Kerala Forest Department

വംശനാശ ഭീഷണി നേരിടുന്ന ജീവിവംശങ്ങൾ

സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ അടുത്തിടെ നടത്തിയ ഒരു പഠനം കേരളത്തിന്റെ ജൈവവൈവിധ്യത്തെ കുറിച്ചുള്ള  ആശങ്കാജനകമായ ചിത്രം വരച്ചുകാട്ടുന്നു. 31 ഇനം സസ്തനികൾ, 20 ഇനം പക്ഷികൾ, 54  ഇനം  ഉരഗങ്ങൾ, 54  ഇനം തവളകൾ, 38 ഇനം തുമ്പികൾ,15 ഇനം ശുദ്ധജല ഞണ്ടുകൾ, 4 ഇനം കടുവ ചിലന്തികൾ തുടങ്ങിയ കേരളത്തിലെ നിരവധിയിനം ജന്തുജാലങ്ങൾ  വംശനാശഭീഷണി നേരിടുകയാണെന്ന് ഈ  പഠനം കണ്ടെത്തി. 35 ഇനം ശുദ്ധജല മത്സ്യങ്ങളും 3 ഷെൽഫിഷ് ഇനങ്ങളും ഈ പട്ടികയിൽ ഉണ്ട്. കേരളത്തിലെ ജല ആവാസവ്യവസ്ഥകൾ പോലും നിലവിൽ ഭീഷണിയിലാണ്. ചില സ്പീഷീസുകളുടെ സ്ഥിതി കൂടുതൽ ഗുരുതരമാണ്. 3 ഇനം സസ്തനികൾ, 7 ഇനം പക്ഷികൾ, 2 ഇനം ഉരഗങ്ങൾ, 3 ഇനം തവളകൾ, 9 ഇനം മത്സ്യങ്ങൾ, 5 ഇനം ചിത്രശലഭങ്ങൾ, 4 ഇനം ശുദ്ധജല സസ്യങ്ങൾ എന്നിവയെ ജൈവവൈവിധ്യ നിയമത്തിന്റെ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്താൻ കേരള ജൈവവൈവിധ്യ ബോർഡ് ശുപാർശ ചെയ്‌തിട്ടുണ്ട്.

വിദേശ വളർത്തുമൃഗങ്ങളോടുള്ള അഭിനിവേശം,  ഭക്ഷണത്തിനോ പരമ്പരാഗത വൈദ്യശാസ്ത്ര ആവശ്യങ്ങൾക്ക് വേണ്ടി വന്യജീവികളെ ചൂഷണം ചെയ്യൽ എന്നിവയൊക്കെ മൂലം  8 സസ്തനികൾ, 15 പക്ഷികൾ, 10 ഉരഗങ്ങൾ, 17 ശുദ്ധജല മത്സ്യങ്ങൾ എന്നിവ അപകടാവസ്ഥയിൽ ആയിട്ടുണ്ട്. അലങ്കാര വളർത്തുമൃഗങ്ങളുടെ വ്യാപാരം കാരണം ഏറെ പ്രശസ്തമായ അലങ്കാരമൽസ്യം ‘മിസ് കേരള’ വംശനാശത്തിന്റെ വക്കിലാണ്. അനധികൃത വന്യജീവി വ്യാപാരം മൂലം ഇരട്ടത്തല പാമ്പ്, ഈനാംപേച്ചി, വെള്ളിമൂങ്ങ, മരപ്പട്ടി, തത്തകൾ, നക്ഷത്ര ആമകൾ, പെരുമ്പാമ്പുകൾ, ഉടുമ്പ് എന്നിവയുൾപ്പെടെ നിരവധി ജന്തുജാലങ്ങൾ കൂടുതൽ അപകടത്തിലാകുകയും ചെയ്യുന്നു. അധിനിവേശ ജീവിവർഗങ്ങളുടെ കടന്നുകയറ്റവും അനിയന്ത്രിതമായ മത്സ്യബന്ധനവും  കേരളത്തിന്റെ ആവാസ വ്യവസ്ഥയുടെ സൂക്ഷ്മമായ സന്തുലിതാവസ്ഥയെ കൂടുതൽ അപകടസന്ധിയിലാക്കി.

കേരളത്തിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ചിലജീവജാലങ്ങൾ :

കാട്ടുപോത്ത്/കാട്ടി (Gaur) (Bos gaurus) : പലപ്പോഴും യഥാർത്ഥ കാട്ടുപോത്ത്  ആണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഇവ കാലി വർഗത്തിൽപ്പെട്ട ഒരു വലിയ മൃഗമാണ്. കൂറ്റൻ തലയും ഉറപ്പുള്ള കാലുകളും ഉള്ളിലേക്ക് വളഞ്ഞ  ശക്തമായ കൊമ്പുകളും ഇവയ്ക്കുണ്ട്.  തവിട്ടും കറുപ്പും കലർന്ന നിറവും ചെറിയ രോമങ്ങളും, കാലിന്റെ താഴ് ഭാഗങ്ങളിൽ വെളുത്ത അടയാളങ്ങളും മറ്റു പ്രത്യേകതയാണ്. കൂട്ടത്തിലെ  മൂതിർന്ന അംഗത്തിന്റെ  നേതൃത്വത്തിൽ ചെറിയ ഗ്രൂപ്പുകളായാണ്  ഇവ തുറസ്സായ സ്ഥലങ്ങളിൽ മേയുക. രാവിലെയും വൈകുന്നേരവും സജീവമായി മേയുന്ന ഇവർ, പകൽ ചൂടേറുമ്പോഴോ  അസ്വസ്ഥമാകുമ്പോഴോ വനങ്ങളിൽ അഭയം തേടുന്നു. മികച്ച ഘ്രാണ ശേഷി അപകടങ്ങൾ  ഒഴിവാക്കാൻ അവയെ സഹായിക്കുന്നു, മാത്രമല്ല അവയുടെ വലിപ്പവും വേട്ടക്കാരായ മൃഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു.

സിംഹവാലൻ  കുരങ്ങ്  (Macaca silenus):  പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന സിംഹവാലൻ കുരങ്ങിനെ അതിന്റ തിളങ്ങുന്ന കറുത്ത രോമങ്ങൾ, താടി, നീളൻ വാൽ എന്നിവയാൽ വേർതിരിച്ചറിയാനാകും. നാടൻ കുരങ്ങിന് സമാനമായി, ശക്തരായ ആൺ മൃഗങ്ങളുടെ നേതൃത്വത്തിലുള്ള സാമൂഹിക ഗ്രൂപ്പുകളായാണ് ഇവർ അധിവസിക്കുന്നത്. ലജ്ജാശീലരും ഒറ്റപ്പെട്ടവരുമായ ഈ മൃഗങ്ങൾ എസ്റ്റേറ്റുകൾക്കും തീരപ്രദേശങ്ങൾക്കും സമീപമുള്ള ഇടതൂർന്ന വനപ്രദേശങ്ങളാണ് ഇഷ്ടപ്പെടുന്നത്. ഇരുണ്ട രോമങ്ങളും രഹസ്യ സ്വഭാവവും മൂലം ഇവയെ അപൂർവമായേ കാണാനാകൂ. മാംസത്തിന്റെ ഔഷധമൂല്യം തിരിച്ചറിഞ്ഞുള്ള വേട്ടയാടലും ആവാസവ്യവസ്ഥയുടെ നഷ്ടവും അവയുടെ എണ്ണം കുറയുന്നതിന് കാരണമായി. ശേഷിക്കുന്ന സിംഹവാലൻ കുരങ്ങുകളെ മനുഷ്യവാസകേന്ദ്രങ്ങളിൽ നിന്ന് വളരെ അകലെയുള്ള വനത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ കാണാം.

ബ്രാഹ്മണകണ്ട/ പെരിയാർ ട്രൗട്ട് (Lepidopygopsis typus): ഈ ചെറുമത്സ്യം പെരിയാർ അരുവികളിൽ മാത്രം കാണപ്പെടുന്നതും മലിനീകരണവും മണ്ണൊലിപ്പും മൂലം ആവാസവ്യവസ്ഥ നഷ്ടപ്പെട്ട് വംശനാശഭീഷണികൾ നേരിടുന്നതുമാണ്.

ചൂരലാമ (Cochin Forest Cane Turtle) (Vijayachelys silvatica):  പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന, അധികം അറിയപ്പെടാത്ത ഈ കടലാമ, വളർത്തുമൃഗങ്ങളുടെ വ്യാപാരം, ആവാസവ്യവസ്ഥയുടെ നാശം, എന്നിവ കാരണം വംശനാശ ഭീഷണിയിലാണ്.

കടലാമ (Green Turtle) (Chelonia mydas):  ആഗോളതലത്തിൽ വംശനാശഭീഷണി നേരിടുന്ന കടലാമ, കേരളത്തിലെ കടൽത്തീരങ്ങളിൽ കൂടുകൂട്ടുന്നു. ചെമ്മീൻ ട്രോളിംഗ് വലകളിൽ കുടുങ്ങൽ, മുട്ട ശേഖരണം, ആവാസവ്യവസ്ഥയുടെ നഷ്ടം എന്നിവ അവരുടെ ഏറ്റവും വലിയഭീഷണികളിൽ ഉൾപ്പെടുന്നു.

മഞ്ഞക്കരയൻ പച്ചിലപ്പാറാൻ (Small Tree Frog) (Rhacophorus lateralis):  തെക്കൻ പശ്ചിമഘട്ടത്തിലെ ഒരു ചെറിയ പ്രദേശത്ത് മാത്രമായി കാണുന്ന ഈ തവള, കാടുകൾ കൃഷിഭൂമിയായി മാറുന്നതിനാൽ  നാശത്തിന്റെ ഭീഷണിയിലാണ്.

ഉടുമ്പ് (Bengal Monitor Lizard) (Varanus bengalensis): നിലവിൽ വംശനാശഭീഷണി നേരിടുന്നില്ലെങ്കിലും, പരമ്പരാഗത വൈദ്യത്തിൽ ഉപയോഗിക്കുന്ന തൊലി, മാംസം, കൊഴുപ്പ് എന്നിവയ്ക്കായി ഇവ ഇപ്പോഴും വേട്ടയാടപ്പെടുന്നു.

കല്ലൂന്തി/കല്ലൊട്ടി (Cardamon Garra (Garra hughi):  മലിനീകരണം, വർധിച്ച കീടനാശിനി ഉപയോഗം എന്നീ കാരണങ്ങളാലുള്ള ആവാസസവ്യസ്ഥാ ശോഷണം മൂലം ഇവയുടെ എണ്ണം ഗണ്യമായി കുറയുന്നു.

കുയിൽ/കറ്റി (Deccan Mahseer (Tor khudree): ആവാസവ്യവസ്ഥയിലെ മാറ്റം, മലിനീകരണം, മണൽ ഖനനം, അമിത മത്സ്യബന്ധനം, അധിനിവേശ മത്സ്യങ്ങൾ എന്നിവ ഈ വലിയ ശുദ്ധജല മത്സ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്നു.

Please click here to see the IUCN list of Endangered species

Scroll to Top