ഫോറസ്ട്രി എഡ്യൂക്കേഷൻ ഡയറക്ട്രേറ്റിന് കീഴിലുള്ള വന വിദ്യാഭ്യാസം
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന് (MOEF &CC) കീഴിലുള്ള ഡയറക്ട്രേറ്റ് ഓഫ് ഫോറസ്ട്രി എഡ്യൂക്കേഷൻ (DFE) ആണ് ഇന്ത്യയിലെ വനവിദ്യാഭ്യാസത്തിനും പരിശീലനത്തിനും മേൽനോട്ടം വഹിക്കുന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡ്യൂണിലുള്ള ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി (IGNFA) കൂടാതെ വിവിധ സെൻട്രൽ അക്കാഡമി ഫോർ സ്റ്റേറ്റ് ഫോറസ്റ്റ് സർവ്വീസ്(CASFOS) തുടങ്ങിയവ DFE-യുടെ നിയന്ത്രണത്തിലുള്ള പ്രധാന സ്ഥാപനങ്ങളാണ്.
വിവിധ ഔദ്യോഗിക ഘട്ടങ്ങളിൽ മികച്ച നിലവാരമുള്ള ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഉദ്യോഗസ്ഥരെ വാത്തെടുക്കുന്നതിനായി വനം, വന്യജീവിപരിപാലനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ കോഴ്സുകളും പരിശീലനപരിപാടികളും നടത്തുന്ന സ്ഥാപനമാണ് IGNFA.
സ്റ്റേറ്റ് ഫോറസ്റ്റ് സർവ്വീസ് ഉദ്യോഗസ്ഥർക്ക് (SFS) സംസ്ഥാനതല വനപരിപാലനത്തിലൂന്നിയുള്ള വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്ന സ്ഥാപനമാണ് CASFOS. ഡെറാഡ്യൂൺ, കോയമ്പത്തൂർ, ആസാമിലെ ബേണിഹട്ട് എന്നിവിടങ്ങളിലാണ് CASFOS സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത്.
പശ്ചിമബംഗളിലെ കുർസിയോങിലുള്ള സെൻട്രൽ അക്കാദമി ഓഫ് ഫോറസ്റ്റ് എഡ്യൂക്കേഷൻ (CAFÉ) കോളേജിലും റേഞ്ചേഴ്സ് പരിശീലനം നടത്തുന്നുണ്ട്. അടുത്തിടെ ഈ സ്ഥാപനം IIFM ഭോപാലിലേയ്ക്ക് (05.03.2024) മാറ്റിയിട്ടുണ്ട്.
ഇന്ത്യയിൽ മെച്ചപ്പെട്ട വന വിദ്യാഭ്യാസവും പരിശീലനവും നൽകുക വഴി കാര്യക്ഷമമായ വനപരിപാലനത്തിന് വൈദഗ്ധ്യം നേടിയ ഉദ്യോഗസ്ഥരെ സജ്ജമാക്കുന്നത് ഈ സ്ഥാപനങ്ങളാണ്.