കേരളത്തിലെ തനത് വനാശ്രിത ഗോത്രസമൂഹങ്ങൾ
ഹരിത സമൃദ്ധ സംസ്ഥാനമായ കേരളം, സമ്പന്നമായ ഒരു ഗോത്ര പാരമ്പര്യത്തിന്റെ ഈറ്റില്ലമാണ്. ആദിവാസികൾ എന്നറിയപ്പെടുന്ന ഈ തദ്ദേശീയ സമൂഹങ്ങൾ നൂറ്റാണ്ടുകളായി പശ്ചിമഘട്ടത്തിലെ വനങ്ങളിലും മലകളിലും താമസിക്കുന്നു. കർണാടകയും, തമിഴ്‌നാടുമായി കേരളം അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിൽ, ഈ ആദിവാസി സമൂഹങ്ങൾ പ്രകൃതിയുമായി ഇണങ്ങി പരമ്പരാഗതമായി സുസ്ഥിര ജീവിതം നയിച്ചു വരുന്നു. ഈ തദ്ദേശീയ സമൂഹങ്ങളെ ഭാരത സർക്കാർ “പട്ടികവർഗ്ഗങ്ങൾ” എന്ന് തരംതിരിച്ച്, ചരിത്രപരമായ അസമത്വങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച്, ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെൻറ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ് (കിർത്താഡ്‌സ്) (The Kerala Institute for Research Training and Development Studies of Scheduled Castes and Scheduled Tribes (KIRTADS) സംസ്ഥാനത്തിനകത്ത് 36 വ്യത്യസ്ത പട്ടികവർഗ്ഗങ്ങൾ ഉണ്ടെന്നു രേഖപ്പെടുത്തിയിരിക്കുന്നു. സംസ്ഥാനപട്ടികവർഗ വികസന വകുപ്പ് കേരളത്തിലെ ഗോത്ര സമൂഹത്തെ പ്രധാനമായും മൂന്ന് ഉപഗ്രൂപ്പുകളായി തരംതിരിക്കുന്നു: പ്രത്യേകിച്ച് ദുർബലർ (Particularly Vulnerable), പാർശ്വവൽക്കരിക്കപ്പെട്ടവർ (Marginalised), ന്യൂനപക്ഷങ്ങൾ (Minorities) എന്നിങ്ങനെ. 2011-ലെ സെൻസസ് പ്രകാരം, കേരളത്തിലെ ഗോത്രവർഗ്ഗ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ ഏകദേശം 1.5 ശതമാനമാണ്, അതായത് ഏകദേശം 484,839 വ്യക്തികൾ. വയനാടാണ് ഏറ്റവും കൂടുതൽ ഗോത്രവർഗക്കാർ താമസിക്കുന്ന ജില്ല. തൊട്ടു പിറകെ ഇടുക്കി, പാലക്കാട്, കാസർഗോഡ്, കണ്ണൂർ എന്നീ ജില്ലകളും വരുന്നു. പണിയർ, ഇരുളർ, കാട്ടുനായ്ക്കൻ, ഊരാളി, അടിയർ തുടങ്ങിയവയാണ് കേരളത്തിൽ കാണപ്പെടുന്ന പ്രധാന ആദിവാസി സമൂഹങ്ങൾ.
കേരളത്തിലെ പ്രധാന ആദിവാസി വിഭാഗങ്ങൾ
അടിയൻ: കേരളത്തിലെ വയനാട് ജില്ലയിൽ പശ്ചിമഘട്ട മലനിരകളുടെ താഴ്‌വരയിൽ അടിയൻ ഗോത്രവർഗക്കാർ അധിവസിക്കുന്നു. അയൽപ്രദേശമായ മൈസൂരിലും അടിയൻ സമുദായക്കാരെ കാണാം. സ്വകാര്യ വൃത്തങ്ങളിലും മറ്റും, അടിയന്മാർ കന്നഡയുടെ വകഭേദമായ ഭാഷയിൽ ആശയ വിനിമയം നടത്താറുണ്ടെങ്കിലും, മലയാളത്തിലും അവർ പ്രാവീണ്യമുള്ളവരാണ്. ആയതിനാൽ സമൂഹത്തിലെ മുഖ്യധാരയുമായി അടുത്തിടപഴകാൻ അവർക്ക് ബുദ്ധിമുട്ടില്ല. ചരിത്രപരമായി, അടിയൻമാർ പാർശ്വവൽക്കരിക്കപ്പെട്ടവരും ചെറിയ കൂലിക്ക് ജോലി ചെയുന്ന കർഷക തൊഴിലാളികളുമായിരുന്നു. ഇന്നും കാർഷികവൃത്തി പല അടിയാന്മാർക്കും ഒരു പ്രധാന ആശ്രയമായി തുടരുന്നു. ഹിന്ദുമതആചാരങ്ങൾ പിന്തുടരുന്ന അടിയാന്മാർ പ്രധാന ആഘോഷങ്ങളായ ഓണം, വിഷു തുടങ്ങിയവ കൊണ്ടാടുന്നു. വള്ളിയൂർക്കാവ്, തിരുനെല്ലി തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങൾ അടിയാന്മാരുടെ ആരാധനാലയങ്ങൾ ആണ്. 2011-ലെ കാനേഷുമാരി പ്രകാരം കേരളത്തിലെ അടിയാന്മാരുടെ അംഗസംഖ്യ ഏകദേശം 11,526 വ്യക്തികളാണ്. ആയതിനാൽ തന്നെ സംസ്ഥാനത്തെ ഒരു പ്രധാന ഗോത്രവിഭാഗമാണ് അടിയാന്മാർ.
അരനാടൻമാർ: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ആദിവാസി വിഭാഗമാണ് അരനാടൻമാർ. “ഏറനാടൻ” എന്ന പദത്തിൽ നിന്നും ഉത്ഭവിക്കാൻ സാധ്യതയുള്ള അരനാടൻ എന്ന സമുദായ നാമത്തിൽ നിന്നും അവർക്ക് കോഴിക്കോട് ജില്ലയുടെ പ്രാന്ത പ്രദേശങ്ങളുമായുള്ള ചരിത്രപരമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. വഴിക്കടവ്, കരുളായി, എടക്കര, ശങ്കരക്കുളം തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ ചിതറിക്കിടക്കുന്ന അരനാടൻമാർ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നു. അരനാടൻ സമൂഹത്തിനുള്ളിലെ ആശയവിനിമയം ഭാഷകളുടെ മിശ്രിതമാണ്. അവരുടെ തനതായ ഭാഷാശൈലി തമിഴ്, മലയാളം, തുളു എന്നീ ഭാഷകളുടെ ഘടകങ്ങൾ ഉൾക്കൊള്ളുന്നു. ഇത് മൂലം അരനാടൻമാർക്ക് ഫലപ്രദമായി തമ്മിൽത്തമ്മിൽ ഇടപെടാൻ സാധിക്കുന്നു. കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും (കേരളം, കർണാടക, തമിഴ്‌നാട്) പട്ടികവർഗമായി അംഗീകരിച്ച അരനാടൻമാർ പരമ്പരാഗതമായി വനവിഭവങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മുള മുറിക്കലും കുന്നിൻപുറത്തെ ഉൽപന്നങ്ങളുടെ ശേഖരണവുമാണ് അവരുടെ പ്രാഥമിക തൊഴിൽ, എന്നിരുന്നാലും പടിപടിയായി കൃഷിയിലേക്കുള്ള മാറ്റം സമീപകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു. രസകരമെന്നു പറയട്ടെ, അരനാടൻമാർ ഒരു പ്രത്യേക മതത്തോടും ചേർന്നുനിൽക്കുന്നില്ല. ചിലർ ഹിന്ദുമതവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ക്ഷേത്ര സന്ദർശനം ഒരു സാധാരണ രീതിയല്ല. അവരുടെ ആത്മീയ വിശ്വാസങ്ങൾ പരിമിതമായി നിലകൊള്ളുന്നു. 2011 ലെ സെൻസസ് പ്രകാരം അരനാടൻമാരുടെ ആകെ എണ്ണം ഏകദേശം 283 വ്യക്തികളാണെന്ന് കണക്കാക്കുന്നു.
ചോലനായ്ക്കർ: മലപ്പുറം ജില്ലയുടെ ഉൾക്കാടുകളിൽ അധിവസിക്കുന്ന ഒറ്റപ്പെട്ട മറ്റൊരു സവിശേഷ ഗോത്രമാണ് ചോലനായ്ക്കർ. ഭൂമിശാസ്ത്രപരമായി ചിതറിക്കിടക്കുന്നവരാണ് അരനാടൻ വിഭാഗത്തിൽപ്പെടുന്നവർ. എന്നാൽ ഇവരിൽ നിന്നും വ്യത്യസ്തമായി, ചോലനായ്ക്കർ പത്ത് വ്യത്യസ്ത പ്രാദേശിക കുലങ്ങളായി നില കൊള്ളുന്നു. ഓരോ സംഘവും വസിക്കുന്നത് പലപ്പോഴും നദികളോ അരുവികളോ പോലുള്ള പ്രകൃതിദത്ത അതിരുകളാൽ നിർവചിക്കപ്പെട്ട ഒരു പ്രത്യേക പ്രദേശത്തായിരിക്കും. ഈ പ്രദേശങ്ങൾക്ക് അതാത് ദേശവുമായുള്ള ആഴത്തിലുള്ള ബന്ധം പ്രതിഫലിപ്പിക്കുന്ന സ്ഥലനാമങ്ങൾ ആയിരിക്കും ഉദാഹരണത്തിന് കരിമ്പുഴ, പാണപ്പുഴ, കുപ്പൻ മല, മഞ്ഞക്കടവ് എന്നിങ്ങനെ. ചോലനായ്ക്കൻ ഭാഷ അവരുടെ സ്വത്വത്തിന്റെ മറ്റൊരു ആകർഷണീയ വശമാണ്. അവർക്ക് സവിശേഷമായ ഒരു ഭാഷയുണ്ട്, എന്നാൽ ലിപിയില്ല. സമൂഹത്തിൽ ആശയവിനിമയത്തിനായി ഈ ഭാഷ ഉപയോഗിക്കുന്നു. കൂടാതെ, പല ചോലനായ്ക്കന്മാർക്കും മലയാളത്തിൽ പ്രാവീണ്യം ഉണ്ട്. അവരുടെ സംസാരത്തിൽ കന്നഡ, തമിഴ് ഭാഷകളിലെ വാക്കുകളും ഉൾപ്പെടുന്നു. ചോലനായ്ക്കരുടെ ജീവവായുവാണ് കാട്. അവർ വേട്ടയാടുന്നതിലും മീൻപിടുത്തത്തിലും പ്രാവീണ്യമുള്ളവരാണ്. കട്ടിൽ നിന്നും കിഴങ്ങും, കായ് കനികളും കണ്ടെത്തുന്നതിൽ മിടുക്കരാണിവർ.
മത്സ്യബന്ധനം പ്രാഥമികമായി വേനൽക്കാലത്ത് കേന്ദ്രീകൃതമായ ഒരു പ്രവർത്തനമാണ്. വർഷം മുഴുവനും കാട്ടിൽ ചുറ്റി സഞ്ചരിച്ചു ഉപജീവനത്തിനാവശ്യമായ വിഭവങ്ങൾ ഇവർ കണ്ടെത്തേണ്ടതുണ്ട്. ഗിരിജൻ സഹകരണ സംഘങ്ങൾ (Girijan Co-operative Society) മുഖേന അരി പോലുള്ള അവശ്യവസ്തുക്കൾ ഇവർക്ക് ലഭ്യമാക്കുമ്പോൾ, ബാർട്ടർ സമ്പ്രദായത്തിൽ കുന്തിരിക്കം, കുരുമുളക്, ഏലം, ഇഞ്ചി എന്നീ വിവിധ വസ്തുക്കൾ ഇവരിൽ നിന്നും ശേഖരിക്കുകയും ചെയ്യുന്നു. 2011 ലെ കണക്കെടുപ്പ് പ്രകാരം ചോലനായ്ക്കർ ജനസംഖ്യ തുലോം 124 വ്യക്തികൾ മാത്രമാണ്. അതായത് ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഒരു ഗോത്രമാണ് ചോലനായ്ക്കർ.
ഇരവല്ലൻ/ ഇരവള്ളൻ/ എരവള്ളൻ: ആനിമിസത്തിലും ടോട്ടെമിസത്തിലും വേരൂന്നിയ സമ്പന്നമായ ആത്മീയ പൈതൃകമാണ് എരവള്ളന്മാർക്കുള്ളത്. ഇവർ പാലക്കാട് ജില്ലയെ പ്രാഥമികമായി തങ്ങളുടെ വീട് എന്ന് വിളിക്കുന്നു. ചിറ്റൂർ താലൂക്കിൽ, മൂലത്തറ ഗ്രാമത്തിലെ ഉയർന്ന മലനിരകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന സർക്കാർ കോളനിയിലാണ് ചില എരവള്ളൻ സമുദായങ്ങൾ താമസിക്കുന്നത്. എന്നാൽ അവരുടെ സാന്നിധ്യം കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത്, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലവരെ നീളുന്നു. എരവള്ളൻ സമുദായത്തിനുള്ളിലെ ആശയവിനിമയത്തിൽ തമിഴ് ഭാഷയുടെ സ്വാധീനം പ്രകടമാണ്. എന്നിരുന്നാലും, ബഹുഭാഷാ പ്രാവീണ്യം ഉള്ളവരാണ് ഇവർ. എരവള്ളന്മാർ തലമുറകളായി കൃഷിയിലൂടെ അഭിവൃദ്ധി പ്രാപിച്ചവരാണ്. ഇവരിൽ ചിലരെങ്കിലും തങ്ങളുടെ കൃഷിയിടങ്ങളിൽ കൃഷി ചെയ്ത് വിജയിച്ച ഭൂവുടമകളാണ്. പരമ്പരാഗതമായി, വേട്ടയാടലും കായ് കനികൾ ശേഖരിക്കലും അവരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്നെങ്കിലും, ഇപ്പോൾ ഈ രീതികൾ ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. മുൻകാലഘട്ടങ്ങളിൽ സമുദായ അംഗങ്ങൾ ഔപചാരികമായ സർക്കാർ സേവനത്തിലും മറ്റും പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പാലിച്ചിരുന്നത് ഇപ്പോൾ പ്രബലമല്ല. ചിലർ ആധുനിക രീതികൾ സ്വീകരിക്കുമ്പോൾ, മറ്റുള്ളവർ പരമ്പരാഗത വിശ്വാസങ്ങൾ പിൻതുടരുന്നു. അവർ മൃഗങ്ങളെയും മരങ്ങളെയും കല്ലുകളെയും ആദരിക്കുന്നു, അവയെ അവരുടെ ഉത്ഭവ കഥയുടെ ഭാഗമായി കാണുന്നു. കൗതുകകരമെന്നു പറയട്ടെ, അവർ ഓണം, വിഷു, മാട്ടുപൊങ്കൽ തുടങ്ങിയ ഉത്സവങ്ങൾ ആഘോഷിക്കുന്നു. ഇത് തദ്ദേശീയവും ഹൈന്ദവവുമായ പാരമ്പര്യങ്ങളുടെ സമന്വയത്തെ പ്രതിഫലിപ്പിക്കുന്നു. 2011-ലെ സെൻസസ് പ്രകാരം, എരവള്ളൻ ജനസംഖ്യ ഏകദേശം 4,797 വ്യക്തികളാണെന്ന് കണക്കാക്കപ്പെടുന്നു.
മലപുലയർ: കോട്ടയം, ഇടുക്കി ജില്ലകളിലെ ഉൾനാടൻ പ്രദേശങ്ങളിലാണ് മലപുലയർ താമസിക്കുന്നത്. സ്വദേശവുമായുള്ള ശക്തമായ ബന്ധത്തിന് പേരുകേട്ട സമുദായമാണ് മല പുലയരുടേത്. ദേവികുളം താലൂക്കിലെ കുമ്മിത്താൻകുഴി, തട്ടിക്കാട്, നാച്ചിവയൽ, മലക്കാട്, ചാവക്കളം തുടങ്ങിയ സ്ഥലങ്ങൾ ശ്രദ്ധേയമായ മലപുലയ കേന്ദ്രങ്ങളാണ്. ഈ സമുദായത്തെ മൂന്ന് ഉപകുലങ്ങളായി തിരിച്ചിരിക്കുന്നു: അവ കുറുമ്പ പുലയ, കരവഴി പുലയ, പാമ്പു പുലയ എന്നിങ്ങനെയാണ്. മലപുലയ ഭാഷാശൈലി തമിഴിന്റെയും മലയാളത്തിന്റെയും ആകർഷകമായ മിശ്രിതവും എന്നാൽ, തമിഴ് സ്വാധീനങ്ങൾ പ്രകടിപ്പിക്കുന്നതുമാണ്. മലപുലയർ മലയാളത്തിലും തമിഴിലും ഒരേ പോലെ പ്രാവീണ്യമുള്ളവരാണ്. മല പുലയ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലാണ് ഭൂമി. ഭൂരിഭാഗം കുടുംബങ്ങളും കൃഷിയിൽ നിന്നും സ്ഥിരവരുമാന സ്രോതസ്സ് ഉറപ്പാക്കിയ ഭൂവുടമകളാണ്. ആവശ്യമുള്ളപ്പോൾ ദിവസക്കൂലി, മൃഗപരിപാലനം, ചെറുകിട സംരംഭങ്ങൾ നടത്തൽ, വനവിഭവങ്ങൾ ശേഖരിക്കൽ തുടങ്ങി വിവിധ മാർഗങ്ങളിലൂടെ അവർ തങ്ങളുടെ വരുമാനം കണ്ടെത്തുന്നു. മലപുലയരുടെ പ്രാഥമിക മതം ഹിന്ദുമതം ആണ്. അവരുടെ തനത്ദേവന്മാർക്കും ദേവതകൾക്കും ഒപ്പം ഹിന്ദു ദേവതകളെയും ദേവാലയത്തെയും അവർ ബഹുമാനിക്കുന്നു. ഈ തദ്ദേശീയ ദേവതകളിൽ കാളി, മാരിയമ്മ, കന്നിമാര, കറുപ്പൻ, ചപ്പാലമ്മ എന്നിവ ഉൾപ്പെടുന്നു. 2011-ലെ സെൻസസ് പ്രകാരം മലപുലയ ജനസംഖ്യ ഏകദേശം 2,959 ആളുകളാണ്.
ഇരുളർ: ഇരുളർ പ്രാഥമികമായി താമസിക്കുന്നത് പാലക്കാട് ജില്ലയിലാണ്, പ്രത്യേകിച്ച് അട്ടപ്പാടി, നെല്ലിയാമ്പതി മലനിരകളിൽ. പോത്തുപാറ, മായമുടി, കൂനപ്പാലം തുടങ്ങി വിവിധ പ്രദേശങ്ങളിൽ അവരുടെ സമുദായങ്ങൾ ചിതറിക്കിടക്കുന്നു. വിദഗ്ധരായ കർഷകർ, ഇരുളർമാർ അവരുടെ സമർത്ഥമായ കൃഷിരീതികൾക്ക് പേരുകേട്ടവരാണ്. ചിലർ, പ്രത്യേക മണ്ണിന്റെയും പാരിസ്ഥിതിക സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ വിളകൾ തിരഞ്ഞെടുക്കുന്ന പോണം കൃഷിയുടെ പാരമ്പര്യം തുടരുന്നു. നെല്ല്, റാഗി, പയർ, പടവലം, മുളക്, മഞ്ഞൾ എന്നിവയാണ് സാധാരണയായി കൃഷിചെയ്യുന്ന വിളകൾ. സ്ത്രീകളും പുരുഷന്മാരും കൃഷി, വേട്ടയാടൽ, ആട്, കോഴി വളർത്തൽ എന്നിവയിൽ സജീവമായി പങ്കെടുക്കുന്നു. ഇരുളർ വ്യത്യസ്തമായ ആത്മീയ വിശ്വാസങ്ങൾ പുലർത്തുന്നു. ഒരു ന്യൂനപക്ഷം ആനിമിസ്റ്റിക് ആചാരങ്ങൾ പാലിക്കുന്നു. കടുവയെ ഒരു പ്രത്യക്ഷ ദൈവമായി ബഹുമാനിക്കുകയും അതിന്റെ കാൽപ്പാടുകളെ ആരാധിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഭൂരിപക്ഷവും വിഷ്ണു (രംഗസ്വാമി എന്നറിയപ്പെടുന്നു), ശിവൻ തുടങ്ങിയ ദൈവങ്ങളെ വ്യത്യാസമില്ലാതെ ആരാധിക്കുന്നു. 2011 ലെ സെൻസസ് പ്രകാരം ഇരുളരുടെ ജനസംഖ്യ ഏകദേശം 23,721 വ്യക്തികളാണ്.
കാടർ: പാലക്കാട്, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി കാടർ ജനത താമസിക്കുന്നു. പൂയംകുട്ടി, പൊരിങ്ങൽകുത്ത്, കുതിരോട്ടം കുന്ന് എന്നിവയാണ് പ്രത്യേക സ്ഥലങ്ങൾ. കൗതുകകരമെന്നു പറയട്ടെ, ഭക്ഷണത്തെ ഹൃദയത്തിലേക്കുള്ള വഴിയായി ഉയർത്തിക്കാട്ടുന്ന ഒരു പഴഞ്ചൊല്ലിനൊപ്പം, പാചക വൈദഗ്ധ്യത്തിന് കാടർ ഉയർന്ന പ്രാധാന്യം നൽകുന്നു. ഒരു വിദഗ്ദ്ധ പാചകക്കാരൻ, സ്ത്രീകൾ പ്രത്യേകിച്ച്, ജീവിതത്തിൽ വിജയം നേടിയതായി കാടർ സമുദായക്കാർ കണക്കാക്കുന്നു. തടി ഇതര വന ഉൽപന്നങ്ങളുടെ (NTFP) മികച്ച ശേഖരണക്കാരാണ് അവർ. ഇത് അവരുടെ ഉപജീവനത്തിന്റെ പ്രധാന ഉറവിടമാണ്. പുറത്തുനിന്നുമുള്ള സന്ദർശകരും മറ്റും കാടരുമായി ആശയവിനിമയം നടത്തുന്നത് മലയാളത്തിലോ തമിഴിലോ ആണ്. പരമ്പരാഗതമായി, അവരുടെ വാസസ്ഥലങ്ങൾ പരന്ന മുളയും പുല്ലും ചുവരുകളുള്ള ഉയർന്ന മൺതിട്ടകളിലാണ് നിർമ്മിച്ചിരിക്കുന്നത്. സാധാരണയായി ഒരു മുറിയും അതിൽ ഒരു പാചക സ്ഥാനവും ഉൾക്കൊള്ളുന്നു. പല ആധുനിക കാടർസമുദായക്കാരും ഹിന്ദുക്കളായി ഹിന്ദു പേരുകൾ സ്വീകരിക്കുന്നു. അവരുടെ അനിമിസ്റ്റിക് വേരുകളും കാണാത്ത ദൈവങ്ങളോടുള്ള ആരാധനയും ക്ഷയിച്ചെങ്കിലും, അവർ ഇപ്പോഴും അയ്യപ്പൻ, കാളി, മലവഴി തുടങ്ങിയ ദൈവങ്ങളെ ആരാധിക്കുന്നു. ചില മൂപ്പന്മാർ ഉദിക്കുന്ന സൂര്യനെ ആരാധിക്കുന്നത്, അവരുടെ ശക്തമായ ആനിമിസ്റ്റിക് ഭൂതകാലത്തെ പ്രതിഫലിപ്പിക്കുന്നു. 2011-ലെ സെൻസസ് പ്രകാരം കാടർ ജനസംഖ്യ ഏകദേശം 2,949 ആളുകളാണ്.
കാണിക്കാർ: കാണിക്കാർ പ്രധാനമായും താമസിക്കുന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. നലയടി, പൊൻമുടി, അരുവിക്കര തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഇവരെ കാണാം. തമിഴ് സ്വാധീനമുള്ള മലയാളമാണ് ഇവർ ആശയവിനിമയത്തിനു ഉപയോഗിക്കുന്നത്. ഇന്നത്തെ മിക്ക കാണിക്കാരും ഹിന്ദു മതത്തിൽ വിശ്വസിക്കുന്നവരും ഹിന്ദു മതാചാരങ്ങൾ പിന്തുടരുകയും ചെയ്യുന്നു.ഇവർ ഹിന്ദു ദേവന്മാരോടും ദേവാലയങ്ങളോടും ബഹുമാനം പുലർത്തുന്നു. 2011 ലെ സെൻസസ് പ്രകാരം കാണിക്കാരുടെ ജനസംഖ്യ ഏകദേശം 21,251 ആളുകളാണ്.
കരിമ്പാലന്മാർ: കണ്ണൂർ, കോഴിക്കോട് ജില്ലകളെയാണ് കരിമ്പാലക്കാർ പ്രാഥമികമായി സ്വദേശം എന്ന് വിളിക്കുന്നത്. കാക്കൂർ, നന്മണ്ട, താമരശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ചിതറിക്കിടക്കുന്ന ഒരു ഗോത്ര വിഭാഗമാണ് കരിമ്പാലൻ. അവരുടെ ഭാഷ മലയാളത്തിന്റെ ഒരു വകഭേദമാണ്, ചില തുളു പദങ്ങളും ശൈലികളും ഉൾപ്പെട്ടിട്ടുണ്ട്. കരിമ്പാലൻ സമൂഹത്തിന്റെ ഒരു സവിശേഷത, വ്യക്തമായ ഘടനയോടെ കെട്ടിപ്പൊക്കിയ അവരുടെ ഇല്ലങ്ങൾ (വാസസ്ഥലങ്ങൾ) ആണ്. ഏകദേശം എട്ടടി ചതുരാകൃതിയിൽ, മുളയും ഓലയും കൊണ്ട് നിർമ്മിച്ച ഈ നിർമ്മിതികൾ അതേ പ്രദേശത്തെ പണിയൻ, ചെറുമൻ എന്നിവരുടെ നിർമ്മിതികളേക്കാൾ മികച്ചതായി കണക്കാക്കപ്പെടുന്നു. അടുക്കള, കിടപ്പുമുറി, ലിവിംഗ് സ്പേസ് എന്നിങ്ങനെ ഒന്നിലധികം ആവശ്യങ്ങൾനിറവേറ്റുന്ന ഒറ്റമുറി വാസസ്ഥലങ്ങളാണ് ഇല്ലങ്ങൾ.
ചരിത്രപരമായി, കരിമ്പാലന്മാർ പോണം കൃഷിരീതിയാണ് അനുവർത്തിച്ചു വരുന്നത്. മണ്ണിന്റെ സ്വഭാവത്തെയും പാരിസ്ഥിതിക സാഹചര്യങ്ങളെയും അടിസ്ഥാനമാക്കിയുള്ള കൃഷിരീതിയാണ് പോണംകൃഷി. എന്നിരുന്നാലും, വനനശീകരണവും പുതിയ വൻതോട്ടങ്ങളുടെ ആവിർഭാവവും പാട്ടത്തിനെടുത്ത ഭൂമിയിലേ കൃഷിയിലേക്ക് മാറാൻ ചിലരെ നിർബന്ധിതരാക്കി. മറ്റൊരു പരമ്പരാഗത വരുമാന മാർഗമായ കരി ഉൽപാദനം വെല്ലുവിളികൾ നേരിടുന്നു. കരിമ്പാലന്മാരുടെ ആചാരവിശ്വാസങ്ങൾ കാലക്രമേണ പരിണമിച്ചവയാണ്. അവർ ഒരുകാലത്ത് പ്രധാനമായും പ്രകൃതി ശക്തികളെ ആരാധിക്കുന്നവരും കാലക്രമേണ ഹിന്ദുമത വിശ്വാസം പിന്തുടരുന്നവരും ആയി. ക്ഷേത്രങ്ങൾ സന്ദർശിക്കുകയും കാളി, ശിവൻ തുടങ്ങിയ ദേവതകൾക്ക് പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്യുന്നു. 2011 ലെ സെൻസസ് അവരുടെ ജനസംഖ്യ ഏകദേശം 14,098 വ്യക്തികളാണെന്ന് കണക്കാക്കുന്നു.
കാട്ടുനായകൻമാർ: കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഉൾവനങ്ങളിൽ താമസിക്കുന്ന കാട്ടുനായ്ക്കരെ കിടങ്ങനാട്, പുറക്കാടി, ചെമ്പ്രകൊടുമുടി തുടങ്ങിയ പ്രദേശങ്ങളിൽ കാണാം. സമൂഹത്തിൽ ആശയവിനിമയം പലപ്പോഴും മലയാളത്തിലും തമിഴിലും നടക്കുന്നു, ചിലർക്ക് കന്നഡയിലും അറിവുണ്ട്. പരമ്പരാഗതമായി, കാട്ടുനായക്കൻമാർ പരന്ന മുളയും ഓലമേഞ്ഞ മേൽക്കൂരയും കൊണ്ട് നിർമ്മിച്ച സവിശേഷവും താഴ്ന്നതുമായ കുടിലുകളിലാണ് താമസിക്കുന്നത്. 2011 ലെ സെൻസസ് അവരുടെ ജനസംഖ്യ ഏകദേശം 18,199 വ്യക്തികളാണെന്ന് കണക്കാക്കുന്നു. കാട്ടുനായകന്മാരെ അവരുടെ പ്രാഥമിക ഉപജീവനമാർഗത്തെ അടിസ്ഥാനമാക്കി അഞ്ചു ഉപഗ്രൂപ്പുകളായി തരംതിരിക്കാം:
- തേൻ, കുന്തിരിക്കം, ഔഷധച്ചെടികൾ തുടങ്ങിയ തടി ഇതര വന ഉൽപന്നങ്ങളുടെ (NTFP) ശേഖരണം
- ഭക്ഷണം ശേഖരിക്കുന്നവരും ദിവസ വേതനക്കാരും
- ഉപജീവനത്തിനായി പരിമിതമായ ഭൂമിയുള്ള താൽക്കാലിക കൃഷിക്കാർ
- ഫലഭൂയിഷ്ഠമായ ഭൂമിയുള്ള ഭൂവുടമകൾ
- വനം വകുപ്പുകളും ദേവസ്വങ്ങളും (ക്ഷേത്രങ്ങൾ) നിയമിക്കുന്ന ആനപിടിത്തക്കാർ (പാപ്പാൻമാർ).
കൊരഗർ: കൊരഗർ പ്രധാനമായും താമസിക്കുന്നത് കണ്ണൂർ ജില്ലയിലാണ്. ഹൊസബെട്ട, മഞ്ചേശ്വരം, മംഗലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ഇവരെ കാണപ്പെടുന്നു. കുടുംബത്തിനുള്ളിലും അടുത്ത ബന്ധങ്ങളിലും, ഇവർ സവിശേഷ കൊറഗ ഭാഷയിൽ സംസാരിക്കുന്നു. എന്നാൽ തുളു, മലയാളം, കന്നഡ ഭാഷകളിൽ ആശയവിനിമയം നടത്താനും ഇവർക്ക് സാധിക്കും. കൊറഗ സമുദായത്തിന്റെ സാമ്പത്തിക ഭദ്രത ഭൂമിയും വനവിഭവങ്ങളുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. വനഭൂമിയുടെ നിയന്ത്രണം സർക്കാരിനായതിനാൽ കുറച്ച് കൊരഗർക്ക് മാത്രമേ ഭൂസ്വത്ത് സ്വന്തമാക്കാൻ ഭാഗ്യമുള്ളൂ. ചരിത്രപരമായി, അവർ വിദഗ്ധരായ വേട്ടക്കാരും, ശേഖരിക്കുന്നവരും, കൊട്ട നിർമ്മാതാക്കളും ആയിരുന്നു. ഔഷധ സസ്യങ്ങൾക്കൊപ്പം എല്ലുകളും തൊലികളും പോലുള്ള മൃഗഉൽപ്പന്നങ്ങളും അവർ ശേഖരിച്ചു. കൊരഗർ ഹിന്ദുമതത്തിൽ ഉറച്ചുനിൽക്കുകയും പ്രകൃതിയെ ഉന്നതമായി പരിഗണിക്കുകയും ചെയ്യുന്നു. സൂര്യനമസ്‌കാരം അവരുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. 2011 ലെ സെൻസസ് പ്രകാരം അവരുടെ ജനസംഖ്യ ഏകദേശം 14,098 വ്യക്തികളാണെന്ന് കണക്കാക്കുന്നു.
കുറിച്യർ: കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള പട്ടികവർഗങ്ങളിൽ ഒന്നായ കുറിച്യന്മാർ പ്രധാനമായും താമസിക്കുന്നത് വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ്. വയനാട്ടിലെ കുറിച്യൻ, തിരുനെല്ലിയിലെ അഞ്ചില്ല കുറിച്യൻ തുടങ്ങിയ ഉപവിഭാഗങ്ങൾ സമുദായത്തിനുള്ളിൽ നിലനിൽക്കുന്നു. മലയാളം അവരുടെ പ്രാഥമിക ഭാഷയാണെങ്കിലും, കുറിച്യന്മാർക്ക് ഒരു പ്രത്യേക ഉച്ചാരണവും സ്വരവും ഉണ്ട്. അവരുടെ സമ്പദ്‌വ്യവസ്ഥ വനംവകുപ്പ് നൽകുന്ന ഭൂമിയിലെ കൃഷിയെ ചുറ്റിപ്പറ്റിയാണ്. കുറിച്യന്മാർ ഹിന്ദുമതത്തിന്റെയും ഗോത്രമതത്തിന്റെയും സവിശേഷമായ ഒരു മിശ്രിതം മുറുകെ പിടിക്കുന്നു. ഭഗവതി, മുന്നൻ ദൈവം തുടങ്ങിയ ദേവതകൾക്ക് അവരുടെ വിശ്വാസ സമ്പ്രദായത്തിൽ പ്രാധാന്യം ഉണ്ട്. നിർഭയത്വത്തിനും വിശ്വാസ്യതയ്ക്കും പേരുകേട്ട കുറിച്യന്മാർ ഏകദേശം 35,171 വ്യക്തികൾ (2011 സെൻസസ്) ഉള്ളതായി കണക്കാക്കപ്പെടുന്നു.
മുള്ളുകുറുമൻ: മുള്ളുകുറുമ്പ അല്ലെങ്കിൽ മുല്ലകുറുമർ എന്നും അറിയപ്പെടുന്ന ഈ ഗോത്ര വിഭാഗം വയനാട് ജില്ലയെ സ്വദേശമായി പരിഗണിക്കുന്നു. ഈ ആദിവാസി വിഭാഗത്തിലെ ചിലർ തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ താലൂക്കിലും അധിവസിക്കുന്നു. മുള്ളുകുറുമരുടെ തനത് ഭാഷയായ കുറുമാബ കന്നട, തമിഴ്, മലയാളം എന്നീ ഭാഷകളുടെ അംശങ്ങൾ ഉൾക്കൊള്ളുന്നതാണ്. മുള്ളുകുറുമർ സമുദായത്തെ നാല് ‘കുലങ്ങൾ’ ആയി തിരിച്ചിരിക്കുന്നു, അവ വിവാഹങ്ങളെ നിയന്ത്രിക്കുന്നു, എന്നാൽ ശ്രേണിപരമായ ഒരു ഘടനയില്ല.
ഭൂമി അവരുടെ പ്രാഥമിക സാമ്പത്തിക സ്രോതസ്സാണ്. ചരിത്രപരമായി, അവർ വേട്ടയാടൽ, ശേഖരിക്കൽ, പുനംകൃഷി എന്നിവയിൽ അഗ്രഗണ്യരാണ്. നിലവിൽ കൃഷിയും സർക്കാർ ജോലികളുമാണ് ഇവരുടെ പ്രധാന വരുമാന മാർഗങ്ങൾ. സ്ത്രീകൾ, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ സജീവമായ പങ്കുവഹിക്കുന്നു. മുള്ളു കുറുമന്മാർ പ്രധാനമായും ഹിന്ദുമത ആചാരങ്ങൾ അനുഷ്ഠിക്കുന്നു. അവർ ഒരുകാലത്ത് പ്രധാനമായും പരമ്പരാഗത പ്രകൃതി ശക്തികളെ ആരാധിക്കുന്നവരായിരുന്നെങ്കിലും ഇതിൽ കാലക്രമേണമാറ്റം ഉണ്ടായി. 2011 ലെ സെൻസസ് അനുസരിച്ച്, അവരുടെ ജനസംഖ്യ ഏകദേശം 24,505 വ്യക്തികളാണെന്ന് കണക്കാക്കപ്പെടുന്നു.
കുറുമ്പ: പാലക്കാട് ജില്ലയിലെ അട്ടപ്പാടി താഴ്‌വരയിലെ നിബിഡവനമേഖലയിൽ കുറുമ്പ ജനത വസിക്കുന്നു. കുറുമ്പപുലയൻ, ഹിൽപുലയൻ തുടങ്ങിയ പേരുകളിലും ഇവർ അറിയപ്പെടുന്നു. ഇവരുടെ ഭാഷയായ, കുറുമ്പ ഭാഷ, ഒരു കന്നഡ ഭാഷ വകഭേദമായി കാണക്കാക്കപ്പെടുന്നു. കായ് കനികൾ ശേഖരിക്കലും പുനം കൃഷിയിറക്കലും ഇവരുടെ പ്രാഥമിക ഉപജീവനമാർഗമാണ്. തേൻ, മെഴുക്, സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധ സസ്യങ്ങൾ എന്നീ വനവിഭവങ്ങൾ കുറുമ്പ സമുദായക്കാർ ശേഖരിക്കാറുണ്ട്. കുട്ടകളും പായകളും ഉണ്ടാക്കുന്നതിലും, ശരീരത്തിൽ പച്ചകുത്തുന്നതിലും വിദഗ്ദ്ധരാണ് കുറുമ്പർ. പ്രകൃതി ശക്തികളെ ആരാധിക്കുന്നതാണ് അവരുടെ വിശ്വാസ വ്യവസ്ഥയുടെ അടിസ്ഥാന ശിലകൾ. ഹിന്ദുമതത്തെക്കുറിച്ചുള്ള അവരുടെ അറിവ് പരിമിതമാണ്. അവരുടെ മതപരമായ ആചാരങ്ങൾ കാലാന്തരത്തിലും താരതമ്യേന മാറ്റമില്ലാതെ തുടരുന്നു. 2011 ലെ സെൻസസ് അനുസരിച്ച് കുറുമ്പരുടെ ജനസംഖ്യ ഏകദേശം 2,586 വ്യക്തികളാണെന്ന് കണക്കാക്കുന്നു.
മല അരയൻ: മല അരയൻമാർ പ്രധാനമായും ഇടുക്കി, കോട്ടയം ജില്ലകളിലാണ് താമസിക്കുന്നത്. ചരിത്രപരമായി ഇവർ കൃഷി, വേട്ടയാടൽ, ഉപജീവനത്തിനായി കായ് കനികൾ ശേഖരിക്കൽ എന്നിവയെ ആശ്രയിച്ചിരുന്നു. എന്നിരുന്നാലും റിസർവ് വനങ്ങളുടെ ആവിർഭാവം കാരണം ഈ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഉണ്ട്. ഇന്ന്, മലഅരയന്മാർ വൈവിധ്യമാർന്ന മേഖലകളിൽ വ്യാപരിക്കുന്നു. ചിലർ കൃഷി, കാർഷിക തൊഴിലാളികൾ, ഓഫീസ് ജോലികൾ കൂടാതെ ബിസിനസ്സ് സംരംഭങ്ങളിൽ പോലും ഏർപ്പെടുന്നു. ഇവർ പ്രാഥമികമായി മലയാളത്തിലാണ് ആശയവിനിമയം നടത്തുന്നതെങ്കിലും ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കുന്ന വിദ്യാസമ്പന്നരായ അംഗങ്ങളും വിരളമല്ല.
മല കുറവൻ: തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ആദിവാസി സമൂഹമാണ് മലകുറവന്മാർ. തമിഴ് സ്വാധീനമുള്ള മലയാളത്തിന്റെ വകഭേദമാണ് ഇവരുടെ തനത് ഭാഷ. 2011 ലെ സെൻസസ് പ്രകാരം ഇവരുടെ ജനസംഖ്യ വെറും 175 മാത്രമാണ്. അവരുടെ ഉപജീവനമാർഗം കൃഷി, വേട്ടയാടൽ, വനവിഭവങ്ങൾ ശേഖരിക്കൽ എന്നിവയുടെ സമ്മിശ്രണമാണ്. ചിലർ ചെറിയ നിലത്ത് കൃഷി ചെയ്യുന്നു, മറ്റുള്ളവർ പരമ്പരാഗത രീതികൾ ഉപയോഗിച്ച് വേട്ടയാടുകയും വിറക് ശേഖരിക്കുകയും ചെയ്യുന്നു. ചരിത്രപരമായി പ്രകൃതി ശക്തികളെ ആരാധിക്കുന്നവരാണിവർ. ഇവർ പൂർവികരുടെ ആത്മാരാധനയിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അത് ഇന്നും നിലനിൽക്കുന്നു.
മലമ്പണ്ടാരം: പ്രാഥമികമായി കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കേന്ദ്രീകരിച്ചിരിക്കുന്ന മറ്റൊരു പട്ടികവർഗമാണ് മലമ്പണ്ടാരം. ബാഹ്യസ്വാധീനം മൂലമുള്ള കുടിയേറ്റം ചിലരെ പാലക്കാട് ജില്ലയിലും സ്ഥിരതാമസക്കാരാക്കി. ഇവരുടെ സമുദായത്തിനു തനതായ ഭാഷയുണ്ട്, പണ്ടാരം ഭാഷ. എന്നാൽ പുറത്തുള്ളവരുമായി ആശയവിനിമയം നടത്താൻ മലയാളം ഉപയോഗിക്കുന്നു. വനവിഭവങ്ങൾ മലമ്പണ്ടാര സമുദായക്കാരുടെ നിത്യജീവിതത്തിൽ നിർണായകമാണ്. ഭൂരഹിതരായിരിക്കെ, കുടിൽ കെട്ടാനും മരച്ചീനി കൃഷി ചെയ്യാനും സർക്കാർ ഭൂമി നൽകിയിട്ടുണ്ട്. വേട്ടയാടൽ, കരകൗശലവസ്തുക്കളുടെ നിർമ്മാണം, ഔഷധച്ചെടികൾ ശേഖരിക്കൽ തുടങ്ങിയവ പരമ്പരാഗത തൊഴിലുകളാണ്. അവർ ഹിന്ദുമതത്തിൽ ഉറച്ചുനിൽക്കുന്നു, ചാത്തനും(ശാസ്താവ്) അയ്യപ്പനും അവരുടെ പ്രാഥമിക ദൈവമാണ്.
മലപണിക്കർ: കോഴിക്കോട് ജില്ലയിലെ മലപണിക്കർ പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന ഭൂവുടമകളാണ്. മൃഗസംരക്ഷണം, വിറക് ശേഖരണം, മരം മുറിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ അവരുടെ വരുമാനം വർധിപ്പിച്ചു. അടുത്ത കാലത്തായി, ചിലർ ചെറുകിട കച്ചവടങ്ങളും സർക്കാർ ജോലികളും സ്വീകരിച്ചിട്ടുണ്ട്. മലപണിക്കർ ഹിന്ദുമത വിശ്വാസികളും പതിവായി ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ചെയ്യുന്നവരാണ്. 2011 ലെ സെൻസസ് അവരുടെ ജനസംഖ്യ ഏകദേശം 1,023 ആണെന്ന് കണക്കാക്കുന്നു.
മലവേടൻ: കോട്ടയം, കൊല്ലം ജില്ലകളിലാണ് മലവേടന്മാർ താമസിക്കുന്നത്. അവരുടെ ഭാഷ തമിഴിന്റെയും മലയാളത്തിന്റെയും സങ്കരഭാഷയാണ്, പുറത്തുനിന്നുള്ളവർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. പരമ്പരാഗതമായി, വേട്ടയാടൽ അവരുടെ ഏക ഉപജീവനമാർഗമായിരുന്നു. വേട്ടയാടുന്നതിന്റെ ഒരു ഭാഗം സ്വയം ഉപയോഗിച്ച ശേഷം മിച്ചം കച്ചവടം ചെയ്യുന്നു. മത്സ്യബന്ധനവും വനവിഭവങ്ങൾ ശേഖരിക്കലും അധിക വരുമാന മാർഗങ്ങളാണ്. പലരും കൃഷി, തോട്ടം തൊഴിൽ എന്നീ മേഖലകളിൽ ജോലി ചെയ്യുന്നു. അവർ ഹിന്ദുമത സമ്പ്രദായങ്ങൾ അനുവർത്തിക്കുകയും, ക്ഷേത്രങ്ങൾ സന്ദർശിക്കുകയും, ഓണം പോലുള്ള ഉത്സവങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നു. 2011 ലെ സെൻസസ് പ്രകാരം അവരുടെ ജനസംഖ്യ ഏകദേശം 8,149 വ്യക്തികളാണ്.
മലവേട്ടുവൻ: കാർഷിക വൈദഗ്ധ്യത്തിന് പേരുകേട്ടവരാണ് കണ്ണൂർ ജില്ലയിലെ മല വേട്ടുവന്മാർ. അവർ തങ്ങളുടെ ഭൂമിയിൽ നെല്ലും കുരുമുളകും കൃഷി ചെയ്യുകയും ഭൂമി ലഭ്യമല്ലാത്തപ്പോൾ കർഷകത്തൊഴിലാളികളായി പ്രവർത്തിക്കുകയും ചെയ്യുന്നു. വേട്ടയാടലും ട്രാക്കിംഗ് കഴിവുകളും അവരുടെ സംസ്കാരത്തിന്റെ മറ്റ് ശ്രദ്ധേയമായ വശങ്ങളാണ്. കൊട്ട നിർമ്മാണം ഒരു പൊതു വരുമാന മാർഗമാണ്. അവരുടെ ഭക്ഷണത്തിൽ അരി, കിഴങ്ങുകൾ, ഔഷധസസ്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. അവർ ഹിന്ദുമതം അനുഷ്ഠിക്കുകയും, ആരാധനയ്ക്കായി വിഗ്രഹങ്ങൾ നിർമ്മിക്കുകയും, ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ചെയ്യുന്നു. 2011 ലെ സെൻസസ് അനുസരിച്ച് ഈ സമുദായത്തിന്റെ ജനസംഖ്യ ഏകദേശം 17,869 ആണ്.
മലയൻ: കേരളത്തിലെ മലബാർ മേഖലയിൽ, പ്രത്യേകിച്ച് കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ അധിവസിക്കുന്ന ഒരു തദ്ദേശീയ ആദിവാസിവിഭാഗമാണ് മലയൻ സമൂഹം. 2011 ലെ സെൻസസ് അനുസരിച്ച്, അവരുടെ ജനസംഖ്യ ഏകദേശം 5,917 വ്യക്തികളാണെന്ന് കണക്കാക്കപ്പെടുന്നു. മലയാളം മലയൻ സമൂഹത്തിന്റെ മാതൃഭാഷയായി വർത്തിക്കുന്നു. വായ് മൊഴിയായും വരമൊഴിയായും പുറമേയുള്ളവരുമായി ഇടപഴകുമ്പോഴും മലയാളം അവരുടെ പ്രാഥമിക ഭാഷയായി പ്രവർത്തിക്കുന്നു. മലയൻ സമൂഹത്തിന്റെ ഒരു പ്രധാന ഭാഗം ഭൂരഹിതരാണെങ്കിലും; ചരിത്രപരമായി മലയൻ സമ്പദ്‌വ്യവസ്ഥയിൽ ഭൂമി ഒരു നിർണായക പങ്ക് വഹിക്കുന്നു. ഇവരുടെ തൊഴിലുകൾ ഭൂതോച്ചാടനം മുതലായ ആത്മീയആചാരങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. എന്നിരുന്നാലും, ഇവരുടെ ഇന്നത്തെ പ്രാഥമിക വരുമാന സ്രോതസ്സ് കാർഷികവൃത്തിയാണ്. കൂടാതെ മൃഗസംരക്ഷണം, കൂലിവേല, എന്നിവയും ചെയ്യാറുണ്ട്. മലയൻ സമൂഹം പ്രധാനമായും ഹിന്ദുമതത്തിൽ ഉറച്ചുനിൽക്കുന്നു. പൊട്ടൻ ദൈവം, വിഷ്ണു മൂർത്തി, ഗുളികൻ, രക്ത ചാമുണ്ഡി, മുതപ്പൻ, കുമ്മാട്ടി തുടങ്ങിയ നാടോടി ദൈവങ്ങളുടെ ആരാധനയും ഇവർ അനുവർത്തിക്കുന്നു.
മന്നാൻ: സമതലങ്ങളിലും തീരപ്രദേശങ്ങളിലും വസിക്കുന്ന, കേരളത്തിൽ ഉടനീളം ചിതറിക്കിടക്കുന്ന ഊർജസ്വലരായ ആദിവാസി സമൂഹമാണ് മന്നാൻമാർ. 2011 ലെ സെൻസസ് പ്രകാരം ഇവരുടെ ജനസംഖ്യ ഏകദേശം 9,780 വ്യക്തികളാണ്. തമിഴും മലയാളവും സമന്വയിപ്പിക്കുന്ന ഒരു സവിശേഷമായ ഭാഷാഭേദം ഇവർക്കുണ്ട്. അവരുടെ ഭാഷ പുറത്തുനിന്നുള്ളവർക്ക് മനസ്സിലാക്കാൻ എളുപ്പമല്ല. മന്നാൻ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലാണ് ഭൂമി. അവർ വൈദഗ്‌ധ്യമുള്ള കർഷകരാണ്, പ്രത്യേകിച്ച് പർവതപ്രദേശങ്ങളിൽ വിളകൾ കൃഷിചെയ്യുന്നതിൽ സമർത്ഥരാണ്. മലയോര കൃഷിയിൽ അവർ നേടിയ വിജയം അവർക്ക് കഴിവുള്ള കൃഷിക്കാർ എന്ന ഖ്യാതി നേടിക്കൊടുത്തു. കൃഷിക്ക് പുറമെ മലയോര ഉൽപന്നങ്ങൾ ശേഖരിച്ചും, വിറ്റും നിരവധി മന്നാൻമാർ തൊഴിൽ കണ്ടെത്തുന്നുണ്ട്. ചരിത്രപരമായി, ജാതി വ്യവസ്ഥയിൽ മന്നാന്മാർക്ക് ഒരു പ്രത്യേക പങ്ക് ഉണ്ടായിരുന്നു. മലിനീകരണം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ആചാരപരമായ സ്നാന ചടങ്ങുകൾക്ക് മുമ്പ് വസ്ത്രങ്ങൾ കഴുകി പുതിയവസ്ത്രം മാറുന്ന “മട്ടു” വാഗ്ദാനം ചെയ്തുകൊണ്ട് അവർ പരമ്പരാഗതമായി ഉയർന്ന ജാതി സമൂഹങ്ങൾക്ക് ഒരു സേവനം നൽകി.
മന്നാന്മാർ പ്രധാനമായും ഹിന്ദുമതം പിന്തുടരുന്നു, ശിവൻ, വിഷ്ണു, ഭഗവതി, ശാസ്താവ് തുടങ്ങിയ ദേവതകളെ അവരുടെ ആരാധനാക്രമങ്ങളിൽ ഉൾപ്പെടുത്തുന്നു. അവരുടെ പിതൃദേവതയായി ഭഗവതിക്ക് പ്രത്യേക സ്ഥാനമുണ്ട്. മണ്ഡലകാലത്ത് ശബരിമല ക്ഷേത്രം സന്ദർശിക്കുന്ന ശ്രദ്ധേയമായ പാരമ്പര്യമുള്ള അവർ ഹിന്ദു തീർത്ഥാടനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. കൂടാതെ, അവർ ഗുരുവായൂർ, കൊടുങ്ങല്ലൂർ, ഭഗവതി ക്ഷേത്രങ്ങൾ തുടങ്ങിയ ക്ഷേത്രങ്ങളിലും പതിവായി പോകാറുണ്ട്. ഓണം, വിഷു, ശിവരാത്രി, സംക്രാന്തി എന്നിവയാണ് മന്നാൻ സമുദായക്കാർ ആഘോഷിക്കുന്ന പ്രധാന ആഘോഷങ്ങൾ.
മാവിലാൻ: കേരളത്തിലെ കണ്ണൂർ ജില്ലയിൽ വസിക്കുന്ന ഒരു സവിശേഷ ഗോത്ര സമൂഹമാണ് മാവിലൻമാർ. പ്രത്യേകിച്ച് തളിപ്പറമ്പ് താലൂക്കിലെ വയക്കര, തടിക്കടവ്, പടിയൂർ, കള്ളിയാട്, നിദ്യങ്ക എന്നീ അംശങ്ങളിൽ ഈ സമൂഹം കേന്ദ്രീകരിച്ചിരിക്കുന്നു. 2011-ലെ സെൻസസ് പ്രകാരം ഏകദേശം 14,972 വ്യക്തികളാണ് ഏകദേശ ജനസംഖ്യ. തുളു അവരുടെ പ്രാഥമിക ഭാഷയായി വർത്തിക്കുന്നു. അതേസമയം ഇവർക്ക് മലയാളത്തിലും പ്രാവീണ്യമുണ്ട്. രസകരമെന്നു പറയട്ടെ, മാവിലൻ സമുദായത്തിലെ രണ്ട് ഉപവിഭാഗങ്ങളായ തുളുമാനും ചിങ്ങത്തന്മാരും രേഖാമൂലമുള്ള ആശയവിനിമയത്തിന് മലയാളം ലിപി ഉപയോഗിക്കുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം മാവിലൻ സമ്പദ്‌വ്യവസ്ഥയുടെ നിർണായക വശമാണ്, വ്യക്തികൾ അവരുടെ ഭൂമി സ്വയമേവ കൈകാര്യം ചെയ്യുന്നു. പരമ്പരാഗതമായി, ഔഷധ സസ്യങ്ങൾ ശേഖരിക്കുകയും വിൽക്കുകയും ചെയ്യുക, കൊട്ടകൾ ഉണ്ടാക്കുക, കർഷകത്തൊഴിലാളികളായി ജോലി ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളിൽ അവർ ഏർപ്പെട്ടിട്ടുണ്ട്. നിലവിൽ, കൃഷി അവരുടെ പ്രാഥമിക തൊഴിലാണ്. മൃഗസംരക്ഷണം, ചെറുകിട ബിസിനസ്സുകൾ, സർക്കാർ/സ്വകാര്യ മേഖലയിലെ ജോലികൾ, കാർഷിക തൊഴിലാളികൾ എന്നിവ അനുബന്ധമായി പ്രവർത്തിക്കുന്നു. മാവിലന്മാർ പ്രാഥമികമായി ഹിന്ദുമതത്തിൽ ഉറച്ചുനിൽക്കുന്നു. ശിവൻ, ഭഗവതി, വിഷ്ണു തുടങ്ങിയ ഹിന്ദു ദൈവങ്ങളെ അവർ ആരാധിക്കുന്നതോടൊപ്പം അവരുടെ സമുദായ ദേവതയായി വീരബദ്രയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
മുതുവാൻ: കേരളത്തിലെ ഇടുക്കി ജില്ലയിലാണ് മുതുവാൻ സമുദായം പ്രധാനമായും അധിവസിക്കുന്നത് എങ്കിലും പാലക്കാട്, തൃശൂർ എന്നീ പശ്ചിമഘട്ട മേഖലകളിലേക്ക് കൂടി ഈ സമൂഹം വ്യാപിച്ചുകിടക്കുന്നു. മലയാളത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഇവരുടെ പേര്, കുടിയേറ്റ ചരിത്രത്തെ പരാമർശിച്ചുകൊണ്ട് “മുതുകിൽ ചുമക്കുന്ന ആളുകൾ” എന്ന് വിവർത്തനം ചെയ്യാം. മുതുവാൻമാർക്ക് ഒരു പ്രത്യേക ഭാഷാഭേദമുണ്ട്, തമിഴിന്റെ ലളിതവൽക്കരിച്ച പതിപ്പ്. വിശാലമായ ആശയവിനിമയത്തിന് മലയാളമോ തമിഴോ ഉപയോഗിക്കുന്നു. അവരുടെ സാമൂഹിക ഘടന രൂപപ്പെട്ടിരിക്കുന്നത് മരുമക്കത്തായ സമ്പ്രദായം പാലിക്കുന്ന ആറ് മാതൃകുലങ്ങളെ ചുറ്റിപ്പറ്റിയാണ്. ഓരോന്നും വിവാഹ ബന്ധങ്ങൾ, സാമൂഹിക പദവി, വംശപാരമ്പര്യം എന്നിവയ്ക് അനുസരിച് വീണ്ടും ഉപവംശങ്ങളായി തിരിച്ചിരിക്കുന്നു. മുതുവാൻമാർ പ്രാഥമികമായും കർഷകരാണ്. ആയതിനാൽ തന്നെ അവർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നിർണായകമാണ്. ചിലർക്ക് സർക്കാർ അലോട്ട്‌മെന്റെകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇവ ഉടമസ്ഥാവകാശമല്ല. പരമ്പരാഗതമായി, അവർ നാടോടികളായ കർഷകരും വേട്ടക്കാരും ആയിരുന്നു. ഇന്ന്, അവരുടെ കാർഷിക വിളകളിൽ കാപ്പി, ഇഞ്ചി, കരിമ്പ്, നെല്ല് എന്നിവ ഉൾപ്പെടുന്നു. മുതുവാൻമാരുടെ അടിസ്ഥാന വിശ്വാസങ്ങളും ആചാരങ്ങളും അവരുടെ സമ്പന്നമായ ഗോത്ര പാരമ്പര്യത്തിൽ വേരൂന്നിയതാണ്.
പള്ളിയർ/ പളിയർ: പളിയർ പ്രധാനമായും കേരളത്തിലെ കോട്ടയം ജില്ലയിൽ വസിക്കുന്നു. കുമളി, പെരിയാർ റേഞ്ച്, ചെക്കുപാലം, അണക്കര എന്നിവിടങ്ങളിൽ ഇവരെ കാണാം. വേട്ടയാടലും വനഉൽപന്ന ശേഖരണവും, ഒരുകാലത്തു പളിയരുടെ പ്രധാന ഉപജീവന മാർഗ്ഗമായിരുന്നെങ്കിലും ഇന്നവ പ്രാവർത്തികമല്ല. സ്ഥിരതാമസമാക്കിയ പളിയർ സംഘങ്ങൾ അവരുടെ പരിസ്ഥിതിയെക്കുറിച്ച് ആഴത്തിൽ ധാരണയുള്ള വൈദഗ്ധ്യമുള്ള കർഷകരായി രൂപാന്തരപ്പെട്ടു. തിരുവിതാംകൂറിലെ കാർഡമം ഹിൽസ് മേഖലയിൽ ഫലഭൂയിഷ്ഠമായ ഭൂമിയിൽ കൃഷിയിറക്കുന്നതിൽ അവർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കുമളി ആദിവാസി സെറ്റിൽമെന്റെൽ നിർമ്മിച്ച കൽപണികളുള്ള വീടുകളിൽ പോലും ചില കുടുംബങ്ങൾ താമസിക്കുന്നു. മാരിയമ്മ, കുറുപ്പുസ്വാമി, കാളി തുടങ്ങിയ വിവിധ ദേവതകളെയും ആത്മാക്കളെയും ആരാധിക്കുന്ന ആനിമിസ്റ്റിക്, ടോട്ടമിസ്റ്റ് വിശ്വാസ സമ്പ്രദായങ്ങളാണ് പള്ളിയർ പിന്തുടരുന്നത്.
പണിയൻ: 2011-ലെ സെൻസസ് പ്രകാരം ഏകദേശം 88,450 ജനസംഖ്യയുള്ള പണിയന്മാർ കേരളത്തിലെ പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പ്രാഥമികമായി കാണപ്പെടുന്നത്. മലയാളം, തമിഴ്, തുളു എന്നിവയുടെ സമ്മിശ്രമായ അവരുടെ തനതായ ഭാഷാശൈലി പുറത്തുള്ളവർക്ക് ആശയവിനിമയത്തിനു എളുപ്പമല്ല. നെൽകൃഷിയിൽ മികവ് പുലർത്തുന്ന നിരവധി പണിയന്മാർ കർഷകത്തൊഴിലാളികളായി ജോലി ചെയ്യുന്നു. അവർ തോട്ടങ്ങളിലും പൊതു തൊഴിലാളികളായി (മസ്ദൂർ) ജോലി കണ്ടെത്തുന്നു. നിർഭാഗ്യവശാൽ, കുറഞ്ഞ വേതനം നിമിത്തം സമൂഹത്തിനുള്ളിൽ സ്ഥിരമായ ദാരിദ്ര്യം സർവ്വസാധാരണമാണ്. ചിലർ വനം വകുപ്പിന്റെ പാപ്പാന്മാരായും (ആന സവാരിക്കാർ) ഫയർ വാച്ചറായും ജോലി ചെയ്യുന്നു. കൃഷിയിടങ്ങൾക്കും തോട്ടങ്ങൾക്കും സമീപം കുടിലുകളിൽ താമസിക്കുന്ന പണിയൻമാർ കുടുംബത്തോടൊപ്പം ജോലി തേടി പോകാറുണ്ട്, പ്രത്യേകിച്ച് നെല്ലും നാണ്യവിളകളും കൃഷി ചെയ്യുന്നവർ.
തച്ചനാടൻ:ഏകദേശം 1,745 വ്യക്തികളുള്ള (2011 സെൻസസ്) തച്ചനാടൻ ജനത പ്രാഥമികമായി കോഴിക്കോട് ജില്ലയിലും വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിന്റെ ചില ഭാഗങ്ങളിലുമാണ് താമസിക്കുന്നത്. തച്ചനാട് മുപ്പൻ എന്ന ഒരു ഉപവിഭാഗം, മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ നിന്ന് കുടിയേറിയതാണ്. അവരുടെ പേര് അവരുടെ ഉത്ഭവം (തച്ചനാട്) സൂചിപ്പിക്കുന്നു. തച്ചനാട് മുപ്പൻ ഭാഷ മലയാളത്തിന്റെ ഒരു പ്രത്യേക ഭാഷാഭേദമാണ്, ഇത് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പ്രയാസമണ്. പുറത്തുനിന്നുള്ളവരുമായി ആശയവിനിമയം നടത്താൻ തച്ചനാടൻ ജനത മലയാളം ഉപയോഗിക്കുന്നു. തച്ചനാട് മുപ്പന്മാരുടെ സമ്പദ് വ്യവസ്ഥയിൽ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് നിർണായകസ്ഥാനമാണ് ഉള്ളത്. പരമ്പരാഗതമായി, അവർ വേട്ടക്കാർ, കായ് കനികൾ ശേഖരിക്കുന്നവർ, തേനീച്ച വളർത്തുന്നവർ, കൊട്ട നിർമ്മാതാക്കൾ എന്നിവരായിരുന്നു. നിലവിൽ, അവരുടെ ഉപജീവനമാർഗം മൃഗപരിപാലനത്തിലും തൊഴിലിലുമാണ് കേന്ദ്രീകരിക്കുന്നത്. തച്ചനാട് മുപ്പൻ ഹിന്ദുമതത്തോട് ചേർന്നുനിൽക്കുന്നു. ഗുളികൻ, ഭഗവതി, തമ്പുരാട്ടി, കാളി, കുരികദൈവം തുടങ്ങിയ വിവിധ നാടോടി ദൈവങ്ങളെ ആരാധിക്കുന്നു. പലപ്പോഴും മരങ്ങൾക്കടിയിൽ സ്ഥാപിച്ചിരിക്കുന്ന കല്ലുകൾ ദൈവങ്ങളെ പ്രതിനിധീകരിക്കുന്നു.
ഉള്ളാടൻ: കേരളത്തിലെ തിരുവിതാംകൂറിന്റെ തെക്കൻ പ്രദേശങ്ങളിൽ വസിക്കുന്ന ഒരു സമൂഹമാണ് നായാടി അല്ലെങ്കിൽ നാടി എന്നറിയപ്പെടുന്ന ഉള്ളാടൻ. അവരുടെ ജനസംഖ്യ 16,230 (2011 സെൻസസ്) ആണ്. ഇവർക്ക് മലയാളത്തിൽ പ്രാവീണ്യമുണ്ട്. പലരും ഭൂരഹിതർ ആണെന്നുള്ളത് വലിയ വെല്ലുവിളിയാണ്. ചരിത്രപരമായി, ഉള്ളാടൻ തങ്ങളുടെ ഉപജീവനത്തിനായി ഭൂമിയെയും കാടിനെയും ആശ്രയിച്ചിരുന്നവരായിരുന്നു. മരം മുറിക്കൽ, തോണി നിർമ്മാണം, തേനീച്ച വളർത്തൽ, കൊട്ട നിർമ്മാണം, പായ നെയ്ത്ത് എന്നിവ അവർ പരിശീലിച്ചു. കൂടാതെ, സ്ത്രീകളും പുരുഷന്മാരും പരമ്പരാഗതമായി ചെറിയ മൃഗങ്ങളെ വേട്ടയാടൽ, തേൻ ശേഖരണം, ഔഷധ സസ്യങ്ങൾ, മുള എന്നിവയുടെ ശേഖരണം എന്നിവയിൽ വ്യാപൃതരാണ്. കൗതുകകരമെന്നു പറയട്ടെ, ഉള്ളാടൻ അവരുടെ യഥാർത്ഥ ഗോത്ര മത ആചാരങ്ങളിൽ നിന്ന് പരിവർത്തനം ചെയ്തു, ഇപ്പോൾ പ്രാഥമികമായി ഹിന്ദുമതം പിന്തുടരുന്നു. അവരുടെ ഇഷ്ട ദേവതകളിൽ ശാസ്താ, ശിവൻ, ഭദ്രകാളി എന്നിവ ഉൾപ്പെടുന്നു. ശബരിമല ശാസ്താ ക്ഷേത്രം ഒരു തീർത്ഥാടന കേന്ദ്രമായി ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു.
ഊരാളി: ജനസംഖ്യ 11,179 (2011 സെൻസസ്) ഉള്ള ഊരാളി സമൂഹം പ്രാഥമികമായി കേരളത്തിലെ ഇടുക്കി ജില്ലയിലാണ് താമസിക്കുന്നത്. പണ്ടുമുതലേ ഗ്രാമ തലവന്മാരും പടയാളികളുമായിരുന്ന, ഇവർക്ക് സമ്പന്നമായ ചരിത്രമുണ്ട്. ഇവർ മലയാളം പ്രത്യേക ഉച്ചാരണത്തിൽ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നു. ഊരാളിയുടെ നിർണായകമായ ആസ്തിയാണ് ഭൂമി. ചില അംഗങ്ങൾ സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി കണ്ടെത്തുമ്പോൾ, മറ്റുള്ളവർ ഇതര മേഖലകളിൽ ഉപജീവനം കണ്ടെത്തുന്നു. കരകൗശല വസ്തുക്കൾ, പ്രത്യേകിച്ച് ഞാങ്ങണ പായ, വിനോവിംഗ് ഫാനുകൾ, കൊട്ടകൾ എന്നിവ ഊരാളി സ്ത്രീകൾ നിർമ്മിക്കാറുണ്ട്. ഊരാളികൾ പ്രാഥമികമായി ഹിന്ദുമതത്തോട് ചേർന്നുനിൽക്കുന്നു, അയ്യപ്പനെയും ഭഗവതിയെയും ദൈവങ്ങളായി ആരാധിക്കുന്നു. നെടിയത്തു ശാസ്താവ് അവരുടെ കുലദൈവം എന്ന നിലയിൽ പ്രാധാന്യമർഹിക്കുന്നു. കാർഷിക പ്രവർത്തനങ്ങളിലും ഓണം, വിഷു തുടങ്ങിയ ഉത്സവങ്ങളിലും അവർ പൂർവ്വിക ആത്മാക്കളെ ആദരിക്കുന്നു.
വേട്ട കുറുമൻ: കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകൾ ഉൾപ്പെടെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കാണപ്പെടുന്ന തദ്ദേശീയ സമൂഹമാണ് വേട്ട കുറുമൻ. സെൻസസ് 2011 പ്രകാരം 739 വ്യക്തികളുടെ ജനസംഖ്യയുള്ള ഒരു ചെറിയ സമൂഹമാണ് ഇവർ. കന്നഡ, മലയാളം, തമിഴ്, തുളു എന്നിവയുടെ മിശ്രിതമാണ് അവരുടെ തനതായ ഭാഷാശൈലി. ഇത് മൈസൂരിൽ നിന്നുള്ള കുടിയേറ്റത്തെ സൂചിപ്പിക്കുന്നു. കേരളത്തിലും മദ്രാസിലും നിലവിലുള്ള വേട്ട ക്കുറുമൻ കുടിയേറ്റക്കാരായിരിക്കാം എന്ന സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നതാണ് ഈ സവിശേഷമായ ഭാഷാ സംയോജനം. ഭക്ഷ്യ വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനും വന്യജീവി ഭീഷണി തടയുന്നതിനുമുള്ള ഒരു തന്ത്രമായ ചെറിയ, ചിതറിക്കിടക്കുന്ന ജനവാസ കേന്ദ്രങ്ങളിലാണ് അവർ സാധാരണയായി താമസിക്കുന്നത്. മുളകൊണ്ട് നിർമ്മിച്ച അവരുടെ പരമ്പരാഗത ഓല മേഞ്ഞ കുടിലുകൾ നിലത്തോടു ചേർന്നതും തുറസ്സായ വിപുലീകരണങ്ങളുമുണ്ട്. അനുകൂലമായ കാലാവസ്ഥയിൽ, അവർ തീയുടെ അരികിൽ തുറന്ന സ്ഥലത്ത് ഉറങ്ങുന്നു. ചരിത്രപരമായി, വേട്ട കുറുമൻ വേട്ടയാടുന്നവരായിരുന്നു. വിത്തുകളും ഉപകരണങ്ങളും വാഗ്ദാനം ചെയ്യുന്ന സാമൂഹിക പ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ കൃഷിചെയ്യുന്നത് അവർ പരിശീലിക്കുന്നു. അവരുടെ വിശ്വാസ സമ്പ്രദായം പിശാച് ആരാധനയിലും ടോട്ടമിസത്തിലും ആഴത്തിൽ വേരൂന്നിയതാണ്.
വയനാട് കാടർ:കേരളത്തിലെ വയനാട് ജില്ലയിൽ മാത്രം വസിക്കുന്ന ഒരു വ്യതിരിക്ത തദ്ദേശീയ സമൂഹമാണ് വയനാട് കാടർ എന്നറിയപ്പെടുന്ന കാടർ. അവരുടെ കണക്കാക്കിയ ജനസംഖ്യ ഏകദേശം 2,949 വ്യക്തികളാണ് (2011 സെൻസസ്). അവർക്ക് അവരുടെ സമൂഹത്തിൽ ഉപവംശങ്ങളോ, സ്ഥാനപ്പേരുകളോ,പര്യായങ്ങളോ ഇല്ല. ആശയവിനിമയത്തിന് മലയാളം ആണ് അവരുടെ പ്രാഥമിക ഭാഷ. എഴുത്ത് ആവശ്യങ്ങൾക്കായി അവർ മലയാളം ലിപി ഉപയോഗിക്കുന്നു. ഭൂമി അവരുടെ പ്രധാന സാമ്പത്തിക ഉറവിടമാണ്. പാരമ്പര്യമായി അവർ വേട്ടക്കാരും കൊട്ട നെയ്യുന്നവരും ആയിരുന്നു. ഇന്ന് അവർ ദിവസ വേതന ജോലിക്കാക്കാരായും കൃഷി, മൃഗ സംരക്ഷണം, കൊട്ട നിർമാണം എന്നീ ജോലികളിലും ചിലർ സർക്കാർ സ്വകാര്യ മേഖലകളിലും ജോലി ചെയ്യുന്നു. കൊടുങ്ങല്ലൂർ കാളിയും കരിയാത്തനും അവരുടെ കുലദൈവങ്ങൾ ആണ്. കൂടാതെ മലങ്കാളിയേയും കുളിയൻ ഗുളികനേയും ശിവനേയും ആരാധിക്കുന്നു. കൊടുങ്ങല്ലൂർ, ശബരിമല, പളനി എന്നിവ അവരുടെ പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രങ്ങൾ ആണ്. വയനാട് കാടർ ഓണം, വിഷു, ശിവരാത്രി, മകം എന്നീ പ്രധാനപ്പെട്ട ഉത്സവങ്ങൾ ആഘോഷിക്കുന്നു.