സുസ്ഥിരവും പാരിസ്ഥിതിക സന്തുലിതവുമായ ഭാവി സൃഷ്ടിച്ചെടുക്കുന്നതിൽ സ്വകാര്യവനങ്ങൾ നിർവഹിച്ചു വരുന്ന നിർണായക പങ്ക് തിരിച്ചറിഞ്ഞ കേരളസർക്കാർ, സംസ്ഥാനത്തെ സ്വകാര്യവനങ്ങളുടെ ഉടമസ്ഥതയേയും അവയുടെ പരിപാലനത്തെയും പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
സ്വകാര്യഭൂമിയിൽ വൃക്ഷത്തൈനടുന്നതിന് പ്രോത്സാഹനം നൽകുന്ന പദ്ധതി :
2012-ൽ ആരംഭിച്ച ഈ പദ്ധതി, കർഷകർക്കും ഭൂവുടമകൾക്കും അവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനായി സാമ്പത്തിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. നട്ടുപിടിപ്പിച്ച മരങ്ങളുടെ എണ്ണത്തെയും തിരഞ്ഞെടുക്കുന്ന ഇനത്തെയും അടിസ്ഥാനമാക്കുന്നതിനാൽ പ്രോത്സാഹന തുക വ്യത്യാസപ്പെട്ടിരിക്കും. മരങ്ങൾ നടുന്നത് പ്രോത്സാഹിപ്പിക്കുന്നതിലൂടെ, വനവിസ്തൃതി വർദ്ധിപ്പിക്കാനും ജൈവവൈവിധ്യം മെച്ചപ്പെടുത്താനും കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനും വനം വകുപ്പ് ലക്ഷ്യമിടുന്നു.
പദ്ധതിയുടെ ലക്ഷ്യങ്ങൾ:
- മരങ്ങൾ വളരുന്ന പ്രദേശങ്ങളുടെ വിസ്തൃതി വർദ്ധിപ്പിക്കുക.
- ആഗോളതാപനത്തിൻറെയും കാലാവസ്ഥാ വ്യതിയാനത്തിൻറെയും പ്രത്യാഘാതങ്ങൾ കുറക്കുക.
- സംസ്ഥാനത്തിന് ആവശ്യമായ തടിയുടെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക.
- നിലവിൽ തോട്ടങ്ങളിൽ നിന്ന് ലഭ്യമാകുന്നതിനു പുറമെ വീടുകളുടെ പരിസരങ്ങളിൽ നിന്ന് കൂടി തടി ലഭ്യമാക്കി നിലവിലെ വിളകളുടെ വിലയിലെ ഏറ്റകുറച്ചിലുകൾക്കെതിരെ സംരക്ഷണം നൽകുക.
- ഒരു മികച്ച കാർഷികരീതിയായി വൃക്ഷം വളർത്തലിനെ പ്രോത്സാഹിപ്പിച്ചു വളർത്തിക്കൊണ്ടു വരുക.
പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള വൃക്ഷയിനങ്ങൾ:
തേക്ക്
ചന്ദനം
മഹാഗണി
ആഞ്ഞിലി
പ്ലാവ്
ഈട്ടി
കമ്പകം
കുമ്പിൾ
കുന്നിവാക
തേമ്പാവ്
കൂടുതൽ വിശദാംശങ്ങൾക്ക്ഇവിടെക്ലിക്ക്ചെയ്യുക….
https://forest.kerala.gov.in/images/flash/incentivisation15102012.pdf