Kerala Forest Department

ദേശീയോദ്യാനങ്ങൾ

ജൈവവൈവിധ്യം സംരക്ഷിക്കുകയും വന്യജീവികളെയും അവയുടെ ആവാസവ്യവസ്ഥയെയും പരിപാലിക്കുകയും ചെയ്യുന്ന പ്രത്യേക ഇടങ്ങളാണ്  ദേശീയോദ്യാനങ്ങൾ. അതിനൊപ്പം  ഗവേഷണം, വിദ്യാഭ്യാസം, ടൂറിസം എന്നിവയ്ക്കുള്ള അവസരം കൂടി പ്രദാനം ചെയ്യുന്നു. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 35, 38 വകുപ്പുകൾ പ്രകാരം ദേശീയോദ്യാനങ്ങൾ പ്രഖ്യാപിക്കാനും സ്ഥാപിക്കാനുമുള്ള അധികാരം സംസ്ഥാന-കേന്ദ്ര സർക്കാരുകളിൽ നിക്ഷിപ്ത മാണ്. ഈ നിയമത്തിന്റെ 36 & 37 വകുപ്പുകൾ വന്യജീവി സങ്കേതങ്ങൾക്കകത്തെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കാനും അത് വഴി  അവയുടെ സംരക്ഷണത്തിന് മുൻഗണന നൽകാനും നിർദ്ദേശിക്കുന്നു.

വന്യജീവി സംരക്ഷണ നിയമത്തിലെ 35-ആം  വകുപ്പാണ് ദേശീയോദ്യാനങ്ങളായി പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നത്. വന്യജീവി സംരക്ഷണത്തിനും പാരിസ്ഥിതിക സംരക്ഷണത്തിനും നിർണായകമെന്ന് കരുതപ്പെടുന്നതോ, സവിശേഷമായ സസ്യജന്തുജാലങ്ങളെ കണ്ടുവരുന്നതോ  ഭൂമിശാസ്ത്രപരമായ സവിശേഷത കളുള്ളതോ ആയ  പ്രദേശങ്ങളിൽ ഈ അധികാരം ബാധകമാണ്.  ഇത്തരത്തിൽ തിരഞ്ഞെടുത്ത ഒരു പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിക്കാനുള്ള ഉദ്ദേശത്തെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതും, തുടർന്ന് നിലവിലുള്ള അവകാശങ്ങളുടെയും അവകാശവാദങ്ങളുടെയും മേൽ  സമഗ്രമായ അന്വേഷണവും തീരുമാനവും നടത്തുന്നതും ഈ പ്രക്രിയയിൽ ഉൾപ്പെടുന്നു.

പൊതുവിൽ ദേശീയോദ്യാനങ്ങളായി പ്രഖ്യാപിക്കുന്നതിനുള്ള പ്രാഥമിക അധികാരം സംസ്ഥാന സർക്കാരുകൾക്കാണ്. എങ്കിലും നിയമത്തിന്റെ 38- ആം വകുപ്പ് ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രത്യേക പ്രദേശങ്ങളെ ദേശീയോദ്യാനമായി പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനും നൽകുന്നുണ്ട്. സംസ്ഥാന അതിർത്തികളെ മറികടന്ന് ദേശീയ പ്രാധാന്യമുള്ള പ്രദേശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതാണ് ഈ വ്യവസ്ഥ.

ആവാസ വ്യവസ്ഥയ്ക്കും വന്യജീവി സംരക്ഷണത്തിനും  മുൻഗണന നൽകുന്നതിനാൽ, പാരിസ്ഥിതിക ആഘാതം പരമാവധി കുറയ്ക്കുക എന്ന ലക്‌ഷ്യം മുന്നിൽ വെച്ച്  ദേശീയോദ്യാനങ്ങൾക്കുള്ളിൽ പൊതുവെ മനുഷ്യരുടെ കടന്നുകയറ്റമോ കന്നുകാലി മേയ്ക്കലോ ഒരുവിധത്തിലുമുള്ള സ്വകാര്യ ഉടമസ്ഥാവകാശമോ  അനുവദനീയമല്ല. മാത്രമല്ല  വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾക്ക് ദേശീയോദ്യാനങ്ങൾ സുരക്ഷിത താവളമൊരുക്കുന്നു. അതിലൂടെ  അവയുടെ നിലനിൽപ്പ് ഉറപ്പാക്കുകയും പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും  മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രാധാന്യം നല്കുകയും ചെയ്യുന്നു.

ദേശീയോദ്യാനങ്ങളിൽ പരിസ്ഥിതിയെയും അതിന്റെ ആവാസ വ്യവസ്ഥ കളെയും പ്രകൃതി വിഭവങ്ങളേയും  സംരക്ഷിക്കുന്നതിനാൽ പ്രകൃതിയുടെ ശാസ്ത്രീയവും വിദ്യാഭ്യാസപരവും സൗന്ദര്യാത്മകവുമായ മെച്ചപ്പെടൽ സംഭവിക്കുന്നു. ഒപ്പം തന്നെ ഈ സംവിധാനങ്ങൾ  ഗവേഷണ സംരംഭങ്ങളും പരിസ്ഥിതി വിദ്യാഭ്യാസ പരിപാടികളും പ്രോത്സാഹിപ്പിക്കുന്നു. ഇത് വഴി പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്  ജനങ്ങളിൽ അവബോധം  വളർത്തുന്നു. ദേശീയോദ്യാനങ്ങൾ ക്കുള്ളിൽ നിയന്ത്രിത പ്രവേശനവും സുസ്ഥിര ടൂറിസവും അനുവദിക്കുക വഴി പരിസ്ഥിതിസംരക്ഷണ ആവശ്യങ്ങൾക്കുള്ള വരുമാനം ഉണ്ടാവുകയും അതേ സമയം പൗരന്മാർക്ക് പ്രകൃതിയെ ആസ്വദിക്കാനുള്ള അവസരം ലഭിക്കുകയും അവരിൽ അവബോധം വളരുകയും ചെയ്യുന്നു.

കേരളത്തിലെ ദേശീയോദ്യാനങ്ങൾ

ഇരവികുളം ദേശീയോദ്യാനം :

പശ്ചിമഘട്ടത്തിനോട് ചേർന്ന് ഇടുക്കി, എറണാകുളം ജില്ലകളിലായി 97 സ്ക്വയർ കിലോമീറ്ററിലാണ് ഇരവികുളം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ  സങ്കേതമാണ് ഇവിടം. ഏകദേശം 2,000 മീറ്റർ ഉയരമുള്ള ഒരു പീഠഭൂമിയാണ് ഉദ്യാനത്തിന്റെ പ്രധാന ഭാഗം. ചോലവനങ്ങളും ഉയരത്തിലുള്ള പുൽമേടുകളും പാർക്കിന്റെ സവിശേഷതയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി (2,695 മീറ്റർ) ഇരവികുളത്തിന്റെ ഭാഗമാണ്. വംശനാശഭീഷണി നേരിടുന്ന നീലഗിരി വരയാടുകൾ, സിംഹവാലൻ കുരങ്ങുകൾ, കാട്ടുപോത്ത്, മ്ലാവ്, പുള്ളിപ്പുലി, കടുവ തുടങ്ങി സുപ്രധാനമായ ഒരുപാട് ജീവിവർഗങ്ങൾ ഈ ഉദ്യാനത്തിലുണ്ട്. കരിഞ്ചെമ്പൻ പാറ്റാപിടിയൻ (black-and-orange flycatcher), മലവരമ്പൻ (Nilgiri pipit), വടക്കൻ ചിലുചിലപ്പൻ( Kerala laughingthrush) എന്നിവയുൾപ്പെടെ 132-ലധികം പക്ഷികളും  ഇരവികുളത്തുണ്ട്.  തീക്കണ്ണൻ തവിടൻ (red disk bushbrown), പളനി തവിടൻ (Telingadavisoni) തുടങ്ങി 101 ഇനം ചിത്രശലഭങ്ങളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.  12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി (Strobilanthes kunthiana), ഇരവികുളം ദേശീയോദ്യാനത്തിന്റെ അത്യാകർഷകമായ സവിശേഷതയാണ്. മലമേടുകളിൽ നീലവിരിപ്പിട്ടതു പോലെ കുറിഞ്ഞി പൂത്തത്  കാണാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്താറുള്ളത്. സെപ്റ്റംബർ മുതൽ നവംബർ വരെയും ഏപ്രിൽ മുതൽ ജൂൺ വരെയും ആണ്  സന്ദർശനത്തിന് അനുയോജ്യമായ സമയം.

സൈലന്റ് വാലി ദേശീയോദ്യാനം:

237.52 ച.കി.മീ വിസ്തീർണ്ണത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ കൂടുതലും മഴക്കാടുകളാണ്. കടുവകളുടെ എണ്ണത്തിന് പേരുകേട്ട ഇവിടം വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകളുടെ വാസസ്ഥലമാണ്.

ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനായ റോബർട്ട് വൈറ്റ് 1847-ൽ സൈലന്റ് വാലി പ്രദേശത്തിന്റെ നീർത്തടങ്ങളിലൂടെ  പര്യവേക്ഷണം നടത്തുകയും  ഇടതൂർന്ന വനങ്ങളിൽ സാധാരണയായി ഉണ്ടാവുന്ന ചീവീടുകളുടെ ശബ്ദം കേൾക്കുന്നില്ല എന്ന്  ശ്രദ്ധിക്കുകയും ചെയ്തു. അങ്ങനെയാണ്  ഇതിന് സൈലന്റ് വാലി എന്ന പേര് വന്നതെന്ന് കരുതപ്പെടുന്നു.  അതല്ല സൈരന്ധ്രിയെ ബ്രിട്ടീഷുകാർ സൈലന്റ് വാലി എന്ന് ആക്കിയതാണ്  എന്നും കഥയുണ്ട്.

തേക്ക്,നെല്ലി, രക്തചന്ദനം, മുള തുടങ്ങിയ വൈവിധ്യമാർന്ന വൃക്ഷ ഇനങ്ങൾ വളരുന്ന  നിത്യഹരിത വനങ്ങൾ ഈ പാർക്കിലുണ്ട്. ആനകൾ, സിംഹവാലൻ കുരങ്ങുകൾ, കരിങ്കുരങ്ങുകൾ, നീലഗിരി വരയാടുകൾ, കടുവകൾ, പുള്ളിപ്പുലികൾ, കരടികൾ, കാട്ടുപോത്ത് എന്നിങ്ങനെ ഏകദേശം 41 സസ്തനികൾ ഈ പ്രദേശത്ത് വസിക്കുന്നു. മൊത്തം 211 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുള്ളതിൽ  ഏകദേശം 30 എണ്ണം അപൂർവ ഇനങ്ങളാണ്. രാജ വെമ്പാല (King Cobra), കാട്ടുനീർക്കോലി (Beddome’s keelback), കാട്ടുവലയൻ പാമ്പ് (Ceylon cat snake) എന്നിവയുൾപ്പെടെ 25 ഇനം പാമ്പുകളുടെ ആവാസ കേന്ദ്രമാണ് ഈ താഴ്‌വര. കാട്ടാമ (Travancore tortoise), നീലഗിരി മലയോന്ത് (Horsfield’s spiny lizard) തുടങ്ങിയ അപൂർവയിനങ്ങളും ഇവിടെ വളരുന്നു. 730-ലധികം പ്രാണികളെയും 128 ചിത്രശലഭ ഇനങ്ങളേയും കണ്ടുവരുന്ന പാർക്കിൽ 128 ഇനം ഓർക്കിഡുകൾ ഉൾപ്പെടെ 1,000 ഇനം പൂച്ചെടികളുമുണ്ട്.  ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് സന്ദർശനത്തിന് അനുയോജ്യമായ സമയം.

ആനമുടി ചോല ദേശീയോദ്യാനം :

ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തോട് ചേർന്ന് 7.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ആനമുടി ചോല ദോശീയോദ്യാനം സ്ഥിതി ചെയ്യുന്നു.  മൂന്ന് വ്യത്യസ്ത ഉഷ്ണമേഖലാ പർവ്വത നിത്യഹരിത വനങ്ങൾ ഉൾപ്പെടുന്ന (മന്നവൻ ചോല, ഇടിവാര ചോല, പുല്ലാരഡി ചോല) ഈ ദേശീയോദ്യാനത്തിനുള്ളിൽ തൂവാനം വെള്ളച്ചാട്ടം, ചിന്നാർ നദി, പാമ്പാർ നദി തുടങ്ങിയവയും, കൂടാതെ ഒട്ടേറെ ആകർഷകമായ പ്രദേശങ്ങളുമുണ്ട്.  പശ്ചിമഘട്ടത്തിലെ ആനമല സബ് ക്ലസ്റ്ററിന്റെ ഭാഗമായ ആനമുടി ചോല ദേശീയോദ്യാനം 2003 നവംബർ 21-നാണ് സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കുന്നത്. മതികെട്ടാൻ ചോല  ദേശീയോദ്യാനം, ഇരവികുളം ദേശീയോദ്യാനം, പാമ്പാടും ചോല ദേശീയോദ്യാനം, ചിന്നാർ വന്യജീവി സങ്കേതം, കുറിഞ്ഞിമല സാങ്ച്വറി തുടങ്ങിയ സമീപ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഒരു വന്യജീവികേന്ദ്രമാണ് ഈ ദേശീയോദ്യാനം.

ആനകൾ, കടുവകൾ, നീലഗിരി വരയാടുകൾ, ഇന്ത്യൻ കാട്ടുപോത്ത്, പുള്ളിമാൻ, മ്ലാവ്, മലയണ്ണാൻ, ഹനുമാൻകുരങ്ങ് തുടങ്ങി നിരവധി ജന്തുജാലങ്ങളുടെയും മറ്റൊരിടത്തും കാണാത്ത അപൂർവ സസ്യ ഇനങ്ങളുടെയും ആവാസ കേന്ദ്രമാണ് ഇവിടം.  ഒക്ടോബർ മുതൽ മാർച്ച് വരെയാണ് സന്ദർശിക്കാൻ പറ്റിയ സമയം.

പാമ്പാടും ചോല ദേശീയോദ്യാനം :

11.75 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ ദേശീയോദ്യാനമാണ് പാമ്പാടും ചോല.  ഇടുക്കി ജില്ലയിലെ വട്ടവടയ്ക്ക് സമീപം പശ്ചിമഘട്ടത്തിന്റെ കിഴക്ക് ഭാഗത്താണ് പാമ്പാടും ചോല  ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 2003-ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.  വംശനാശഭീഷണി നേരിടുന്ന മരനായ (Nilgiri marten), പുള്ളിപ്പുലികൾ, ഇന്ത്യൻ കാട്ടുനായകൾ, കടുവകൾ എന്നിവ പാർക്കിലെ പ്രധാന മൃഗങ്ങളാണ്. നീലഗിരി മരപ്രാവ് (Nilgiriwood-pigeon), ചെറുവയറൻ ചോലക്കിളി (white-bellied shortwing), തത്തച്ചിന്നൻ (vernal hanging parrot) നീലഗിരി പാറ്റാപിടിയൻ (Nilgiri flycatcher) എന്നിവ ഇവിടുത്തെ ശ്രദ്ധേയമായ പക്ഷി ഇനങ്ങളിൽ ഉൾപ്പെടുന്നു. വിവിധതരം ഔഷധസസ്യങ്ങൾ തഴച്ചുവളരുന്ന പാർക്കിൽ ഗ്രാൻഡിസ് മരങ്ങളുടെ (ഒരിനം യൂക്കാലിപ്റ്റസ്)  അധിനിവേശം സംഭവിക്കുകയും അതു പ്രദേശത്തിന്റെ പരിസ്ഥിതിക്ക് വലിയ ഭീഷണിയായി മാറുകയും ചെയ്‌തിട്ടുള്ള സാഹചര്യത്തിൽ കേരള വനംവകുപ്പ് ഘട്ടംഘട്ടമായി ഈ പ്രദേശത്തിന്റെ സ്വാഭാവികത  പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

പശ്ചിമഘട്ടത്തിലെ ആനമല സബ് ക്ലസ്റ്ററിന്റെ ഭാഗമായ പാമ്പാടും ചോല ദേശീയോദ്യാനം ലോക പൈതൃക സൈറ്റായി തിരഞ്ഞെടുക്കുന്നതിന് യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് സന്ദർശിക്കാൻ പറ്റിയ സമയം.

മതികെട്ടാൻചോല  ദേശീയോദ്യാനം:

ഇടുക്കി ജില്ലയിൽ 12.82 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന മതികെട്ടാൻ ചോല ദേശീയോദ്യാനം ഒരു  സംരക്ഷിത പ്രദേശമാണ്. 2003 നവംബർ 21 ന് ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച മതികെട്ടാൻ ചോല ദേശീയോദ്യാനം, ഉടുമ്പൻചോല താലൂക്കിന്റെ ഭാഗമായ പൂപ്പാറ വില്ലേജിലാണ് സ്ഥിതി ചെയ്യുന്നത്. വ്യത്യസ്തമായ ചോല വനങ്ങളും  ആനത്താരകളും കണക്കിലെടുത്ത് സംസ്ഥാന സർക്കാർ  ഇതിനെ ഒരു ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു. ഇരവികുളം ദേശീയോദ്യാനത്തിനും പാമ്പാടും ചോല ദേശീയോദ്യാനത്തിനും ഇടയിലാണ് ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്.

വഴി തെറ്റിപ്പോകുന്ന കാട് അല്ലെങ്കിൽ എങ്ങോട്ടെന്നറിയാതെയുള്ള ആശയകുഴപ്പം ഉണ്ടാക്കുന്ന പ്രദേശം  എന്ന മിത്തിൽ നിന്നാണ് മതികെട്ടാൻ എന്ന പേരു വന്നത്.  ആനകൾ, കാട്ടുപോത്തുകൾ, കാട്ടുപന്നികൾ, മ്ലാവ്, കുരങ്ങുകൾ, കാട്ടുനായകൾ, കാട്ടുപൂച്ചകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ജീവിവർഗ്ഗങ്ങളെ ഈ ദേശീയോദ്യാനത്തിൽ കാണാവുന്നതാണ്.

Scroll to Top