തേയില, കാപ്പി, റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ നാണ്യവിളകളുടെ വലിയതോതിലുള്ള തോട്ടങ്ങൾ സ്ഥാപിക്കപ്പെടുകയും ഭൂപ്രകൃതിയെത്തന്നെ മാറ്റി മറിയ്ക്കുകയും കൊളോണിയൽ ഭരണകൂടത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്ത കൊളോണിയൽ ഭരണകാലഘട്ടത്തിന്റെ സമ്പന്നമായൊരു ചരിത്രം കേരളത്തിലെ പ്ലാന്റേഷൻ ഫോറസ്ട്രിയ്ക്കുണ്ട്. തടി, തടിഉൽപ്പന്നങ്ങൾ എന്നിവയുടെ ആവശ്യം ഏറി വരുന്നത്, സംസ്ഥാന സർക്കാരും വിവിധ സംഘടനകളും ഉപയോഗ ശൂന്യമായിക്കിടന്ന സ്ഥലങ്ങളിൽ അതിവേഗം വളരുന്ന തടിയിനങ്ങളെ വളർത്തുന്ന രീതി പ്രോത്സാഹിപ്പിയ്ക്കുന്നതിലേക്ക് നയിച്ചു. ഇത്തരം പരിശ്രമങ്ങൾ സ്വാഭാവിക വനങ്ങളുടെ സമ്മർദ്ദം കുറയ്ക്കാനും പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകാനും അത് ഇടയാക്കി.
കൊളോണിയൽ കാലഘട്ടത്തിലും സ്വാതന്ത്രാനന്തര കാലഘട്ടത്തിലും കേരളത്തിലെ വനപരിപാലനം വനം അധിഷ്ഠിത വ്യവസായങ്ങൾക്ക് അസംസ്കൃതവസ്തുക്കൾ നൽകുന്നതിന് മുൻഗണന നൽകി. ഇത് അക്കേഷ്യ മാഞ്ചിയം, അക്കേഷ്യ ഓരിക്കലോഫോര്മിസ്, യൂക്കാലിപ്റ്റസ്, പൈൻ തുടങ്ങിയ ഇനങ്ങളുള്ള വ്യാവസായിക ഏകവിള തോട്ടങ്ങൾ സ്ഥാപിക്കുന്നതിലേയ്ക്ക് വഴി തെളിച്ചു. സാമ്പത്തികമായ മെച്ചം ഇത് ഉണ്ടാക്കിയെങ്കിലും ഒട്ടേറെ പാരിസ്ഥിതിക ആഘാതങ്ങൾ സൃഷ്ടിക്കുന്നതിനും ആവാസവ്യവസ്ഥയുടെ തകർച്ചയ്ക്കും ഇത് ഇടവരുത്തി. വനനയങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടായപ്പോൾ വനനയങ്ങൾ ജൈവവൈവിധ്യ സംരക്ഷണ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയും കാലാവസ്ഥാവ്യതിയാനവും ജലശാസ്ത്രസേവനങ്ങൾ മെച്ചപ്പെടുത്തുക എന്നതും ഉയർത്തിക്കാട്ടുകയും ചെയ്തു.
സമീപകാലങ്ങളിൽ കാർഷിക വനവത്ക്കരണങ്ങൾ പാരിസ്ഥിതിക പുനരുദ്ധാരണം, സംരക്ഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഒരു സുസ്ഥിര പ്ലാന്റേഷൻ ഫോറസ്ട്രിയ്ക്ക് കേരളം ഊന്നൽ നൽകിയിട്ടുണ്ട്. ജൈവവൈവിധ്യവും ആവാസവ്യവസ്ഥയുടെ സേവനവും സംരക്ഷിക്കുന്നതിനൊപ്പം ഉത്പാദനക്ഷമത വർദ്ധിപ്പിയ്ക്കുന്നതിനായി ആധുനിക സങ്കേതങ്ങളുമായി പരമ്പാരാഗത രീതികളെ സമന്വയിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു. ജൈവവൈവിധ്യം, ആവാസ വ്യവസ്ഥയുടെ പ്രതിരോധം, ജലശുദ്ധീകരണം, കാർബൺ സംഭരണം, വിവിധ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ തനത് രീതിയിൽ നിലനിർത്തുക തുടങ്ങിയ പാരിസ്ഥിതിക നേട്ടങ്ങൾ വർദ്ധിപ്പിയ്ക്കുന്നതിനായുള്ള ലക്ഷ്യം വെച്ചുകൊണ്ട് സംസ്ഥാനം വിദേശ ഏകവിളത്തോട്ടങ്ങളെ ഘട്ടംഘട്ടമായി ഒഴിവാക്കുകയും അവിടെ പ്രകൃതിദത്ത വനങ്ങൾ പുന:സ്ഥാപിയ്ക്കുകയും ചെയ്യുന്നു.