പല വർഗങ്ങളിലുള്ള പുല്ലുകളും മറ്റുസസ്യങ്ങളും നിറഞ്ഞ തുറസ്സായ പ്രദേശങ്ങളെന്നതാണ് കേരളത്തിലെ പുൽമേടുകളുടെ സവിശേഷത. വിവിധ ജീവജാലങ്ങളും പാരിസ്ഥിതിക സന്തുലിതാവസ്ഥയും നിലനിർത്തുന്നതിൽ ഈ ആവാസവ്യവസ്ഥകൾ നിർണായകപങ്ക് വഹിക്കുന്നു. ഈ അതുല്യമായ ആവാസവ്യവസ്ഥയിലെ 1500 മീറ്ററിൽ കൂടുതൽ ഉയരത്തിൽ കാണപ്പെടുന്ന ഉയരമുള്ള പുല്ലുകളും വൈവിധ്യമാർന്ന കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശങ്ങളെ സാവന്ന കുറ്റിക്കാടുകൾ എന്ന് വിളിക്കുന്നു.
1800 മീറ്ററിൽ താഴെയാണെങ്കിൽ ഇടത്തരം ഉയരമുള്ള നിത്യഹരിതവനങ്ങൾക്കൊപ്പമാണ് ഈ പുൽമേടുകൾ കാണപ്പെടുന്നത്. ഇവിടങ്ങളിൽ കുള്ളൻ ഈന്തപ്പനകൾക്കൊപ്പം വെൻഡ്‌ലാൻഡിയ ത്രൈസോയിഡിയ, ടെർമിനാലിയ ചെബുല തുടങ്ങിയ മരങ്ങളും കാണപ്പെടുന്നു. 1.5 മീറ്റർ വരെ ഉയരത്തിൽ എത്തുന്ന പുല്ലുകൾ ഇവിടങ്ങളിൽ കാണാം. ആൻഡ്രോപോഗൺ ലിവിഡസ്, ക്രിസോപോഗൺ സെയ്‌ലാനിക്കസ് തുടങ്ങിയ ഇനങ്ങൾ അവയിൽ ചിലതാണ്. ഇടയ്ക്കിടെ കാട്ടുതീ പടരുന്നതോ മൃഗങ്ങൾ മേയുന്നതോ ആയ പ്രദേശങ്ങളിൽ സിംബോപോഗൺ ഫ്ലെക്സുവസ്, ഫേൺ ടെറിഡിയം തുടങ്ങിയ അത്ര ഗുണമില്ലാത്ത ഇനങ്ങൾ വളരുന്നു. പുല്ലുകൾ മാത്രമല്ല ക്രോട്ടലാരിയ, ഡെസ്‌മോഡിയം, ഹൈപ്പരിക്കം തുടങ്ങിയ സസ്യങ്ങളും ഇവിടെ സാധാരണമായി കണ്ടുവരുന്നു. കൂടാതെ മോണോകാർപി ക്കുറ്റിച്ചെടി, ഫ്ലെബോഫില്ലം കുന്തിയാനം എന്നിവയും വളരുന്നു.
1800 മീറ്ററിന് മുകളിലുള്ള പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ആനമല മേഖലയിലെല്ലാം തണുത്ത കാലാവസ്ഥ കാരണം പുൽമേടുകൾ പല മാറ്റങ്ങൾക്കും വിധേയമാകുന്നു. ശൈത്യകാലത്ത് താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയാകുമ്പോൾ പുൽമേടുകളുടെ സവിശേഷതകളിൽ മാറ്റം വരുന്നു. പുല്ലിൻറെ പാളികൾ 1 മീറ്ററിൽ താഴെ ചെറുതായി തീരുകയും ആൻഡ്രോപോഗൺ ഫൗൾകെസി, ക്രിസോപോഗൺ ഓറിയൻറാലിസ് തുടങ്ങിയവ കൂടുതൽ വളരുകയും ചെയ്യുന്നു. ബെർബെറീ സ്റ്റിംക്ടോറിയ, ഗൗലത്തെറിയ ഫ്രാൻഗ്രാന്റീസിമ പോലെയുള്ള കുറ്റിച്ചെടികളും റഹോഡോ ഡെൻഡ്രോണ് അർബോറയം പോലെയുള്ള മരങ്ങളും പുൽമേടിന്റെ മാറ്റ് കൂട്ടുന്നു.
ഈ അതുല്യമായ ആവാസവ്യവസ്ഥ പുല്ലുകൾക്കൊപ്പം വൈവിധ്യമാർന്ന സസ്യസഹജീവികൾക്കും വളരാനുള്ള ഇടമാകുന്നു. പുല്ലുകൾ, കുറ്റിച്ചെടികൾ, ഔഷധസസ്യങ്ങൾ എന്നിവ വളരുന്ന കേരളത്തിലെ ഉയർന്ന പ്രദേശങ്ങളിലെ പുൽമേടുകൾ ആവാസ വ്യവസ്ഥയുടെ വൈവിധ്യങ്ങളെ നിലനിർത്തുന്നതിൽ വനങ്ങളോളം തന്നെ പങ്ക് വഹിക്കുന്നു.