Kerala Forest Department

ജനസംഖ്യാശാസ്ത്രം

ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന കേരളം ഒരു സവിശേഷമായ ജനവിഭാഗത്തെ ഉൾക്കൊള്ളുന്നു. 2024- ലെ കണക്കുകൾ അനുസരിച്ച് കേരളത്തിന്റെ ജനസംഖ്യാ 35.9 ദശലക്ഷമാണ്. ഇക്കാര്യത്തിൽ ഇന്ത്യയിൽ ഇരുപത്തിമൂന്നാമത്തെ സ്ഥാനമാണ് കേരളത്തിനുള്ളത്. വടക്ക് കർണാടക, കിഴക്കും തെക്കും തമിഴ്നാട്, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാൽ കേരളം അതിർത്തി പങ്കിടുന്നു. മനോഹരമായ പച്ചപ്പും കായലുകളും തടാകങ്ങളും മലനിരകളും കേരളത്തെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാക്കി മാറ്റുന്നു.

“കേരളം” എന്ന ഈ പേര് ഇവിടത്തെ നാളികേരങ്ങളുടെ സമൃദ്ധിയെ പ്രതിഫലിപ്പിക്കുന്നു. ‘കേര’ എന്നാൽ തെങ്ങ്, ‘അളം’ എന്നാൽ നാട്, അങ്ങനെ തെങ്ങുകളുടെ നാടാണ് കേരളം എന്നൊരു വിശേഷണമുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം 94 ശതമാനത്തിലധികം കേരളീയർ സാക്ഷരരാണ്. ദേശീയ ശരാശരിയെക്കാൾ 20 ശതമാനം കൂടുതലാണിത്. വിദ്യാഭ്യാസത്തോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയാണ് എല്ലാ ജില്ലകളിലും സാക്ഷരതാ നിരക്കിലെ തുടർച്ചയായ പുരോഗതിയിൽ പ്രതിഫലിക്കുന്നത്. 1084 സ്ത്രീകൾക്ക് 1000 പുരുഷന്മാർ എന്ന കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതവും ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. ഇത് ആരോഗ്യകരമായ ജനസംഖ്യാ കാഴ്ചപ്പാടിനെ സൂചിപ്പിക്കുന്നു. NFHS 2019-2021 റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ മൊത്തം ഫെർട്ടിലിറ്റി നിരക്ക്, 2016 ലുണ്ടായിരുന്ന 1.6 -ൽ നിന്ന് 1.8 കുട്ടികൾ എന്നതിലേക്ക് വർദ്ധിച്ചു.

കേരളത്തിന്റെ ജനസംഖ്യാപരമായ പ്രത്യേകത ഇവിടത്തെ നഗരവൽക്കരണം കൂടിയാണ്. ജനസംഖ്യയുടെ 47.7 ശതമാനം നഗരപ്രദേശങ്ങളിൽ താമസിക്കുന്നതിനാൽ ഇന്ത്യയിലെ ഏറ്റവും നഗരവൽക്കരിക്കപ്പെട്ട രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങൾ ജനസാന്ദ്രമാണ്. കിഴക്കൻ കുന്നുകളും മലമ്പ്രദേശങ്ങളും താരതമ്യേനെ കുറഞ്ഞ ജനവാസ പ്രദേശങ്ങളാണ്. കേരളത്തിലെ ജനസംഖ്യാ വളർച്ചയിലും സവിശേഷതകളുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ദശാബ്ദ വളർച്ചാനിരക്കായ 4.9 ശതമാനമാണ് 2011-ൽ കേരളത്തിലുണ്ടായി രുന്നത്. ദേശീയ ശരാശരിയുടെ മൂന്നിലൊന്നിൽ താഴെയാണ് ഈ കണക്ക്.

കേരളത്തിലെ ജനസാന്ദ്രത ശ്രദ്ധേയമാണ്. 2011-ൽ ഒരു ചതുരശ്ര കിലോമീറ്ററിന് 860 പേർ എന്ന നിലയിലാണ് അതുണ്ടായിരുന്നത്. ഈ ഉയർന്ന സാന്ദ്രതയും, തനതായ ജനവാസ രീതികളും നഗരവിപുലീകരണവും ഉണ്ടായിട്ടും സംസ്ഥാനത്തിന് സുസ്ഥിരമായ വളർച്ചാ നിരക്ക് നിലനിർത്താൻ കഴിഞ്ഞു. പട്ടണങ്ങളുടെ വ്യാപനത്തോടെ കേരളത്തിലെ നഗര ജനസംഖ്യ ഗണ്യമായ വർദ്ധനയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ഇത് സംസ്ഥാനത്തിന്റെ നഗരവൽക്കരണത്തെയും ത്വരിതപ്പെടുത്തി.

ചുരുക്കത്തിൽ സാക്ഷരത, ലിംഗാനുപാതം, നഗരവൽക്കരണം തുടങ്ങിയ ഘടകങ്ങൾ ചേർന്ന പ്രത്യേക ഭൂപ്രദേശമാണിവിടം. വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയുള്ള സംസ്ഥാനത്തിന്റെ ബോധപൂർവമായ ശ്രമങ്ങൾ അതിനെ ഇന്ത്യൻ സാഹചര്യത്തിൽ വേറിട്ടു നിർത്തുക മാത്രമല്ല, സുസ്ഥിര വളർച്ചയ്ക്ക് മാതൃകയായി രൂപപ്പെടുത്തുകയും ചെയ്തു.

Scroll to Top