Kerala Forest Department

കണ്ടൽക്കാടുകൾ

കണ്ടൽക്കാടുകൾ : പ്രകൃതിയുടെകാവൽക്കാർ

തീരപ്രദേശങ്ങളിൽ  കരയ്ക്കും വെള്ളത്തിനുമിടയിൽ വളരുന്ന അതിലോലമായ പച്ചപ്പാണ്  കേരളത്തിലെ കണ്ടൽക്കാടുകൾ. അവയുടെ പിണഞ്ഞു കൂടികിടക്കുന്ന വേരുകളും ഉപ്പുവെള്ളത്തിലെ വളർച്ചയും സമുദ്രജീവികളുടെ ആവാസവ്യവസ്ഥകളായി മാറുന്നു. എണ്ണമറ്റ ജീവജാലങ്ങൾക്ക് അഭയവും ഉപജീവനവും നൽകുന്നു. ലോകമെമ്പാടുമുള്ള തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന സവിശേഷമായ ആവാസവ്യവസ്ഥയാണ്  കണ്ടൽക്കാടുകൾ. കരയ്ക്കും കടലിനുമിടയിലുള്ള ഉപ്പുവെള്ളത്തിലാണ് ഈ പ്രത്യേക തണ്ണീർത്തടവനങ്ങൾ തഴച്ചുവളരുന്നത്.  ഈ ആവാസവ്യവസ്ഥകളുടെ വൈവിധ്യമാർന്ന ഒരു നിര കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.

അന്തർലീനമായ ജൈവവൈവിധ്യത്തിനപ്പുറം പ്രകൃതിയുടെ സ്വാഭാവിക പ്രതിരോധസംവിധാനമായി കണ്ടൽക്കാടുകൾ പ്രവർത്തിക്കുന്നു.  ചുഴലികാറ്റിനെയും വിനാശകരമായ തിരമാലകളെയും പ്രതിരോധിക്കാൻ കെല്പുള്ള അവയുടെ ഇടതൂർന്നവേരുകൾ തീരപ്രദേശങ്ങളുടെ സുസ്ഥിരത നിലനിർത്തുന്നു. മാത്രമല്ല കടൽജലം അരിച്ചെടുത്ത്‌ ഉൾനാടൻ  ജലസ്രോതസ്സുകളുടെ ഗുണനിലവാരം ഉയർത്തുന്നു. കൂടാതെ,  ഉണങ്ങിയ കണ്ടൽകാടുകൾ പ്രദേശവാസികൾക്ക് വിറകിൻറെ സുസ്ഥിരസ്രോതസ്സായി മാറുകയും ചെയ്യുന്നു.

സംസ്ഥാനത്തുടനീളം കണ്ടൽക്കാടുകൾ  വ്യാപകമായി കാണപ്പെടുന്നില്ല. എങ്കിലും കേരളത്തിലെ കണ്ടൽക്കാടുകളിൽ സമൃദ്ധമായ സസ്യ-ജന്തുജാലങ്ങളുണ്ട്.  പ്രധാനമായും അഴിമുഖങ്ങൾ, തടാകങ്ങൾ, കായലുകൾ, അരുവികൾ എന്നിവയുടെ മുകൾ പ്രദേശങ്ങളിലാണ്  ഈ ആവാസവ്യവസ്ഥ സ്ഥിതിചെയ്യുന്നത്. ഇത് വിവിധ ജീവജാലങ്ങൾക്ക്  നിർണായകമായ ആവാസവ്യവസ്ഥ പ്രദാനം ചെയ്യുന്നു. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് എന്നിവയൊഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും കണ്ടൽക്കാടുകൾ വളരുന്നുണ്ട്. എങ്കിലും അവ കൂടുതലായി കാണപ്പെടുന്നത്  കണ്ണൂർ ജില്ലയിലാണ്. കേരളത്തിലെ കണ്ടൽക്കാടുകളുടെ ആകെ വിസ്തീർണ്ണം 50 ചതുരശ്ര കിലോമീറ്ററിൽ താഴെ മാത്രമാണെന്ന്  കണക്കാക്കപ്പെടുന്നു. 7.55 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ  കണ്ണൂർ ജില്ലയിലാണ്  സംസ്ഥാനത്തെ ഏറ്റവും വലിയകണ്ടൽക്കാടുകൾ സംരക്ഷിക്കുന്നത്.

പാരിസ്ഥികമായ വലിയ മൂല്യമുള്ളപ്പോഴും കേരളത്തിലെ കണ്ടൽക്കാടുകൾ നിരവധി ഭീഷണികൾ നേരിടുന്നു. നഗരവൽക്കരണത്തിനായുള്ള ഭൂമിനികത്തൽ, സുസ്ഥിരമല്ലാത്ത അക്വാകൾച്ചർ രീതികൾ, ഇന്ധനത്തിനും കാലിത്തീറ്റയ്ക്കും വേണ്ടിയുള്ള മരങ്ങൾ വെട്ടിമാറ്റൽ, അവ്യക്തമായ ഭൂവുടമാവകാശം, വിവിധ ഭൂവിനിയോഗരീതികൾ എന്നിവയെല്ലാം ഈ സുപ്രധാന ആവാസവ്യവസ്ഥയുടെ തകർച്ചയ്ക്ക്  കാരണമാകുന്നു.

ഈ സുപ്രധാന ആവാസവ്യവസ്ഥകളെ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടത്  കേരളത്തിൻറെ തീരപ്രദേശങ്ങളുടെ നിലനിൽപിനും സമീപവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അത്യന്താപേക്ഷിതമാണ്.

പുറംകാഴ്ചയിൽ സാധാരണ സസ്യസമൂഹമെന്നു തോന്നുമെങ്കിലും കേരളത്തിൻറെ സൂക്ഷ്മമായ പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിൽ കണ്ടൽക്കാടുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. തീരദേശ സമൂഹങ്ങളുടെ ജീവിതത്തിൽ കണ്ടൽക്കാടുകൾ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. ദേശാടനപക്ഷികൾക്ക് അവ സുരക്ഷിതമായ ഒരു സങ്കേതമായി വർത്തിക്കുന്നു. നിരവധി മത്സ്യങ്ങളുടെയും കൊഞ്ചുകളുടെയും പ്രജനനകേന്ദ്രമായും, പ്രകൃതിദത്ത ഫിൽട്ടറുകളായും പ്രവർത്തിക്കുന്നു. മാത്രമല്ല മലിനീകരണം നിയന്ത്രിക്കാനും മണ്ണൊലിപ്പ് തടയാനും കണ്ടൽക്കാടുകൾ സഹായിക്കുന്നു. കൂടാതെ, വിവിധ പ്രാദേശികസമൂഹങ്ങൾ വിറക്, കാലിത്തീറ്റ തുടങ്ങിയ വിഭവങ്ങൾക്കായി കണ്ടൽക്കാടുകളെ ആശ്രയിച്ച്‌ വരുന്നുണ്ട്.

കേരളത്തിലെ കണ്ടൽക്കാടുകളുടെ സമ്പന്നമായ ഭൂപ്രകൃതി വിവിധതരം സസ്യജാലങ്ങളാൽ നെയ്തെടുത്തതാണ്. അകാന്തസ് ഇല്ലിസിഫോളിയസ്, അവിസെനിയ അഫിസിനാലിസ്, റൈസോഫോറ അപിക്കുലേറ്റ, സോണറേഷ്യാ കേസോലറിസ് എന്നിവ അതിൽ വളരുന്നവയിൽ ചില ഉദാഹരണങ്ങൾ മാത്രമാണ്. നിർഭാഗ്യവശാൽ, അസിമടെ ട്രാകാന്ത, സെറിയോപ്‌ സ്ടാഗൽ തുടങ്ങിയ നിരവധി ജീവിവർഗ്ഗങ്ങൾ കേരളതീരത്ത്  നിന്ന് അപ്രത്യക്ഷമായി.   കലമസ്  റൊട്ടാങ്, സിസിജിയം ട്രാവൻകോറിക്കം എന്നിവ വംശനാശഭീഷണി നേരിടുന്നുമുണ്ട്.  നിർഭാഗ്യവശാൽ, ദ്രുതഗതിയിലുള്ള തീരദേശവികസനംമൂലം കേരളത്തിലെ കണ്ടൽ വനങ്ങൾ കാര്യമായ ഭീഷണി നേരിടുന്നു. കഴിഞ്ഞ 50 വർഷമായി, മനുഷ്യരുടെ കടന്നു കയറ്റം കണ്ടൽക്കാടുകളുടെ ആവരണത്തിൽ ഗണ്യമായ കുറവുണ്ടാക്കി. ഭൂമിയുടെ വിലക്കയറ്റവും ജനസംഖ്യാസമ്മർദവും ഈ ചതുപ്പുനിലങ്ങളെ  കൃഷി, മത്സ്യക്കൃഷി പദ്ധതികൾക്കായി പരിവർത്തനം ചെയ്യാൻ പ്രേരിപ്പിച്ച ഘടകങ്ങളാണ്. അപര്യാപ്തമായ നിയന്ത്രണങ്ങളും നിലവിലെ  നിയന്ത്രണങ്ങൾ കാര്യക്ഷമമാക്കുന്നതിലെ പരിമിതികളും കണ്ടൽക്കാടുകളുടെ വംശനാശത്തിനിടയാക്കുന്നു.

സ്ഥിതിഗതികളുടെ ഗൗരവം തിരിച്ചറിഞ്ഞ്, കേരളത്തിലെ അവശേഷിക്കുന്ന കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ കേരള വനം വകുപ്പും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും സജീവമായി പ്രവർത്തിക്കേണ്ട സമയം ആസന്നമായിരിക്കുന്നു. ഈ സുപ്രധാന ആവാസവ്യവസ്ഥകളെ സംരക്ഷിക്കേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച്     സ്വകാര്യഭൂവുടമകളിലും പ്രാദേശികസമൂഹങ്ങളിലും അവബോധം വളർത്തുന്നത് അവശേഷിക്കുന്ന കണ്ടല്കാടുകളുടെ സംരക്ഷണം ഉറപ്പാക്കാം.

Scroll to Top