Kerala Forest Department

വിദ്യാവനം

വിദ്യാവനം (വിദ്യാഭ്യാസ വനങ്ങൾ)
കേരളത്തിലേതടക്കം ലോകത്താകമാനമുള്ള നഗരങ്ങളെല്ലാം അനുദിനം ദ്യുതഗതിയിലുള്ള വളർച്ചയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു.  ഇത് നമ്മുടെ പരിസ്ഥിതിയ്ക്ക് വരുത്തി വെയ്ക്കുന്ന ആഘാതം ചെറുതല്ല.  2050 ആകുമ്പോഴേക്കും ആഗോള ജനസംഖ്യയുടെ 70% നഗരവാസികൾ ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.  ഭൂമിയുടെ ആകെ വിസ്തൃതിയുടെ 3% പ്രദേശങ്ങൾ മാത്രമേ നഗരവൽക്കരിക്കപ്പെട്ടിട്ടുള്ളൂ എങ്കിലും കാലാവസ്ഥ വ്യതിയാനം, മലിനീകരണം പോലെയുള്ള സങ്കീർണ്ണമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ഇത് പ്രധാനഹേതുവായി മാറുന്നു.  ലോകത്തിന് ഭീഷണിയായ കാർബണിൽ 78% പുറന്തള്ളപ്പെടുന്നതും നമുക്ക് ലഭ്യമായ ജലത്തിന്റെ 60% ഉപയോഗിക്കുന്നതും നഗരങ്ങളിലാണ്.

നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഉണ്ടായിട്ടുള്ള നഗരവൽക്കണവും വലിയ വെല്ലുവിളികളേയാണ് അഭിമുഖീകരിയ്ക്കേണ്ടി വന്നിട്ടുള്ളത്. അനുദിനം കറുഞ്ഞുവരുന്ന സസ്യസമ്പത്തും നടപ്പാത നിർമ്മിച്ച പ്രദേശങ്ങൾ വർദ്ധിച്ചു വരുന്നതും തുറസ്സായ സ്ഥലങ്ങളുടെ ദൈർഘ്യം കുറയുന്നതും ‘ഹീറ്റ് ഐലന്റ് എഫക്ട്’ എന്ന, താപനിലക്രമേണ ഉയർന്നുവരുന്ന പ്രതിഭാസത്തിലേയ്ക്ക് നയിച്ചു.  നഗര, അർദ്ധ നഗര പ്രദേശങ്ങളിൽ `പച്ചപ്പിന്റെ ചെറുതുരുത്തുകൾ’ അഥവാ `നഗരവനങ്ങൾ` സൃഷ്ടിച്ചെടുക്കുന്നത് ഈ പ്രശ്നത്തിന് ഒരു മികച്ച പരിഹാരമാണ്.  ഈ ഹരിത ഇടങ്ങൾ വിനോദത്തിനും വിജ്ഞാനത്തിനുമുള്ള അവസരമൊരുക്കുന്നത് മുതൽ കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കുന്നതിനും ജൈവ വൈവിധ്യത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

നഗരങ്ങളിൽ ഒരാൾക്ക് അത്യാവശ്യം വേണ്ട ഏറ്റവും കുറഞ്ഞ `ഗ്രീൻ സ്പെയ്സ്’ എത്രയെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നുണ്ട്. എന്നാൽ കേരളത്തിലെ നഗര പ്രദേശങ്ങളിൽ ഇത് വളരെ കുറവാണ്.  കൂടുതൽ ഹരിത ഇടങ്ങൾ അടിയന്തിരമായി സൃഷ്ടിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയെ ഇത് സൂചിപ്പിയ്ക്കുന്നു.  നഗരങ്ങളിലൊരുക്കുന്ന വിവിധ വികസന പദ്ധതികളുമായി സംയോജിപ്പിച്ച് കൂടുതൽ ചെറുവനങ്ങൾ ഒരുക്കി ഈ അപര്യാപ്തതയെ മറികടക്കാനാകും.

കുട്ടികളെ പ്രകൃതിയുമായി ബന്ധിപ്പയ്ക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ കേരള വനം വകുപ്പ് 1980-ൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ഇതിനായി ഫോറസ്ട്രി ക്ലബ്ബുകൾ സ്ഥാപിച്ചു.  1000-ൽഅധികം ക്ലബ്ബുകൾ ഇതുവഴി സ്ഥാപിതമായി.  ‘മിഷൻ ഫോറസ്ട്രി ക്ലബ്ബ്’ എന്ന പേരിൽ പ്രവർത്തനം വീണ്ടും പുന:രുജ്ജീവിപ്പിച്ചുകൊണ്ട് കുടുതൽ സ്കുളുകളെ ഈ പദ്ധതിയിൽ പങ്കാളികളാക്കി ഇത് വിപുലപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തി വരുന്നു.

ഒരു ഇരട്ട സമീപന രീതിയാണ് ഈ ദൗത്യം സ്വീകരിച്ചുവരുന്നത്.  ഒന്നാമതായി, വിദ്യാർത്ഥികൾക്കിടയിൽ സജീവമായ ഇടപെടൽ നടത്താനും അവരിൽ പരിസ്ഥിതി അവബോധം സൃഷ്ടിച്ചെടുക്കാനും ഇത് ലക്ഷ്യമിടുന്നു.  കേരളത്തിലെ സ്കൂളുകളിലുടനീളമുള്ള ഫോറസ്ട്രി ക്ലബ്ബുകളുടെ ശൃംഖല വിപുലീകരിക്കുന്നതുവഴി വിദ്യാർത്ഥികൾക്ക് പാരിസ്ഥിതിക പ്രശ്നങ്ങളേക്കുറിച്ച് കൂടുതൽ പഠിക്കാനും  അതിൽ ക്രിയാത്മകമായി പങ്കെടുക്കാനും വഴിയൊരുങ്ങുന്നു.

രണ്ടാമതായി, സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും, `വിദ്യാവനം` സ്ഥാപിയ്ക്കാൻ മിഷൻ ഫോറസ്ട്രി ക്ലബ്ബ് നിർദ്ദേശിക്കുന്നു.  രണ്ട് പ്രധാന രീതികൾ അവലംബിച്ചുകൊണ്ടാണ് വനങ്ങളുടെ ചെറുപതിപ്പുകൾ ഇവിടെ ആവിഷ്ക്കരിക്കുന്നത്.  പരിമിതമായ സ്ഥലത്തിനുള്ളിൽ നിന്നുകൊണ്ട് പാരിസ്ഥിതിക നേട്ടങ്ങൾ പരമാവധി ലഭ്യമാകത്തക്കവിധം സമൃദ്ധിയായ വനങ്ങൾ വേഗത്തിൽ സൃഷ്ടിച്ചെടുക്കുന്നതിനായി മരങ്ങൾ, കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ എന്നിവ പല തട്ടുകളായി വളർത്തിയെടുക്കുന്ന രീതിയാണിത്.  കൂടാതെ ഇതിനായി ഈ പ്രദേശത്തെ തദ്ദേസീയ സസ്യങ്ങളെ ഉപയോഗിക്കുന്നതുകൊണ്ട് പ്രാദേശിക പരിസ്ഥിതിയുമായുള്ള പൊരുത്തപ്പെടൽ വളരെ വേഗത്തിലാക്കാനും ഒപ്പം പ്രാദേശിക ജൈവവിവിധ്യ സംരക്ഷണത്തെ പ്രോത്സാഹിപ്പിയ്ക്കാനും കഴിയുന്നു.

വിദ്യാവനത്തിന്റെ ലക്ഷ്യം രണ്ടാണ്.  വനങ്ങളുടെ പാരിസ്ഥിതികവും ജൈവപരവും വിനോദപരവുമായ മൂല്യങ്ങളേക്കുറിച്ച് ബോധവൽക്കരിക്കുന്ന ‘പുറത്തെ ക്ലാസ് മുറി’ കളായി ഈ ചെറുവനങ്ങൾ ഉപയോഗിക്കപ്പെടുക.  അതോടൊപ്പം പരിസ്ഥിതിയെക്കുറിച്ച് ആഴത്തിലുള്ള ധാരണയും മതിപ്പും വളർത്തി യുവമനസ്സുകളിൽ ഉത്തരവാദിത്വബോധം വളർത്തിയെടുക്കാനും  പരിസ്ഥിതി സംരക്ഷണ മനോഭാവും അവരിൽ സൃഷ്ടിച്ചെടുക്കാനും വിദ്യാവനത്തെ ഒരു കാരണമാക്കുക

വിദ്യാവനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ:-

സ്കൂൾ-കോളേജ് പരിസരങ്ങളിൽ തദ്ദേശിയ സസ്യങ്ങളെ കൂടുതലായി നട്ടുപിടിപ്പിച്ച് വനങ്ങളുടെ ചെറു പതിപ്പുകൾ അഥവാ ചെറുതുരുത്തുകൾ സൃഷ്ടിച്ചെടുക്കുക വഴി രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളിൽ വനത്തോടും  പ്രകൃതിയോടുമുള്ള സ്നേഹവും കരുതലും വളർത്തിയെടുക്കുക എന്നതാണ് ‘വിദ്യാവനം’ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ പ്രത്യേക ഉദ്ദേശ ലക്ഷ്യങ്ങൾ താഴെപ്പറയുന്നവയാണ് :-

  • സ്കൂൾ-കോളേജ് പരിസരങ്ങളിൽ വനങ്ങളുടെ ചെറു രൂപങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് വനങ്ങളെ അറിയാനും അനുഭവിയ്ക്കാനും ഉള്ള അവസരമൊരുക്കുക
  • വനങ്ങൾ വളർത്തിയെടുക്കുന്നതിന്റെ വിവിധഘട്ടങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അനുഭവ പരിചയം ഉണ്ടാക്കിയെടുക്കുക.
  • നഗരവൽക്കരണത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും ദൂഷ്യഫലങ്ങൾ കുറച്ചുകൊണ്ടുവരിക എന്ന ശ്രമത്തിന്റെ ഭാഗമായി സ്കൂൾ-കോളേജ് പരിസരങ്ങളിൽ മരങ്ങൾ കൂടുതലായി നട്ടു വളർത്തി ഹരിതാഭമാക്കുക.
  • തദ്ദേശീയ ജീവജാലങ്ങളുടെ പ്രസക്തി ജൈവവൈവിധ്യമൂല്യം, ആവാസവ്യവസ്ഥ നൽകുന്ന സേവനങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളിൽ വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കുക.
  • കാലവസ്ഥാവ്യതിയാനം ലഘൂകരിക്കുന്നതിലും ശുദ്ധവായു പ്രദാനം ചെയ്യുന്നതിലും വനങ്ങൾ നിർവ്വഹിച്ചുവരുന്ന പങ്കിനെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക.
  • കൂടുതൽ മരങ്ങൾ നട്ടുവളർത്തി സ്കൂൾ-കോളേജ് പരസരങ്ങളുടെ സൗന്ദര്യാത്മകമൂല്യം ഉയർത്തുക.

പ്രധാന രൂപകല്പനാതത്വങ്ങൾ (Design Principles)

വിദ്യവനം വികസിപ്പിയ്ക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട പ്രധാന രൂപ കല്പനാ തത്വങ്ങൾ താഴെപ്പറുയന്നവയാണ്.

  • സ്കൂൾ/കോളേജ് പരസിരങ്ങളിലെ ചെറിയ പ്ലോട്ടുകളിൽ വനങ്ങളുടെ ചെറുരൂപങ്ങളാണ് സൃഷ്ടിയ്ക്കേണ്ടത്.
  • തദ്ദേശീയമായ സസ്യഇനങ്ങളെ ആശ്രയിക്കുകയും വൈദേശിക അധിനിവേശ ഇനങ്ങളെ ഒഴിവാക്കുകയും ചെയ്യുക.
  • പ്രദേശത്തെ സ്വഭാവിക വനങ്ങളെ അനുകരിയ്ക്കാവുന്നതാണ്.
  • ഉയർന്ന സാന്ദ്രതയിൽ ഉയരമുള്ള തൈകൾ ഉപയോഗിച്ച് നടീൽ നടത്തുക
  • പലപാളികളിലുള്ള മേലാപ്പ് സൃഷ്ടിക്കുക.
  • തീവ്രമായ രീതിയിൽ പരിചരണ പ്രവർത്തനങ്ങൾ നടത്തുക
  • സ്വാഭാവിക വനങ്ങളായി വളരെ വേഗത്തിൽ വളർത്തിയെടുക്കുക
  • സ്ഥാപനത്തിനും, പരിപാലനത്തിനും കുറഞ്ഞ ചെലവ്
  • പൊതുജനപങ്കാളിത്തം ഉറപ്പാക്കുക
  • ഒരു പ്രത്യേക തീം അടിസ്ഥാനമാക്കിയുള്ള നടീൽ രീതി അവലംബിക്കുക.

പദ്ധതി നടപ്പാക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ടത്……

സ്കൂൾ-കോളേജ് പരിസരങ്ങളിൽ പ്രകൃതിദത്തമായ ചെറുവനങ്ങൾ സൃഷ്ടിക്കുക എന്നതാണ് വിദ്യാവനം പദ്ധതിയുടെ ലക്ഷ്യം. വിദ്യാർത്ഥികളുടെ പങ്കാളിത്തം ഇവിടെ നിർണ്ണായകമാണ്.  അതിനാൽ ഫോറസ്ട്രി ക്ലബ്ബുകൾക്ക് ഒരു പ്രധാന പങ്ക് നിർവ്വഹിയ്ക്കാനാകും.  ഈ ക്ലബ്ബുകളുമായി ഒരു ധാരണാപത്രം ഒപ്പിടുന്നത് വനങ്ങളുടെ ദീർഘകാല സംരക്ഷണവും പരിപാലനവും ഉറപ്പാക്കാൻ സഹായിക്കും.  നിർമ്മിച്ചു കഴിഞ്ഞാൽ ഈ വനങ്ങൾ വിദ്യാർത്ഥികൾക്ക് വിലയേറിയ `പുറത്തെ ക്ലാസ് മുറികൾ` (ഔട്ട് ഡോർ ക്ലാസ് മുറികൾ) ആയി ഇവ മാറുന്നു.

മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുന്നതിനായി ജൈവരീതികൾ പിൻതുടരണം. വൈദേശിയ ഇനങ്ങളെ കർശനമായി ഒഴിവാക്കേണ്ടതാണ്.  നാടൻ കുറ്റിച്ചെടികൾ, ഔഷധസസ്യങ്ങൾ, വള്ളിച്ചെടികൾ എന്നിവ പരമാവധി ഉപയോഗിക്കണം. പോളിത്തീൻ ബാഗുകൾ നിരുത്സാഹപ്പെടുത്തുകയും ജൈവനശീകരണ സാമഗ്രികളെ പ്രോത്സാഹിപ്പിക്കുകയും വേണം.

ഒരു വിദ്യാവനം ആരംഭിക്കുന്നതിന് മുൻപ്, മണ്ണിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിന് മണ്ണ് പരിശോധന നടത്തണം.  അതിലൂടെ അനയോജ്യമായ സസ്യഇനങ്ങളും ആവശ്യമായ സിൽവികൾച്ചർ രീതികളും എന്തൊക്കെയെന്ന് നിർണയിക്കാൻ ഈ വിവരങ്ങൾ സഹായിക്കുന്നു.

പ്രാരംഭ വർഷങ്ങളിൽ മണ്ണിൽ നനവ് അത്യവശ്യമാണ്.  ഓരോ സൈറ്റിന്റെയും തനതായ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് നിർദ്ദിഷ്ടരീതി തെരഞ്ഞെടുക്കേണ്ടത്.

ഒരോ വിദ്യാവനം പ്ലോട്ടിനും അത് നിലനിൽക്കുന്ന സ്ഥാപനം (സ്കൂൾ/കോളേജ്) ഒരു ജേർണൽ സൂക്ഷിക്കേണ്ടതാണ്.  ഒരോ ഘട്ടത്തിലും എടുത്തിട്ടുള്ള ഫോട്ടോഗ്രാഫുകളും മറ്റ് പ്രസക്തമായ വിവരങ്ങളും ഉൾപ്പെടെ ഏറ്റെടുത്ത എല്ലാ പ്രവർത്തനങ്ങളും ഈ ജേർണലിൽ രേഖപ്പെടുത്തണം. സ്ഥാപനങ്ങളിൽ ഈ ജേർണൽ എങ്ങനെ സൂക്ഷിയ്ക്കണം എന്നതിനേ സംബന്ധിച്ച് വനം വകുപ്പ് മാർഗ്ഗ നിർദ്ദേശം നൽകാവുന്നതാണ്.

 

വിദ്യാവനം മാതൃക സ്വന്തം സ്ഥാപനങ്ങളിൽ നടപ്പിലാക്കാൻ താൽപര്യമുള്ളവർക്ക് വനം വകുപ്പ് വലിയ പിന്തുണയാണ് വാഗ്‌ദാനം  ചെയ്യുന്നത്. തൈകൾ വളർത്തയെടുക്കുന്നതിനും, നടീൽ രീതികൾക്കുമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനൊപ്പം അവിടെ ഉപയോഗിക്കേണ്ട സസ്യ ഇനങ്ങളുടെ ലിസ്റ്റും കൂടി നൽകുന്നു. ഈ നടപടികൾ നടപ്പിലാക്കുമ്പോൾ പ്രകൃതിയുമായി കൂടുതൽ ആഴത്തിലുള്ള ബന്ധം, പാരിസ്ഥിതിക അവബോധം, സുസ്ഥിരമായ ഭാവി എന്നിവ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ വിദ്യാവനം പദ്ധതി വഴിവെയ്ക്കുന്നു.

Scroll to Top