച്ചറിഞ്ഞ്  ‘ഇക്കോ റെസ്റ്റോറേഷൻ പോളിസി 2021’ എന്ന പേരിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ സമഗ്രമായ പാരിസ്ഥിതിക പുനരുദ്ധാരണ നയം കേരള സർക്കാർ മികവുറ്റ രീതിയിൽ ആവിഷ്കരിച്ചു അവതരിപ്പിച്ചു. ഇതിലൂടെ കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കപ്പെടുന്നതിനും പൗരന്മാർക്കും പ്രകൃതി വിഭവങ്ങൾക്കും സുസ്ഥിരമായ ഭാവി ഉറപ്പാക്കുന്നതിനുമുള്ള ഒരു മാർഗ്ഗരേഖയാണ് സമഗ്രമായ ഈ രേഖയിലൂടെ പ്രതിപാദിക്കുന്നത്.

ദ്രുതഗതിയിലുള്ള വ്യാവസായികവൽക്കരണത്തിൻറെയും (1950-1980) യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ വിദേശ ഏകവിള തോട്ടങ്ങളുടെ വരവും സംസ്ഥാനത്തിൻറെ മൊത്തത്തിലുള്ള വനാരോഗ്യത്തിൽ  വിനാശകരമായ രീതിയിൽ ആഘാതം ഏൽപിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളും  ഇക്കോറെസ്റ്ററേഷൻ പോളിസിയിൽ എടുത്തു പറയുന്നു.  ഓരോ പഞ്ചായത്തും മുനിസിപ്പാലിറ്റിയും കോർപ്പറേഷനും ‘കാർബൺ ന്യൂട്രൽ’ പദവി കൈവരിക്കുന്നതിന്റെ പ്രാധാന്യം  നയം ഊന്നിപ്പറയുന്നു.  കാർബൺ ബഹിർഗമനം കുറച്ചും സുസ്ഥിരമായ രീതികൾ പ്രോത്സാഹിപ്പിച്ചും  കൂടുതൽ പരിസ്ഥിതി സൗഹൃദ ഭാവിക്ക് വഴിയൊരുക്കി ഈ ലക്‌ഷ്യം കൈവരിക്കുന്നതിന്  കൂട്ടായ പരിശ്രമം ആവശ്യമാണ്. ഇതിനായി അടിയന്തര നടപടി ആവശ്യമാണെന്ന്  കേരള സർക്കാർ തിരിച്ചറിയുകയും നിർണായകമായ പരിസ്ഥിതി പുനരുദ്ധാരണ പദ്ധതികൾ നടപ്പിലാക്കുന്നതിന് ഉയർന്ന മുൻഗണന നൽകുകയും ചെയ്യുന്നു. സംസ്ഥാനം ഇപ്പോൾ അഭിമുഖീകരിക്കുന്ന വിവിധ പാരിസ്ഥിതിക വെല്ലുവിളികളെ  നേരിടാൻ ഈ പദ്ധതികൾ ലക്ഷ്യമിടുന്നുണ്ട്.

ഇക്കോറെസ്റ്ററേഷൻ പോളിസി 2021 -ന്റെ  പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

ഏകവിള തോട്ടങ്ങൾ നീക്കം ചെയ്യൽ: തദ്ദേശീയമല്ലാത്ത ഇത്തരം തോട്ടങ്ങൾ സുപ്രധാന വിഭവങ്ങളെ ഇല്ലാതാക്കുകയും പ്രകൃതിയിലെ ആവാസവ്യവസ്ഥയെ തകർക്കുകയും ചെയ്യുന്നു. തദ്ദേശീയ ഇനങ്ങളെ കൂടുതലായി പുനരവതരിപ്പിക്കുന്നതിനും ജൈവവൈവിധ്യം പരിപോഷിപ്പിക്കുന്നതിനും ആവാസവ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വഴിയൊരുക്കുന്നതിനുമായി ഏകവിള തോട്ടങ്ങൾ ക്രമേണ കുറച്ചു കൊണ്ട് വരുന്നതിന് നയം മുൻഗണന നൽകുന്നു.

തദ്ദേശീയ ജീവജാലങ്ങളുടെ സംരക്ഷണം: തദ്ദേശീയ സസ്യജന്തുജാലങ്ങളുടെ സംരക്ഷണത്തിനും അവയുടെ പുനഃസ്ഥാപനത്തിനും നയം മുൻഗണന നൽകുന്നു. ഇതിലൂടെ കേരളത്തിലെ ഭൂപ്രകൃതിയുടെ  പാരിസ്ഥിതിക സമഗ്രത ഉറപ്പാക്കുകയും അതിൽ തഴച്ചുവളരുന്ന തനതായ ജൈവവൈവിധ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

നൂതന സാങ്കേതിക വിദ്യകളുടെ വിന്യാസം: ഫോറസ്റ്റ് മാനേജ്‌മെൻറിൽ നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിന് നയം ഊന്നൽ നൽകുന്നു. സംരക്ഷണ ശ്രമങ്ങളിൽ കാര്യക്ഷമതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിനും ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനും വേണ്ടി നൂതന ഉപകരണങ്ങളും സാങ്കേതിക വിദ്യകളും നടപ്പിലാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

ചെറു വനങ്ങൾ സൃഷ്ടിക്കൽ: സംസ്ഥാനത്തുടനീളം ചെറു വനങ്ങൾ സൃഷ്ടിക്കുന്നത് മൊത്തത്തിലുള്ള വനവിസ്തൃതി വർദ്ധിപ്പിക്കാനും പാരിസ്ഥിതിക പ്രതിരോധം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന ഒരു സുപ്രധാന നടപടിയാണ്. നഗരങ്ങൾ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ ഇത്തരം  ചെറുവനങ്ങൾ സ്ഥാപിക്കുന്നതിലൂടെ  പാരിസ്ഥിതിക പുരോഗതിക്ക് ഗണ്യമായ സംഭാവന നൽകാൻ കഴിയുന്നു.

കേരളം മുന്നോട്ടു വെച്ച മികച്ച ആശയം എന്ന നിലയിൽ   ഇക്കോറെസ്റ്ററേഷൻ പോളിസി 2021 ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. കേരളത്തിൻ്റെ പാരിസ്ഥിതിക പുനരുദ്ധാരണത്തിനുള്ള സമഗ്രമായ മാർഗരേഖയായി ഇത് പ്രവർത്തിക്കുന്നു. കേവലം പുനഃസ്ഥാപനത്തിനപ്പുറം, വനവിഭവങ്ങളെ ആശ്രയിക്കുന്ന സമൂഹങ്ങളുടെ വൈവിധ്യമാർന്ന ഉപജീവന അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുജനപങ്കാളിത്തത്തിനും നയം ഊന്നൽ നൽകുന്നു. ഒപ്പം തന്നെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ പരിഹരിക്കാനും  പ്രകൃതിദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കാനും എല്ലാവർക്കും സുസ്ഥിരമായ വികസനം ഉറപ്പാക്കാനും ഈ സമഗ്ര സമീപനം ലക്ഷ്യമിടുന്നു.

Eco Restoration Policy 2021 (ഇംഗ്ലീഷ്)/ Eco Restoration Policy 2021 (മലയാളം) ഡൗൺലോഡ്

ചെയ്യാൻ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക

Scroll to Top