മാനവ വിഭവശേഷി വിഭാഗത്തിന്റെ (എച്ച്.ആർ.ഡി) പ്രധാന പ്രവർത്തനങ്ങൾ
കേരള വനം വകുപ്പിലെ ഫോറസ്റ്റ് ഡ്രൈവർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, വൈൽഡ് ലൈഫ് അസിസ്റ്റന്റ്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ (FNTR) വിഭാഗം, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് വാച്ചർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കായി നിർബന്ധിത പരിശിലനം നൽകുക എന്നത് മാനവവിഭവശേഷി വിഭാഗത്തിന്റെ പരിപൂർണ്ണ ഉത്തരവാദിത്തമാണ്.
സംസ്ഥാന വന പരിശീലന കേന്ദ്രത്തിന്റെ (SFTI) പരിശീലനത്തിന്റെ ഗുണനിലവാരം മുൻനിര സംരക്ഷണ വിഭാഗം ജീവനക്കാരുടെ തൊഴിൽ ചെയ്യുന്ന പ്രദേശത്തെ പ്രകടനത്തെ നേരിട്ട് തന്നെ സ്വാധീനിക്കുന്നുണ്ട്. ആവശ്യത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും വിഷയ വിദഗ്ധരുടെ സേവനങ്ങളും ഇത്തരം പരിശീലനങ്ങൾ നടത്തുവാൻ SFTI-കൾക്ക് ആവശ്യമാണ്. മേൽപറഞ്ഞിട്ടുള്ള നിർബന്ധിത പരിശീലനങ്ങൾ കൂടാതെ വനം വകുപ്പിലെ മിനിസ്റ്റീരിയൽ, എക്സിക്യൂട്ടീവ് വിഭാഗം ജീവനക്കാർക്ക് നിരവധി പൊതുവായ നവീകരണ പരിശീലനങ്ങൾ, സേവനകാലത്തെ പരിശീലനങ്ങൾ മുതലായവ നൽകുന്നതിനും അതുവഴി വനമേഖലയിൽ കാലാനുസൃതമായി ഉണ്ടാകുന്ന വെല്ലുവിളികൾ നിറഞ്ഞ സന്ദർഭങ്ങളെ നേരിടുന്നതിനാവശ്യമായ തൊഴിൽ നൈപുണ്യത്തോടുകൂടിയ ജീവനക്കാരെ സൃഷ്ടിക്കുക എന്നതും മാനവവിഭവശേഷി വിഭാഗത്തിന്റെ ഉത്തരവാദിത്തമാണ്. IMG (കേരള), ഡയറക്ട്രേറ്റ് ഓഫ് ഫോറസ്റ്റ് എഡ്യൂക്കേഷൻ (ഡെറാഡൂൺ) ഡയറക്ടറേറ്റ്സ് ഓഫ് ഫോറസ്റ്റ് സർവ്വെ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്ഥാപനങ്ങൾ, CASFOS തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ പരിശീലനപരിപാടികൾ സുഗമമാക്കാനുള്ള ഒരു നോഡൽ ഏജൻസിയായും ഇത് പ്രവർത്തിക്കുന്നു. കൂടാതെ എല്ലാ വർഷവും നടക്കുന്ന ആൾ ഇന്ത്യ ഫോറസ്റ്റ് സ്പോർട്സ് മീറ്റിൽ പങ്കെടുക്കുന്നതിനുള്ള കേരള സംഘത്തെ തയ്യാറാക്കുന്നതും ഏകോപിപ്പിക്കുന്നതും മാനവവിഭവശേഷി വിഭാഗമാണ്. സെൻട്രൽ ലൈബ്രറിയും ഫോറസ്റ്റ് മ്യൂസിയവും HRD വിഭാഗം തന്നെയാണ് പരിപാലിക്കുന്നത്.
04/10/2004 തീയതിയിലെ സർക്കാർ ഉത്തരവ് (Rt) 411/2004/F&WLD പ്രകാരം HRDയുടെ കാര്യാലയം സ്വതന്ത്രകാര്യലയമായി സ്ഥാപിക്കപ്പെട്ടു. സംസ്ഥാന വനപരിശീലനകേന്ദ്രം അരിപ്പ, സംസ്ഥാന വനപരിശീലന കേന്ദ്രം വാളയാർ എന്നിങ്ങനെ രണ്ട് അനുബന്ധ സ്ഥാപനങ്ങളാണ് മാനവവിഭവശേഷി വിഭാഗത്തിനുള്ളത്.
വാളയാറിലെയും അരിപ്പയിലേയും സംസ്ഥാന വന പരിശീലനകേന്ദ്രങ്ങൾ, പി.റ്റി.പി നഗറിലുള്ള വന പരിശീലന കേന്ദ്രം, തിരുവനന്തപുരം ഫോറസ്റ്റ് മ്യൂസിയം, പരിശീലനാർത്ഥികൾക്കുള്ള ഹോസ്റ്റൽ കൂടാതെ തിരുവനന്തപുരം വനം വകുപ്പാസ്ഥാനത്തെ ഫോറസ്റ്റ് സെൻട്രൽ ലൈബ്രറിയും മാനവവിഭവശേഷി വിഭാഗം ഫോറസ്റ്റ് കൺസർവേറ്ററിന്റെ ഭരണ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.
ഇവ കൂടാതെ ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാഡമി ഡെറാഡ്യൂണിൽ IFS പ്രൊബേഷണറി ഉദ്യോഗസ്ഥർക്കായി സംഘടിപ്പിക്കുന്ന പരിശീനത്തിനുള്ള ഫീസും വേതനവും സാധാരണയായി മാനവവിഭവശേഷി വിഭാഗത്തിനായി അനുവദിക്കുന്ന പദ്ദതി വിഹിതത്തിൽ നിന്നാണ് കണ്ടെത്തുന്നത്.
വർഷംതോറുമുള്ള കേരള സംസ്ഥാന ഫോറസ്റ്റ് സ്പോർട്സ് മീറ്റിന്റെ നടത്തിപ്പും ഓൾ ഇന്ത്യ സ്പോർട്സ് മീറ്റിലെ പങ്കാളിത്തം ഉറപ്പാക്കലും മാനവവിഭവശേഷി വിഭാഗത്തിന്റെ നിർബന്ധിത പ്രവർത്തനമാണ്.
ലക്ഷ്യങ്ങൾ
പരിശീലനം ലഭിച്ച തൊഴിൽ നിപുണരെ സൃഷ്ടിച്ച് കേരളത്തിലെ റിസർവ് വനങ്ങളെയും സംരക്ഷിത പ്രദേശങ്ങളെയും മെച്ചപ്പെട്ട രീതിയിൽ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക.
മതിയായ പരിശീലനത്തിലൂടെയും നവീകരണ പരിശീലനങ്ങളിലൂടെയും കേരള വനം വകുപ്പിലെ മാനവവിഭവങ്ങളുടെ ശേഷി വർദ്ധിപ്പിക്കുക.
മാനവവിഭവശേഷി വിഭാഗം ഫോറസ്റ്റ് കൺസർവേറ്ററിന്റെ ചുമതലകളും ധർമ്മങ്ങളും
- കേരള വനം വകുപ്പിനാവശ്യമായ പരിശീലനപദ്ധതി തയ്യാറാക്കുക.
- പരിശീലനകേന്ദ്രങ്ങൾക്കും വന പരിശീലനകേന്ദ്രങ്ങൾക്കും വാർഷിക പരിശീലന കലണ്ടർ തയ്യാറാക്കുക.
- ഇൻഡക്ഷൻ, റിഫ്രഷർ കോഴ്സുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ.
- IMG, CASFOS, FSI തുടങ്ങിയ പ്രമുഖ ബാഹ്യ ഏജൻസികൾ വഴി പരിശീലനം നൽകുന്നതിനുള്ള ഒരു നോഡൽ ഏജൻസി ആയി പ്രവർത്തിക്കുക.
- സംസ്ഥാനത്തിനകത്തും പുറത്തും പരിശീലനത്തിന് വേണ്ടി ഉദ്യോഗസ്ഥരുടെ അന്യത്രസേവനവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങൾ.
- വിഷയ വിദഗ്തരുടെ പട്ടിക തയ്യാറാക്കുകയും അവരുടെ സേവനങ്ങൾ പരിശീലനത്തിനായി പ്രയോജനപ്പെടുത്തുകയും ചെയ്യുക.
- സംസ്ഥാന വനപരിശീലന കേന്ദ്രങ്ങളെയും വന പരിശീലന കേന്ദ്രങ്ങളെയും പരിപാലിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക.
- നടത്തുന്ന പരിശീലന പരിപാടികളെക്കുറിച്ചും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെക്കുറിച്ചും/പരിശീലനം ലഭിക്കേണ്ട ഉദ്യോഗസ്ഥരെക്കുറിച്ചുമുള്ള വിവരങ്ങൾ ക്രോഡീകരിച്ച പട്ടിക സൂക്ഷിക്കുക.
- പരിശീലന പരിപാടികൾ കൂടുതൽ മെച്ചപ്പെുടുത്തുന്നതിലേയ്ക്കായി കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പരിധിയിലുള്ള പരിശീലന സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുക.
- പരിശീലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ധനസഹായം ലഭിക്കുന്നതിന് പുതിയ പദ്ധതികൾ വികസിപ്പിക്കുക.
- ഫോറസ്റ്റ് സ്പോർട്സ്, ഗെയിംസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ
- ഫോറസ്റ്റ് സെൻട്രൽ ലൈബ്രറിയുടെ പരിപാലനവും നവീകരണവും.
- പി.റ്റി.പി നഗറിലുള്ള വനപരിശീലന സമുച്ചയത്തിന്റെ പരിപാലനവും നവീകരണവും.
- പി.റ്റി.പി നഗറിലുള്ള ഫോറസ്റ്റ് മ്യൂസിയത്തിന്റെ പരിപാലനവും മേൽനോട്ടവും.
- പി.റ്റിപി.നഗറിലെ പരിശീലനാർത്ഥികൾക്കുള്ള ഹോസ്റ്റലിന്റെ പരിപാലനവും മേൽനോട്ടവും
- ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് സർവ്വെ പരിശീലനങ്ങൾ ഏകോപിപ്പിക്കുക.
a) ഇൻഡക്ഷൻ പരിശീലനങ്ങൾ
ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കായി 6 മാസത്തെ ഇൻഡക്ഷൻ പരിശീലനമാണ് നടത്തുന്നത്. വനശാസ്ത്രവുമായ ബന്ധപ്പെട്ട വിഷയങ്ങളായ വനസസ്യശാസ്ത്രം, വനമാപന ശാസ്ത്രം, വനനിയമങ്ങളും ചട്ടങ്ങളും, വനയന്ത്രശാസ്ത്രം, വന്യജീവി പരിപാലനം, വനഭരണനിർവ്വഹണം, വനസംരക്ഷണം, സാമൂഹികവനവത്ക്കരണം, വനപരിപാലനം, വനവിനിയോഗം, ഐ.ടി ആപ്ലിക്കേഷൻ, പൊതു സിൽവികൾച്ചർ രീതികൾ, മണ്ണും ഈർപ്പ സംരക്ഷണം, പങ്കാളിത്ത വനപരിപാലനം തുടങ്ങിയവ ക്ലാസ്സ് റൂം തലത്തിലുള്ള പഠനത്തിലൂടെയും പ്രായോഗിക തലത്തിലുള്ള പരിശീലനത്തിലൂടെയും സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തപ്പെടുന്ന പഠനയാത്രകളിലൂടെയും നേടിയെടുക്കുന്നതിനുള്ള അവസരം 6 മാസകാലയളവിനുള്ളിൽ ഉള്ള പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
വനശാസ്ത്രത്തിലെ പ്രായോഗിക വശങ്ങളായ വനകുറ്റകൃത്യങ്ങൾ, സിൽവികൾച്ചർ പ്രവർത്തനങ്ങൾ, തടി അനുബന്ധ പ്രവർത്തനങ്ങൾ നഴ്സറികളിലെ സാങ്കേതിക വിദ്യകൾ എന്നിവ കൈകാര്യം ചെയ്യാൻ ആവശ്യമായ നൈപുണ്യം നേടുക എന്നതാണ് പഠനയാത്രകളുടെ പരമപ്രധാനമായ ലക്ഷ്യം. ശാരീരിക വ്യായാമം, പരേഡ്, ഗയിമുകൾ തുടങ്ങിയവയും പാഠ്യപദ്ദതിയുടെ ഭാഗമാണ്.
b) സേവനകാലപരിശീലനങ്ങൾ
തിരുവനന്തപുരം പി.ടി.പി. നഗറിലുള്ള ഫോറസ്ട്രി പരിശീലനകേന്ദ്രത്തിൽ ഹ്രസ്വകാല സേവന പരിശീലന കോഴ്സുകൾ താഴെപറയുന്ന വിഭാഗം ഉദ്യോഗസ്ഥർ/ജീവനക്കാർക്കായി സംഘടിക്കപ്പെട്ടിരിക്കുന്നു.
- i. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ
ii റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ
iii ഡെപ്യൂട്ടീ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ/ഡിപ്പോ ഓഫീസർ
iV സെക്ഷൻ ഫോറസ്റ്റ് ഓഫീസർ
v ബീറ്റ് ഫോറസ്റ്റ് ഓഫീസർ
vi സീനിയർ/ജൂനിയർ സൂപ്രണ്ട്/ഹെഡ് അക്കൗണ്ടന്റ്
vii പേഴ്സണൽ അസിസ്റ്റന്റ്/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്
viii ക്ലർക്ക്/സീനിയർ ക്ലർക്ക്
iX ഡ്രൈവർമാർ
c) മുൻനിര ജീവനക്കാർക്കായുള്ള റിഫ്രക്ഷൻ കോഴ്സുകൾ
മുൻനിരജീവനക്കാർക്കായി (ഡെപ്യൂട്ടി റെയിഞ്ചമാർ/സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ/ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ) എസ്.എഫ്.റ്റി.ഐ വാളയാറിലും എസ്.എഫ്.റ്റി.ഐ അരിപ്പയിലും റിഫ്രഷർ കോഴ്സുകൾ സംഘടിപ്പിക്കുന്നുണ്ട്.
d) എസ്.റ്റി.പി. പരിശീലനങ്ങൾ
2021-22 കാലയളവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പരിശീലന പരിപാടികളിൽ സംസ്ഥാന പരിശീലനനയം പ്രകാരം ഓൺലൈനായി പങ്കെടുത്തു പ്രയോജനപ്പെടുത്തുവാൻ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.
സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ
സംസ്ഥാന വനപരിശീലന കേന്ദ്രം, വാളയാർ
വനം വകുപ്പിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർക്കും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കും പരിശീലനം കൊടുക്കുന്നതിനായി 05/12/1961-ലെ സർക്കാർ ഉത്തരവ് (MS)1220/61/Agri പ്രകാരം വാളയാർ ആസ്ഥാനമാക്കി കേരള ഫോറസ്റ്റ് സ്കൂൾ നിലവിൽ വന്നു. പാലക്കാട് ജില്ലയിലെ വാളയാർ ഡാമിന്റെയും തമിഴ്നാടിന്റെയും അതിർത്തിയ്ക്കും അരികെയാണ് കേരള സംസ്ഥാന വനപരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ജില്ലാ ആസ്ഥാനത്തുനിന്നും 25 കീലോമീറ്ററും, പാലക്കാട് കോയമ്പത്തൂർ നാഷണൽ ഹൈവേ 47-ൽ നിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാവുന്നതാണ്. 03/11/2015-ലെ സർക്കാർ ഉത്തരവ് (MS)No.85/2015/F&WLD പ്രകാരം കേരള ഫോറസ്റ്റ് സ്കൂൾ വാളയാർ എന്നത് സ്റ്റേറ്റ് ഫോറസ്റ്റ് ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്,വാളയാർ എന്ന് പുനനാമകരണം ചെയ്യപ്പെട്ടു.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരുടെയും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെയും ആദ്യ ബാച്ച് 01/01/1962-ന് വാളയാറിൽ പരിശീലനം ആരംഭിച്ചു. വാളയാർ ഡാം കോളനിയുടെ ഭാഗമായിരുന്ന പൊതുമരാമത്ത് വകുപ്പിൽ നിന്ന് കൈമാറ്റം ചെയ്ത് കിട്ടിയ സ്ഥലത്തും കെട്ടിടങ്ങളിലുമായാണ് സംസ്ഥാന വനപരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. 18.2601 ഹെക്ടർ സ്ഥലം ഭൂമിയുടെ മൂല്യം നൽകി പൊതുമരാമത്ത് വകുപ്പ് കൈമാറ്റം ചെയ്യുകയുണ്ടായി. കൂടാതെ 1.3193 ഹെക്ടർ ഭൂമി കേരള വനം വകുപ്പിന്റെ അധീനതയിൽ മുൻപ് തന്നെ ഉണ്ടായിരുന്നു. ഇവിടെയാണ് യഥാർത്ഥ പരിശീലന കേന്ദ്രവും പരിസരവും ഉൾപ്പെടുന്നത്. ഈ ഭൂമിയിൽ ഉണ്ടായിരുന്ന അർദ്ധ-സ്ഥിര കെട്ടിടങ്ങൾ വനം വകുപ്പ് ഏറ്റെടുക്കുകയും, ക്വാർട്ടേഴ്സുകളായും, ഓഫീസ് കെട്ടിടങ്ങളായും ക്ലാസ് റൂമുകളായും ഹോസ്റ്റലുകളായും ഉപയോഗപ്പെടുത്തി.
കേരള വനം വകുപ്പിലെ മുൻനിരജീവനക്കാർക്ക് ഇൻഡക്ഷൻ പരിശീലനങ്ങൾ നൽകുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ധർമ്മം. കൂടാതെ മുൻനിരജീവനക്കാർക്ക് ഹ്രസ്വകാല റിഫ്രഷർ കോഴ്സുകളും (റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാർ, വൈൽഡ് ലൈഫ് അസിസ്റ്റന്റ്മാർ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ) സംഘടിപ്പിക്കുന്നുണ്ട്.
സംസ്ഥാന വനപരിശീലന കേന്ദ്രം, അരിപ്പ
അരിപ്പയിലെ കേരള ഫോറസ്റ്റ് സ്കൂൾ സർക്കാർ ഉത്തരവ് നം.GO(MS) 167/1981/വനം പ്രകാരം 01/09/1981 ന് പ്രവർത്തനമാരംഭിച്ചു. ശേഷം സംസ്ഥാന വന പരിശീലനകേന്ദ്രം എന്ന് പുനർനാമകരണം ചെയ്യുന്നത് സർക്കാർ ഉത്തരവ് നം GO(MS)No.85/2015/F&WLD പ്രകാരം 03/11/2015-നാണ്. ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ, സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ, വനം വകുപ്പിലെ ഡ്രൈവർമാർ, വൈൽഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ്-II ഉദ്യോഗസ്ഥന്മാർ. ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ചർമാർ, ഫോറസ്റ്റ് റെയിഞ്ചർമാർ എന്നിവർക്ക് നിർബന്ധിത പരിശീലനപരിപാടികൾ നടപ്പിലാക്കുകയെന്നതാണ് പ്രധാനലക്ഷ്യം. ഇത് കൂടാതെ വനം വകുപ്പിലെ മുൻനിര ഉദ്യോഗസ്ഥർക്കും മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥർക്കും ഹ്രസ്വകാല നവീകരണ പരിശീലന പരിപാടികൾ നടത്തുന്നുണ്ട്. 1981-ൽ 10 ഹെക്ടർ സ്ഥലത്താണ് ലോകബാങ്കിന്റെ സഹായത്തോടെ സാമൂഹ്യവനവൽക്കരണ പദ്ധതി പ്രകാരം അരിപ്പയിലെ വനപരിശീലന കേന്ദ്രം ആരംഭിക്കുന്നത്. 2012-16 കാലയളവിൽ ജപ്പാൻ ഇന്റർനാഷണൽ കോപ്പറേഷൻ ഏജൻസിയുടെ (JICA)സാമ്പത്തിക സഹായത്തോടെ അരിപ്പയിൽ പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തി, അതിൽ ട്രെയിനികൾക്കുള്ള ഹോസ്റ്റൽ (വനറാണി), പരിശീലകർക്കുള്ള ഹോസ്റ്റൽ, നിലവിലുള്ള നിർമ്മിതികളുടെ നവീകരണം (കുറിഞ്ഞി ഹോസ്റ്റൽ, രണ്ട് പരിശീലന ഹാളുകൾ, ഭരണ വിഭാഗം) എന്നിവ ഉൾപ്പെടുന്നു. സംസ്ഥാന വന പരിശീലനകേന്ദ്രത്തിന്റെ കീഴിൽ നിലവിൽ രണ്ട് ക്യാമ്പസുകൾ (SFTI&FTC) രണ്ട് കിലോമീറ്റർ അകലെയായി പ്രവർത്തിക്കുന്നുണ്ട്.
ഫോറസ്ട്രി പരിശീലന/ട്രെയിനിംഗ് കേന്ദ്രം, അരിപ്പ
അരിപ്പയിലെ ഫോറസ്ട്രി പരിശീലനകേന്ദ്രം സർക്കാർ ഉത്തരവം നം. GO(MS)111/89/F&WLD പ്രകാരം 20/04/1990-ന് അരിപ്പയിലെ സാമൂഹ്യവനവൽക്കരണ വിഭാഗത്തിന്റെ കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. 05/10/1978 തീയതിയിലെ സർക്കാർ ഉത്തരവ് നം. GO(MS)268/78/AD പ്രകാരം, 22/01/1979-ന് പരിശീലന കേന്ദ്രത്തോടുകൂടി ഫയർ ഡിപ്പോ കുളമാവിൽ പ്രവർത്തനമാരംഭിച്ചു. കേരള വനം വകുപ്പിലെ ജീവനക്കാർക്ക് ആധുനിക അഗ്നി ശമന സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രം ആരംഭിച്ചത്. ഈ കേന്ദ്രം സർക്കാർ ഉത്തരവ് (Rt)194/88/GAD തീയതി 23/05/1988 പ്രകാരം അരിപ്പയിലെ സാമൂഹ്യവനവൽക്കരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും നിലവിൽ ഈ കേന്ദ്രം പ്രവർത്തിക്കുന്നില്ല.
ഫോറസ്ട്രി പരിശീലന കേന്ദ്രം, പി.ടി.പി.നഗർ, തിരുവനന്തപുരം
2001-02 കാലയളവിൽ കേരള ഫോറസ്ട്രി പദ്ധതി പ്രകാരം ലോകബാങ്കിന്റെ സഹായത്തോടെയാണ് സ്ഥാപിതമായത്. വനം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഹ്രസ്വകാല നവീകരണ പരിശീലന പരിപാടികൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നത്.
വന മ്യൂസിയം, പി.ടി.പി.നഗർ, തിരുവനന്തപുരം
മാനവ വിഭവശേഷി വിഭാഗമാണ് വന മ്യൂസയത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നത്.
ഫോറസ്റ്റ് സെൻട്രൽ ലൈബ്രറി, വനം വകുപ്പാസ്ഥാനം
വനം വകുപ്പാസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് സെൻട്രൽ ലൈബ്രറിയുടെ നടത്തിപ്പും വനം വകുപ്പിലെ മാനവവിഭവ ശേഷി വിഭാഗമാണ്.