Kerala Forest Department

കമ്മ്യൂണിറ്റി റിസർവുകൾ

2002-ലെ വന്യജീവി (സംരക്ഷണം) ഭേദഗതി നിയമത്തിന് കീഴിൽ സ്ഥാപിതമായ സംരക്ഷിതമേഖലകളാണ് ഇന്ത്യയിലെ കമ്മ്യൂണിറ്റി റിസർവുകൾ.  സ്വകാര്യഭൂമികൾക്കും കമ്മ്യൂണിറ്റി ഭൂമികൾക്കും നിലവിലുള്ള ദേശീയപാർക്കുകൾ, വന്യജീവിസങ്കേതങ്ങൾ, സംരക്ഷിതവനങ്ങൾ എന്നിവക്കും ഇടയിൽ ബഫർ സോണുകൾ, കണക്ടറുകൾ, മൈഗ്രേഷൻ ഇടനാഴികൾ ഒക്കെയായി ഈ റിസർവുകൾ പ്രവർത്തിക്കുന്നു.

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് എന്ന ബഹുമതി കടലുണ്ടി-വള്ളിക്കുന്ന്   കമ്മ്യൂണിറ്റി റിസർവിനാണ് (കെവിസിആർ). മലബാർ മേഖലയിൽ സ്ഥിതിചെയ്യുന്ന ഇത് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വ്യാപിച്ചു  കിടക്കുന്നു.  അതാത് ഗ്രാമപഞ്ചായത്തുകൾ സഹകരിച്ചാണ് ഇതിന്റെ മാനേജ്മെന്റ് കൈകാര്യംചെയ്യുന്നത്. 21.22 ഹെക്ടറിലുള്ള നിയുക്ത റിസർവ്  ഫോറസ്റ്റ്  പ്രദേശം ഉൾപ്പെടെ 153.84 ഹെക്ടർ പ്രദേശമാണ്  റിസർവിന്റെ വിസ്തൃതി.  ഇടതൂർന്ന കണ്ടൽക്കാടുകൾ, ചെളിനിറഞ്ഞ പ്രദേശങ്ങൾ, അഞ്ചു    ദ്വീപുകൾ (കമ്പനിതുരുത്ത്, ചെറുതുരുത്ത്, സീപീതുരുത്ത്, ബാലതുരുത്ത്, മണ്ണാൻതുരുത്ത്) എന്നിവയുൾപ്പെടെയുള്ള അതിപ്രധാനമായ ഒരു തണ്ണീർത്തട ആവാസവ്യവസ്ഥയെ ഈ കമ്മ്യൂണിറ്റി നിയന്ത്രിത റിസർവ്   സംരക്ഷിക്കുന്നു.

2002-ലെ വന്യജീവി (സംരക്ഷണം) ഭേദഗതി നിയമത്തിലെ വകുപ്പ് 36 സി (1) നിലവിലുള്ള സംരക്ഷിത പ്രദേശങ്ങൾക്ക്  പുറത്തുള്ള സ്വകാര്യഭൂമി അല്ലെങ്കിൽ കമ്മ്യൂണിറ്റി ഭൂമി കമ്മ്യൂണിറ്റി റിസർവായി പ്രഖ്യാപിക്കാൻ സംസ്ഥാനസർക്കാരിന് അധികാരം നൽകുന്നു. നിയുക്തപ്രദേശത്തിനുള്ളിലെ വന്യജീവിസമ്പത്ത്, അതിൻറെ ആവാസവ്യവസ്ഥ, പരമ്പരാഗതമോ സാംസ്കാരികമോ ആയ സംരക്ഷണമൂല്യങ്ങൾ,  സമ്പ്രദായങ്ങൾ എന്നിവ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ സമൂഹത്തിൻറെയോ വ്യക്തികളുടെയോ സ്വമേധയാ ഉള്ള പങ്കാളിത്തത്തോടെയാണ് ഈ പ്രഖ്യാപനം സംഭവിക്കുന്നത്.

കടലുണ്ടി-വള്ളിക്കുന്ന്  സമ്പന്നമായ ജൈവവൈവിധ്യത്തോടുകൂടിയ കമ്മ്യൂണിറ്റി റിസർവാണ്. സ്ഥിരതാമസക്കാരും ദേശാടനജീവികളും ഉൾപ്പെടെ വൈവിധ്യമാർന്ന പക്ഷിമൃഗാദികൾക്കും ഇവിടം പാർപ്പിടവും കൂടുണ്ടാക്കുന്നസ്ഥലവും നൽകുന്നു. ഇഴജന്തുക്കളും ഞണ്ടുകളും പോലെയുള്ള അകശേരുക്കൾ ജീവിക്കുന്ന ചെളിപ്രദേശം പക്ഷികൾക്ക്   സമൃദ്ധമായ തീറ്റ കണ്ടെത്താനുള്ള സ്ഥലമാണ്. കൂടാതെ,  മത്സ്യങ്ങൾക്കും അകശേരുക്കൾക്കും മുട്ടയിടുന്നതിനുമുള്ള നഴ്സറി ഗ്രൗണ്ടായി ഈ തണ്ണീർത്തട ആവാസവ്യവസ്ഥ പ്രവർത്തിക്കുന്നു. തീരദേശ മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തുന്നവർക്കും ഈ പ്രദേശം വളരെയധികം സഹായകരമാണ്. കെവിസിആറിൻറെ വടക്കേ അതിർത്തി കടലുണ്ടി പഞ്ചായത്തും തെക്കേ അതിർത്തി വള്ളിക്കുന്ന് പഞ്ചായത്തുമാണ്.  കിഴക്കേ അതിർത്തിയിൽ കോട്ടക്കടവ്  പാലവും പടിഞ്ഞാറൻ  അതിർത്തിയിൽ  അറബിക്കടലുമാണ്.

കെവിസിആറിൻറെ മാനേജ്മെന്റ് പ്ലാനിൽ പക്ഷികൾക്കപ്പുറം വൈവിധ്യമാർന്ന ജീവജാലങ്ങളെയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 38 ഇനം ചിത്രശലഭങ്ങൾ, 7 ഇനം തവളകൾ, 23 ഇനം ഉരഗങ്ങൾ, 15 ഇനം സസ്തനികൾ എന്നിവ ഉൾപ്പെടുന്നു. 326 ഇനം സസ്യങ്ങളുള്ളതിൽ  168 എണ്ണം ഔഷധസസ്യങ്ങളാണ്.  ആരോഗ്യകരവും സന്തുലിതവുമായ ആവാസവ്യവസ്ഥ നിലനിർത്തുന്നതിൽ കെവിസിആറിൻറെ നിർണായക പങ്കിനെ എടുത്തുകാണിക്കുന്നതാണ് ഈ  ജൈവവൈവിധ്യം. കടലുണ്ടി, വള്ളിക്കുന്ന്  ഗ്രാമപഞ്ചായത്തുകൾ സംയുക്തമായാണ്  കെവിസിആർ കൈകാര്യം ചെയ്യുന്നത്. മത്സ്യബന്ധനം, മുത്തുച്ചിപ്പിശേഖരണം, കക്കവളർത്തൽ എന്നിവ റിസർവിനുള്ളിൽ താമസിക്കുന്ന പ്രാദേശിക സമൂഹങ്ങളുടെ പരമ്പരാഗത ഉപജീവനമാർഗങ്ങളാണ്. ഒരു സുസ്ഥിര വരുമാനമാർഗ്ഗമായി ഇക്കോടൂറിസവും ഉയർന്നുവന്നിട്ടുണ്ട്.

കടലുണ്ടി അഴിമുഖത്തിൻറെ പാരിസ്ഥിതിക പ്രാധാന്യമാണ് അതിനെ കമ്മ്യൂണിറ്റി റിസർവ് ആയി പ്രഖ്യാപിക്കാൻ കാരണമായത്. ഇന്ത്യൻ ബേർഡ്  കൺസർവേഷൻ നെറ്റ്‌വർക്ക് (ഐബിസിഎൻ) കെവിസിആറിനെ ഒരു പ്രധാന പക്ഷിസങ്കേതമായി അംഗീകരിച്ചിട്ടുമുണ്ട്.

 

Scroll to Top