കേരളം തണ്ണീർത്തടങ്ങളാൽ സമ്പന്നമാണ്. സംസ്ഥാനത്തിൻറെ ഭൂവിസ്തൃതിയുടെ അഞ്ചിലൊന്ന് ഭാഗവും വൈവിധ്യങ്ങളുടെ കലവറയായ ഈ തണ്ണീർത്തടങ്ങളാണ്. ചതുപ്പുനിലങ്ങൾ, വെള്ളക്കെട്ടുകൾ, കായലുകളോട് ചേർന്ന നെൽപ്പാടങ്ങൾ, തടാകങ്ങൾ, കണ്ടൽകാടുകൾ എന്നിവയെല്ലാം ഈ സമ്പന്നതയ്ക്ക് സംഭാവന നൽകുന്നു. വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട തടാകങ്ങൾ എന്നിങ്ങനെ അന്തർദേശീയ- ദേശീയ പ്രാധാന്യമുള്ള നിരവധി തണ്ണീർത്തടങ്ങൾ കേരളത്തിലുണ്ട്.
അവശ്യസാധനങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്നതിലൂടെ ഈ തണ്ണീർത്തട ആവാസവ്യവസ്ഥകൾ എണ്ണമറ്റ ജീവജാലങ്ങൾക്ക് ആശ്രയമാണ്. എന്നാൽ ദ്രുതഗതിയിലുള്ള നഗരവൽക്കരണം ഈ തണ്ണീർത്തടങ്ങളുടെ സ്വാഭാവിക പരിതസ്ഥിതിയെ വിഘടിപ്പിക്കുകയും സസ്യങ്ങളെ നശിപ്പിക്കുകയും ചെയ്തു. മലിനീകരണം, യൂട്രോഫിക്കേഷൻ (അമിതമായ പോഷകഅളവ്), കയ്യേറ്റം, വികസനത്തിനായുള്ള നികത്തൽ, ഖനനം, ജൈവവൈവിധ്യങ്ങളുടെ നശീകരണം എന്നിവയാണ് ഈ ആവാസവ്യവസ്ഥ നേരിടുന്ന പ്രാഥമിക ഭീഷണികൾ.
ഈ സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് സുസ്ഥിരമായ തണ്ണീർത്തടപരിപാലനം ഉറപ്പാക്കുന്നതിനായി നിരവധി പദ്ധതികൾ സർക്കാർ മുൻകൈയെടുത്ത് ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതിവകുപ്പിന് കീഴിൽ സ്ഥാപിതമായ സംസ്ഥാന തണ്ണീർത്തട അതോറിറ്റി കേരള (SWAK) ആണ് തണ്ണീർത്തട പരിപാലനത്തിന് മേൽനോട്ടം വഹിക്കുന്നത്. നയവികസനം, റെഗുലേറ്ററി ഫ്രെയിംവർക്സ്, സംയോജിത മാനേജ്മെൻറ്, ശേഷിവർദ്ധിപ്പിക്കൽ, ഗവേഷണം, അവബോധം എന്നിവയിൽ SWAK ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ മൂല്യവത്തായ ആവാസവ്യവസ്ഥകളുടെ സുസ്ഥിരമായ ഉപയോഗവും സംരക്ഷണവും ഉറപ്പാക്കാൻ വിവിധ ഏജൻസികളുമായി SWAK സഹകരിക്കുന്നു.കൂടാതെ വേമ്പനാട്, ശാസ്താംകോട്ട, അഷ്ടമുടി തുടങ്ങിയ പ്രധാന തടാകങ്ങളുടെ പരിപാലന പദ്ധതി കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെൻറ് (KSCSTE) വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിരീക്ഷണത്തിലും സംരക്ഷണ പ്രവർത്തനങ്ങളിലും എൻജിഒകളുടെ സജീവമായ ഇടപെടൽ ഉണ്ട്. സംസ്ഥാനത്തുടനീളമുള്ള പ്രതിബദ്ധതയുള്ള സംഘടനകൾ ബോധവൽക്കരണത്തിലും തണ്ണീർത്തട സംരക്ഷണത്തിനായി ശബ്ദമുയർത്തുകയും ചെയ്യുന്നു.
കേരളത്തിന്റെ ഭൂവിസ്തൃതിയുടെ അഞ്ചിലൊന്ന് ഭാഗങ്ങളിൽ 200-ലധികം തണ്ണീർത്തടപ്രദേശങ്ങളുണ്ട്. സംസ്ഥാനത്തുള്ള 44 നദികളിൽ മൂന്നെണ്ണം കിഴക്കോട്ടും ബാക്കിയുള്ളവ പടിഞ്ഞാറോട്ടുമാണ് ഒഴുകുന്നത്. ഇവയിൽ ഭാരതപ്പുഴക്കും പെരിയാറിനും 200 കിലോമീറ്ററിലധികം നീളവും വലിയ വൃഷ്ടിപ്രദേശങ്ങളുമുണ്ട്. കുറച്ചുകാലം മുൻപ് വരെ തദ്ദേശ്ശഭരണസ്ഥാപനങ്ങൾ ഭരണപരമായ പദ്ധതികൾ രൂപപ്പെടുത്തുമ്പോൾ അതിരുകളിലെ നീർത്തടങ്ങളെ പരിഗണിച്ചിരുന്നില്ല. ഇത് അവയുടെ ശോഷണത്തിനു കാരണമായി. എന്നാൽ ഏതെങ്കിലും പദ്ധതിയുടെ ആശയം രൂപപ്പെടുത്തുമ്പോൾ നീർത്തടങ്ങളെ കൂടെ കണക്കിലെടുക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്.
നദികളോടൊപ്പം തന്നെ അണക്കെട്ടുകൾ, ജലസംഭരണികൾ, പാലങ്ങൾ എന്നിവയും കേരളത്തിലെ ജലസേചനം, ഗതാഗതം, വിനോദസഞ്ചാരം എന്നിവയിൽ നിർണായകപങ്ക് വഹിക്കുന്നു. നദികളിൽ നിന്ന് ലഭിക്കുന്ന മറ്റൊരു പ്രധാനനേട്ടമാണ് ജലവൈദ്യുതി. ചാലക്കുടി, പെരിയാർ തുടങ്ങിയ നദികളിലെ ജലം ജലസേചനത്തിനായി പങ്കിടുന്നതിനുള്ള കരാറുകൾ തമിഴ്‌നാടുമായി നിലനിൽക്കുന്നുണ്ട്. പല ചെറിയ ജലസംഭരണികളും നഗരങ്ങളുടെ കുടിവെള്ളസ്രോതസ്സുകളായും പ്രവർത്തിക്കുന്നു.
പൂക്കോട്, ശാസ്താംകോട്ട, വെള്ളായണി എന്നിങ്ങനെ പരിമിതമായ ഉൾനാടൻ തടാകങ്ങളെ കേരളത്തിലുള്ളൂ. കല്ലടയാറിൻറെ കൈവഴിയായ ശാസ്താംകോട്ടതടാകം കൊല്ലം നഗരത്തിന് കുടിവെള്ളം നൽകുന്നു. അതിൻറെ ജലനിരപ്പ് കുറഞ്ഞുവരുന്നത് ഭാവിയിലെ ജലക്ഷാമത്തെക്കുറിച്ച് ആശങ്ക ഉയർത്തുന്നുണ്ട്. മുല്ലപ്പെരിയാർ, ഇടുക്കി തുടങ്ങിയ വലിയ അണക്കെട്ടുകൾ പെരിയാർ നദിയിലെ ജലത്തിൻറെ ഭൂരിഭാഗവും ഉപയോഗിക്കുന്നു. ഇടുക്കിയിൽ ജലവൈദ്യുതി ഉൽപ്പാദിപ്പിക്കുകയും അവിടെനിന്നുവെള്ളം മൂവാറ്റുപുഴയാറിലേക്ക് തുറന്നുവിടുകയും ചെയ്യുന്നു. അണക്കെട്ടുകളില്ലാത്ത കേരളത്തിലെ ഏക നദിയായി ഇത്തിക്കര നദി വേറിട്ടുനിൽക്കുന്നു.
ജലസേചനകനാലുകളോട് ബന്ധപ്പെട്ടോ ആരാധനാലയങ്ങളോട് ചേർന്നോ വീട്ടുപറമ്പുകളിലോ ആയി നിരവധി കുളങ്ങൾ കേരളത്തിലുണ്ട്. വേനലിൽ ജലസേചനത്തിനായി താഴ്വരകളിൽ പ്രത്യേകതരം കുളങ്ങളിൽ വെള്ളം ശേഖരിക്കുന്നു. ശരിയായ ജലവിഭവമാനേജ്മെൻറിന് എല്ലാ കുളങ്ങളുടെയും ടാങ്കുകളുടെയും സമഗ്രമായ ഒരു വിവരപ്പട്ടിക നിർണായകമാണ്. ഉപയോഗശൂന്യമായ ക്വാറികൾ കുളങ്ങളായി മാറി മത്സ്യകൃഷി ഉൾപ്പെടെ വിവിധ ഉപയോഗങ്ങൾ കൈവരുന്നു.
പഴയകാലം മുതലേ സംസ്ഥാനത്തുടനീളം ഗതാഗതത്തിനായി ഉപയോഗിച്ചിരുന്ന കനാലുകളുടെ ശൃംഖല നിലവിൽ ഉപയോഗശൂന്യമായി കിടക്കുന്നു. റോഡ്, റെയിൽ, വിമാനമാർഗങ്ങളിലുള്ള യാത്രസംവിധാനങ്ങളുടെ വളർച്ചയാണ് കാരണം. അവ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കേരളത്തിൻറെ ജലസ്രോതസ്സുകളെ ഫലപ്രദമായി മനസ്സിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും അവയുടെ സങ്കീർണ്ണതയും പരസ്പരബന്ധവും മനസ്സിലാക്കേണ്ടതുണ്ട്. ജലസേചനം, വൈദ്യുതിഉൽപ്പാദനം, ഗതാഗതം, പാരിസ്ഥിതികആരോഗ്യം, പ്രാദേശികസമൂഹങ്ങളുടെ ഉപജീവനം എന്നിവയുടെ ആവശ്യങ്ങൾ സന്തുലിതമാക്കുന്നത് ഒരുവെല്ലുവിളിയായി ഇപ്പോഴും തുടരവെ ഇവയുടെ സുസ്ഥിരമായ മാനേജ്മെൻറ് ഉറപ്പാക്കാൻ സർക്കാർ ഏജൻസികൾ, എൻജിഒകൾ, പ്രാദേശിക കമ്മ്യൂണിറ്റികൾ എന്നിവ തമ്മിലുള്ള സഹകരിച്ചുള്ള ശ്രമങ്ങൾ അത്യാവശ്യമാണ്.